ADVERTISEMENT

രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകനാരാണ് എന്നൊരു അഭിപ്രായ സർവേ നടത്തിയാൽ സംശയലേശമെന്യേ ഒന്നാം സ്ഥാനത്തു വരിക മുഹമ്മദ് റഫി ആയിരിക്കും. ഹിന്ദി ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം രാജ്യമെമ്പാടും നേടിയ പ്രശസ്തിക്കു തുല്യം മറ്റൊരാളില്ല. സിദ്ധിയുടെ കാര്യത്തിൽ യേശുദാസിനെ അദ്ദേഹത്തിനൊപ്പമോ മുകളിലോ വിലയിരുത്തുന്നവരുണ്ട്. പക്ഷേ, സിദ്ധിയും പ്രശസ്തിയും ചേരുമ്പോൾ രാജ്യത്ത് ഒന്നാമൻ റഫി തന്നെ.

എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഹിന്ദി സിനിമാലോകം അദ്ദേഹത്തിന്റെ ഈ മേന്മ അംഗീകരിച്ചിരുന്നോ? ചലച്ചിത്ര പിന്നണി ഗാനരംഗത്തെ ഏറ്റവും വലിയ അംഗീകാരമായ ദേശീയ അവാർഡിന്റെ കാര്യമെടുക്കൂ. ഗായകരിൽ ഒന്നാം സ്ഥാനത്ത് യേശുദാസാണ്. ഏഴു തവണ! ആറ് അവാർഡുമായി എസ്.പി.ബാലസുബ്രഹ്മണ്യം രണ്ടാം സ്ഥാനത്തുണ്ട്. ഉദിത് നാരായണനും ശങ്കർ മഹാദേവനും മൂന്നു തവണ വീതം ദേശീയ പുരസ്കാരം ലഭിച്ചു. ഹരിഹരനു രണ്ടു തവണ. നമ്മുടെ എം.ജി.ശ്രീകുമാറിനും കിട്ടി രണ്ടു തവണ. (‘നാദരൂപിണി...’ – ഹിസ് ഹൈനസ് അബ്ദുല്ല, ‘ചാന്ത് പൊട്ടും...’– വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും).

ഗായികമാരിൽ ആറ് അവാർഡുമായി ചിത്ര ഒന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്കർക്കു മൂന്ന് അവാർഡ്. 

എന്നാൽ, മുഹമ്മദ് റഫി എന്ന മഹാഗായകനു വെറും ഒരു തവണയാണു ദേശീയ പുരസ്കാരം ലഭിച്ചത്! 1977ൽ ‘ഹം കിസി സേ കം നഹി’ എന്ന ചിത്രത്തിൽ സുഷമാ ശ്രേഷ്ഠിനൊപ്പം പാടിയ ‘ക്യാ ഹുവാ തേരാ വാദാ..’ എന്ന ഗാനത്തിന്. രചന: മജ്റൂഹ് സുൽത്താൻപുരി.

ദേശീയ ചലച്ചിത്ര പുരസ്കാര സമിതി എന്തുകൊണ്ടോ കടുത്ത അവഗണനയാണ് റഫിയോടു പുലർത്തിയത്. ദേശീയ അവാർഡിനു പത്തു വർഷം മുൻപ് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു എന്നതാണു കൗതുകം. എന്നിട്ടും ഉടനെയൊന്നും അവാർഡ് പണ്ഡിതർ കനിഞ്ഞില്ല. അതിനകം ആറു ഫിലിം ഫെയർ അവാർഡ് അദ്ദേഹം നേടിയിരുന്നു എന്നതും ഇതോടു കൂട്ടിവായിക്കണം.

‘ക്യാ ഹുവാ തേരാ വാദാ...’ എന്ന ഗാനത്തിന് പുരസ്കാരം നൽകി അദ്ദേഹത്തെ അപമാനിക്കുകയായിരുന്നു എന്നു കരുതുന്നവരുമുണ്ട്. ആദ്യകാരണം അതൊരു യുഗ്മഗാനമാണ് എന്നതാണ്. യുഗ്മഗാനങ്ങൾ സാധാരണ ഇത്തരം പുരസ്കാരങ്ങൾക്കു പരിഗണിക്കാറില്ല. റഫി പാടിയ നൂറുകണക്കിന് ഉജ്വല ഗാനങ്ങളുമായി താരതമ്യം ചെയ്താൽ ഇതൊരു സാധാരണ പാട്ടു മാത്രമാണെന്നതാണു മറ്റൊരു കാരണം. ശരാശരി ശേഷിയുള്ള ഒരു പാട്ടുകാരന് പാടിയൊപ്പിക്കാവുന്ന ഗാനം. ഗാനമേളകളിലെ സ്ഥിരം നമ്പർ. അത്ര സിദ്ധിയേ ഈ പാട്ടിനു വേണ്ടൂ. ഒരു ഹോട്ടൽ പാർട്ടിയാണു സിനിമയിലെ ഗാനരംഗംപോലും. നൗഷാദിന്റെ ‘ദുനിയാ കെ രഖ്‌വാലേ...’ പോട്ടെ, റഫിക്ക് ആദ്യ ഫിലിം ഫെയർ പുരസ്കാരം കിട്ടിയ ‘ചൗധ്‌വീൻ കാ ചാന്ത് ഹോ...’ (സംഗീതം: ബോംബെ രവി) എന്ന ഗാനത്തിന്റെ പോലും ഏഴയലത്തു നിൽക്കാൻ മികവില്ലാത്ത ഗാനം.

എന്തായാലും ഒരു ദേശീയ പുരസ്കാരമെങ്കിലും കൊടുക്കാൻ കഴിഞ്ഞതു നന്നായി. അല്ലെങ്കിൽ ഈ മഹാഗായകനോടു കടുത്ത അനീതിയും നന്ദികേടും പുലർത്തിയതിന്റെ മഹാമാനക്കേട് ദേശീയ അവാർഡ് നിർണയ സമിതിക്ക് മാറാകളങ്കമായേനേ.  

ഹിന്ദിസിനിമയിലെ മുഹമ്മദ് റഫി തരംഗത്തിന് കിഷോർ കുമാറിലൂടെ തടയിട്ടത് ആർ.ഡി.ബർമൻ എന്ന സംഗീതസംവിധായകൻ ആയിരുന്നു. തന്റെ പിതാവ് എസ്‍.ഡി.ബർമന്റെ ഇഷ്ടങ്ങളെപ്പോലും മറികടന്ന് തന്റെ മികച്ച ഈണങ്ങളെല്ലാംതന്നെ കിഷോർ കുമാറിന് അദ്ദേഹം നൽകി. കിഷോർ കൊടുങ്കാറ്റിൽ റഫി തെല്ലൊന്നുലഞ്ഞു എന്നതു സത്യവുമാണ്. ഈ ദേശീയ അവാർഡ് ആർ.ഡി.ബർമന് ഒരു കടംതീർക്കലായി. ‘ക്യാ ഹുവാ തേരാ വാദാ...’ എന്ന ഗാനത്തിന്റെ സംഗീതസംവിധായകൻ അദ്ദേഹമായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com