‘അത് ശരിയായില്ല, ഒരു അവസരം കൂടി വേണം’; കണ്ഠനാളത്തിൽ ചോര പൊടിഞ്ഞിട്ടും വീണ്ടും പാടണമെന്ന് വാശിപിടിച്ച റഫി!
Mail This Article
കേച്ചേരിപ്പുഴ ഇങ്ങനെ പ്രണയമായൊഴുകുമ്പോൾ അതിന്റെ ഓളങ്ങളെ നെഞ്ചേറ്റിയ എഴുത്തഴകിൽ പ്രണയം എത്ര തുളുമ്പി. അഴകിന്റെ ഭാവങ്ങൾ ഭാവനകളെയും ചിറകേറ്റി കാതങ്ങളെത്ര പറന്നു. അതെ, യൂസഫലി എഴുതുമ്പോഴൊക്കെ പ്രണയത്തിന് വല്ലാത്തൊരഴകുതന്നെ ആയിരുന്നു. ഇത്ര മധുരിക്കുമോ പ്രേമം, ഇത്ര കുളിരേകുമോ എന്നു ചോദിച്ച കവി പക്ഷേ, എപ്പോഴൊക്കെയോ തിരുത്തുകയും ചെയ്തിട്ടുണ്ട് - പേരറിയാത്തൊരു നൊമ്പരമാണത്രേ പ്രേമം! പിന്നീട് പലപ്പോഴും ആ പ്രണയത്തിൽ ചിതറി വീഴുന്നുണ്ടായിരുന്നു നിഗൂഢമായ ഒരു നൊമ്പരപ്പാട്. അപ്പോഴും കേൾവികളിൽ പെയ്തിരുന്ന ആ കുളിര്. ഒട്ടും കുറവില്ലാതെ അതിങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
‘ഒരു രാഗമാല കോർത്തു സഖീ ബാഷ്പധാരയായ്...’ അന്ന് വല്ലാത്തൊരാവേശത്തിലായിരുന്നു ‘ധ്വനി’ക്കു (1988) വേണ്ടി പാട്ടെഴുതാനിരുന്നത്. ‘‘സംഗീതം ഉയിരും ഉടലുമായ ആ മനുഷ്യനെ ഞാനൊരുപാട് ആരാധിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു പാട്ടുചെയ്യാൻ വല്ലാതെ ആഗ്രഹിച്ചു.’’ മുഖവുരയില്ലാത്ത തുറന്നു പറച്ചിലിൽ തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ ആത്മസംതൃപ്തി. പുതുമ ആഗ്രഹിച്ച നവാഗത നിർമാതാവ് പാട്ടെഴുതിക്കാൻ വന്നപ്പോഴേ ഏറെനാളായി ഉള്ളിലുറഞ്ഞ തന്റെ ആഗ്രഹം യൂസഫലി അവതരിപ്പിച്ചു. ‘‘പിന്നെന്താ, നൗഷാദിനെ നമുക്ക് സംഘടിപ്പിക്കാം.’’ പണം മുടക്കാൻ മടിയില്ലാതിരുന്ന, മഞ്ഞളാംകുഴി അലി എന്ന നിർമാണ രംഗത്തെ പുതുമുഖത്തിന് ഒന്നു ശ്രദ്ധേയനായിക്കൊണ്ടാവണമല്ലോ പുത്തൻ തട്ടകത്തിലേക്കു ചുവടു വയ്ക്കാൻ!
സംവിധായകൻ എ.ടി.അബുവിനേയും കൂട്ടി മുംബൈയിലെത്തി ഹിന്ദി ചലച്ചിത്രഗാന രംഗത്തെ നട്ടെല്ലായ നൗഷാദ് അലി എന്ന അദ്ഭുതത്തെ കാണുമ്പോൾ കവിയും നിർമാതാവുമൊക്കെ ഒന്നു പകച്ചുപോയിട്ടുണ്ടാവണം, ബോളിവുഡിന്റെ ആ അച്ചുതണ്ടിനെ ഭ്രമണം ചെയ്യാനെത്തുന്ന എണ്ണമറ്റ അതികായരെ കണ്ടിട്ട്! ‘‘മേം ഹിന്ദി കേ അതിരിക്‌ത് ഔർ കോയി ഭാഷാ മേം കാം നഹിം കർതേ.’’ കേരളത്തിന്റെ 'ഠ' വട്ടത്തിലെ സിനിമക്കാരുടെ ആവശ്യം കേട്ട്, ലഖ്നൗവിൽനിന്നു മുംബൈയിലെത്തി ബോളിവുഡ് കീഴടക്കിയ ഇതിഹാസം പക്ഷേ, തുറന്നടിച്ചു! പടിവാതിൽക്കൽ എല്ലാം തകർന്നടിയുന്നതു കണ്ട യൂസഫലി വല്ലാതെ തളർന്നു പോയി. ആ വികാരാധിക്യം കണ്ട നൗഷാദിലെ സഹൃദയത്വം മെല്ലെ ഉണർന്നു, ഹിന്ദിയിലല്ലാതെ മറ്റൊരു ഭാഷയിലും സംഗീതം ചെയ്യില്ലെന്ന അതുവരെയുണ്ടായിരുന്ന തീരുമാനം പിൻവലിക്കാൻ പിന്നെ വൈകിയില്ല. ‘‘അങ്ങ് ട്യൂൺ തന്നാൽ മതി, അതെങ്ങനെ ആയാലും വരികൾ ഞാൻ തരാം.’’ സിനിമയിൽ ആദ്യമായി ശാസ്ത്രീയസംഗീതം പരീക്ഷിച്ച സംഗീതകാരനോട് കവി കൂടുതൽ വിനയാന്വിതനായി.
ട്യൂൺ തയാറാക്കാനൊരുങ്ങിയ നൗഷാദിന് യൂസഫലി എന്ന കവിയെ എന്തുകൊണ്ടോ വല്ലാതങ്ങ് ബോധിച്ചു. ആ കണ്ണുകളിലെ തിളക്കത്തിൽ ബോളിവുഡ് സംഗീതത്തിലെ നിരന്തര പരീക്ഷണകാരന് വിശ്വാസമേറി. ആകാശത്തോളം വളർന്നുകഴിഞ്ഞ, പകരക്കാരനില്ലാത്ത സംഗീതകാരന്റെ മനസ്സു പെട്ടെന്നാണ് മുഷ്താഖ് ഹുസൈന്റെ ഓർക്കസ്ട്രയിലെ പഴയ പിയാനോ വായനക്കാരനിലേക്ക് ഒന്നു താണത്. പറഞ്ഞു കൊടുത്ത സന്ദർഭത്തെയും തെളിഞ്ഞു നിൽക്കേണ്ട ഭാവത്തേയും ഉൾക്കൊണ്ട് നൗഷാദ് ഈണം മൂളിത്തുടങ്ങി. കാതോർത്തിരുന്ന കവി മറ്റെല്ലാം മറന്നു. പാറിവന്ന ഈണത്തിനോട് ചേർത്തു വയ്ക്കാൻ പോന്ന വാക്കുകൾ എത്ര പെട്ടെന്നാണ് ഒന്നൊന്നായി പിറവി കൊണ്ടത്. ‘ഒരു രാഗമാല കോർത്തു സഖീ ബാഷ്പധാരയായ്.’ വാക്കുകൾ സംഗീതകാരന്റെ ട്യൂണിലേക്കാക്കി പാടിക്കേൾപ്പിക്കെ, കേട്ടിട്ടില്ലാത്ത ഭാഷയുടെ അർഥം അറിയാൻ അദ്ദേഹത്തിന് കൗതുകമായി. ‘‘സബാഷ്!’’ പറഞ്ഞു കൊടുത്ത അർഥത്തിന് ഉസ്താദ് ഗുർബത് അലിയുടെ ശിഷ്യനായ മഹാസംഗീതകാരന്റെ അഭിനന്ദനം പെട്ടെന്നായിരുന്നു. മലയാളത്തിന്റെ പാട്ടുപെരുമയെ നെഞ്ചേറ്റുന്ന ഓരോ ആസ്വാദകനും കനിഞ്ഞുകിട്ടിയ വരമായിരുന്നു പിന്നെപ്പിറന്ന ഓരോ വാക്കും വരിയും.
‘തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ.’ പ്രണയം ഇത്ര ഹൃദ്യമാവുന്ന മാന്ത്രികതയുടെ പേരായിരുന്നോ യൂസഫലി! ഒരു കവി കൂടിയായ നായകന് നായികയോടുള്ള പ്രണയത്തെയാണ് പറഞ്ഞു ഫലിപ്പിക്കേണ്ടത്. സംഗീതകാരൻ വരച്ചിട്ടു നൽകിയ അതിർവരമ്പുകൾ ലംഘിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ കവിക്കില്ല. പക്ഷേ, പറയേണ്ടവയ്ക്ക് കാവ്യഭംഗി കൂടിയേതീരൂ എന്നതിൽ കവി ഒരു വിട്ടുവീഴ്ചയ്ക്ക് ഒരുക്കവുമല്ല. പ്രണയത്തെ എത്രമേൽ ഭംഗിയാക്കണോ അത്രമേൽ ഭംഗിയാക്കുമെന്നുറപ്പിച്ച ആ തൂലിക ഏതോ ആവേശത്തെയും ആവാഹിച്ച് പിന്നെയും ചലിക്കുകയാണ് - ‘കവിൾ വാടിയാൽ സദാ തമസ്സെൻ കാവ്യയാത്രയിൽ.’ അപാരമായൊരു റേഞ്ചിലേക്ക് ആ പ്രണയത്തെ എത്തിക്കുന്നതിൽ കവി വിജയിച്ചു! പ്രണയിനിയുടെ മുഖം വാടിയാൽ ഇരുൾ വീഴുന്ന കാമുകന്റെ ജീവിതയാത്രയ്ക്ക് ഇരിക്കട്ടെ കേവലം ആസ്വാദകൻ മാത്രമായ എന്റെയൊരു കുതിരപ്പവൻ!
എണ്ണിയാലൊടുങ്ങാത്തത്ര ഭാവങ്ങളാണ് പ്രണയത്തിനുള്ളത് എന്ന് അതിനെ അറിഞ്ഞിട്ടുള്ളവർക്ക് നിശ്ചയമാണ്. പക്ഷേ, ആ വേദന. അതങ്ങോട്ട് പിടികിട്ടുന്നില്ല. ‘പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗവേദന.’ സംസാരശേഷിയില്ലാത്ത നായികയുടെ പ്രണയത്തെയും കവി വേദനയാക്കിയതിലെ യുക്തി ഒന്നു തിരയേണ്ടിയിരിക്കുന്നു. പ്രണയിക്കുമ്പോൾ, അതറിയിക്കുമ്പോൾ എങ്ങനെ വേദനയാകും. ഹാ?? യൂസഫലി തന്റെ തിരഞ്ഞെടുത്ത ചലച്ചിത്രഗാനങ്ങളുടെ ഒരു സമാഹാരത്തിനു പേരിട്ടത് ഇതോടൊപ്പമൊന്നു ചേർത്തുവായിക്കേണ്ടി വരും - ‘പേരറിയാത്തൊരു നൊമ്പരം’! ഏത് വൈകാരിക സന്ദർഭത്തെ പിൻപറ്റിയിട്ടാണെന്നറിയില്ല, പ്രണയത്തിന്റെ സൗന്ദര്യവുമായി സ്വപ്നങ്ങളെയാകെ അണിയിച്ചൊരുക്കിയ ആ തൂലികയ്ക്ക് പ്രണയം എങ്ങനെ ഒരു നൊമ്പരപ്പാടായി? എന്തായാലും അലയടിച്ചെത്തുന്ന വികാരവിചാരങ്ങളുടെ മൗനചേതനയെയും പേറി ഗാനഗന്ധർവന്റെ അനുപമ സ്വരഭംഗിയിൽ പാട്ടിങ്ങനെ ഒഴുകുകയാണ്. മലയാളത്തിന്റെ മാറിൽ ചാർത്തപ്പെട്ട അതിമനോഹരമായൊരു ഗാനഹാരം.
‘ജിസ് രാത് കേ ഖ്വാബ് ആയേ...’ പാട്ട് പിറന്നെങ്കിലും വെള്ളിത്തിര കാണാതെ പോയ, റാഫി അനശ്വരമാക്കിയ ‘ഹബ്ബാ ഖാത്തൂനി’ലെ സ്വന്തം സൃഷ്ടി. പത്തുദിവസത്തോളം നീണ്ട മുംബൈയിലെ സഹവാസത്തിനിടെ നൗഷാദ് സാബിന്റെ ചുണ്ടിൽ എപ്പഴോ ആ പല്ലവിയുണർന്നു. ഈണം കേട്ട് അദ്ഭുതം കൂറിയ യൂസഫലിയുടെ മുഖത്തേക്കുനോക്കി, അഭ്രപാളികൾക്ക് അന്യമായിപ്പോയ തന്റെ സൃഷ്ടിയെപ്പറ്റി ആ വലിയ സംഗീതകാരൻ ഒന്നു ഗദ്ഗദപ്പെട്ടു. ‘‘അങ്ങയുടെ ഈ ഈണത്തിന് ഞാനൊന്ന് വരികൾ കുറിക്കട്ടെ?’’ നിറഞ്ഞ സ്നേഹത്തോടെ വിടർന്ന പുഞ്ചിരിയുമായി ആ കൈകൾ എഴുത്തുകാരന്റെ തോളിൽ രണ്ടുവട്ടം പതിഞ്ഞു - ‘‘സരൂർ’’. ഒരു ഘട്ടത്തിലും
വാക്കുകൾക്ക് ക്ഷാമം നേരിടേണ്ടി വന്നിട്ടില്ലാത്ത തൂലികയിൽ പ്രണയ നീലിമ പറന്നിറങ്ങാൻ പിന്നെ വൈകിയില്ല. ‘അനുരാഗ ലോല ഗാത്രി, വരവായി നീല രാത്രി...’
‘ഓ ദുനിയാ കേ രഖ് വാലേ.’ രാഗദർബാരിയിൽ മുഹമ്മദ് റാഫി പാടിത്തകർക്കുമ്പോൾ വിശ്രുത ഗായകന്റെ കണ്ഠനാളത്തിൽ അന്ന് ചോര പൊടിഞ്ഞിരുന്നുവത്രേ! എന്നിട്ടും തൃപ്തി പോരാതിരുന്ന ഗായകൻ അടുത്ത പ്രഭാതത്തിൽ ഗാനസ്രഷ്ടാവായ നൗഷാദ് സാബിനെ കാണാനെത്തി. സാബിന്റെ മുമ്പിൽ ഇടറിയ കണ്ഠവുമായി ഒരു യാചന - ‘‘ഇന്നലെ ഞാൻ പാടിയത് ശരിയായിട്ടില്ല, ഒന്നുകൂടി എനിക്കത് പാടണം.’’ ഒരു കുട്ടിയെപ്പോലെ നിർബന്ധം പിടിക്കുന്ന റാഫിജിയെ നോക്കി സാബ് പറഞ്ഞു - ‘‘ഇത് ഞാനാണ് ചെയ്തിരിക്കുന്നത്. താങ്കൾ വളരെ നന്നായി പാടിയിട്ടുണ്ട്. സംശയിക്കേണ്ട, ഗാനം ഹിറ്റാവുകതന്നെ ചെയ്യും.’’ പാട്ടുശിൽപിക്ക് തെറ്റിയില്ല. ആ കൂട്ടുകെട്ടിനെ എക്കാലവും ഓർത്തിരിക്കാൻ പോന്ന ഒരു ഗാനമായി മാറിയെന്നു മാത്രമല്ല, ഇന്ത്യൻ സംഗീതരംഗത്തെ അത് കാലങ്ങളോളം ഇളക്കിമറിക്കുകയും ചെയ്തു. ഇതേ ആത്മവിശ്വാസവുമായാണ് ധ്വനിയുടെ ഗാനസൃഷ്ടിക്കു ശേഷം യൂസഫലിയെയും യേശുദാസിനെയും നോക്കി സംഗീതകാരൻ ഉറപ്പുകൊടുത്തത്. ആ ഉറപ്പിനെ സാക്ഷ്യപ്പെടുത്തുക എന്ന ദൗത്യം മാത്രമായിരുന്നു കാലത്തിനുണ്ടായിരുന്നത്. അന്നത്തെ മുഹമ്മദ് റാഫിയെപ്പോലെ ഗായകനും എഴുത്തുകാരനുമൊക്കെ മഹാവിജയത്തിന്റെ സന്തോഷത്തിൽ സംഗീത മാന്ത്രികനോട് വിനയാന്വിതരായി പറഞ്ഞിട്ടുണ്ടാകണം - ‘യേ സബ് ആപ് ഹീ കാ കമാല്‍ഹെ.’
സൂപ്പർ ഹിറ്റായ ഇതിലെ ഗാനങ്ങളുടെ കസെറ്റ് വിൽപന അക്കാലത്ത് റെക്കോർഡ് സൃഷ്ടിച്ചു. ഇന്ത്യൻ സിനിമകളിൽ ആദ്യമായി സംസ്കൃതത്തിൽ ഒരു സിനിമാഗാനം പിറക്കുന്നതും ‘ധ്വനി’യിലായിരുന്നു. ദേവഭാഷയിൽ അഗാധ പാണ്ഡിത്യമുള്ള യൂസഫലി ഒരു പരീക്ഷണത്തിനൊരുങ്ങിയപ്പോൾ മുഖംചുളിച്ചവർ ഏറെയുണ്ടായിരുന്നെങ്കിലും ഇന്ത്യൻ സംഗീതത്തിലെ തലയെടുപ്പിന് എഴുത്തുവഴിയിലെ ആ അദ്ഭുതത്തോട് ആരാധനയായിരുന്നു. സന്തൂറിനേയും സിത്താറിനേയുമൊക്കെ ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമാക്കി മാറ്റിയ സാഹസിക സംഗീതജ്ഞന്റെ അകമഴിഞ്ഞ പിന്തുണയിൽ ‘ജാനകീ ജാനേ രാമാ’ പിറവി കൊള്ളുമ്പോൾ തിരുത്തപ്പെട്ടത് ഒരു ചരിത്രം കൂടിയായിരുന്നു.
പ്രേം നസീർ എന്ന അതുല്യ നടന്റെ അഭിനയ ജീവിതത്തിലെ അവസാന രംഗത്തിന് തിരശീല വീണ സിനിമ, വൈക്കം മുഹമ്മദ് ബഷീർ ആദ്യമായും അവസാനമായും രംഗത്തെത്തിയ സിനിമ, നൗഷാദ് അലി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ച ഏക സിനിമ, രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ് മന്ത്രിപദവിയിൽ വരെയെത്തിയ നിർമാതാവിന്, പണം മുടക്കുന്നതു താനാണെന്ന് വീട്ടുകാർ അറിയാതിരിക്കാൻ ടൈറ്റിലിൽ മകന്റെ പേര് ഉപയോഗിക്കേണ്ടി വന്ന സിനിമ. പ്രത്യേകതകൾ പിന്നെയുമേറെ.
ഏകാന്തതയാണ് എന്റെ പാട്ടുനേരങ്ങളെ ഉണർത്തി വിടുന്നത്. ക്ലാസിക്കൽ മെലഡികളുടെ ഉന്മാദം വിഴുങ്ങുന്ന ആ ഏകാന്തതകളിൽ എനിക്കുകേൾക്കാം, മാനസ നിളയിലെ പൊന്നോളങ്ങളെയുമുണർത്തി അടുത്തടുത്തെത്തുന്ന ആ മഞ്ജീരധ്വനി.