ഭാര്യയേക്കാളേറെ ഇന്ത്യയെ സ്നേഹിച്ച മുഹമ്മദ് റഫി; ആദ്യ വിവാഹബന്ധം അവസാനിച്ചത് അക്കാരണത്താൽ!
Mail This Article
ഭാവസാന്ദ്രതയാണ് പാട്ടിന്റെ അടിസ്ഥാനപരവും ആത്യന്തികവുമായ ഗുണമെന്ന് പറയാറുണ്ട്. അതിന്റെ പാരമ്യതയില്‍ നിന്ന ഗായകനായിരുന്നു മുഹമ്മദ് റഫി. ശ്രോതാവിന്റെ ഹൃദയത്തിലേക്കു കടന്നു ചെന്ന് പുഷ്പം പോലെ അതിനെ കയ്യിലെടുക്കുന്ന ആലാപന ശൈലി. സ്വരമാധുര്യമുളള നിരവധി ഗായകരെ കണ്ട നാടാണ് ഇന്ത്യ. എന്നാല്‍ റാഫിയോളം ശബ്ദസൗകുമാര്യവും ജ്ഞാനവും വൈവിധ്യവും വൈപുല്യവുമുളള ഒരു പ്രതിഭ ഈ മേഖലയില്‍ പിന്നീടൊരിക്കലും ഉണ്ടായില്ല. ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാദ്ഭുതം.
ഫാസ്റ്റ് നമ്പറുകള്‍ മുതല്‍ ദേശഭകതിഗാനങ്ങളും മെലഡികളും പാത്തോസും റൊമന്റിക് സോങ്സും ഖവാലികളും ഗസലുകളും ഭജന്‍സും ശാസ്ത്രീയ സംഗീതവും എല്ലാം വഴങ്ങുമായിരുന്നു. പാട്ടിനെ ഉളളം കയ്യിലിട്ട് അമ്മാനമാടിയ ഗായകന്‍. ശ്രേതാക്കളെ സംബന്ധിച്ച് റഫി ഒരു വികാരമായിരുന്നു.
എല്ലാ വൈകാരികാവസ്ഥകളെയും ഉത്തേജിപ്പിക്കാന്‍ ശേഷിയുളള ഗായകന്‍. റാഫിയുടെ പാട്ട് ദുഖമയമായ ജീവിതഘട്ടങ്ങളില്‍ സാന്ത്വനമായി. കുഞ്ഞുങ്ങള്‍ക്ക് താരാട്ടുപാട്ടായി. പ്രണയികള്‍ക്ക് സ്‌നേഹലേപനമായി. ദൈവം മനുഷ്യരൂപത്തില്‍ പിറവിയെടുത്താല്‍ അതിനെ റഫി എന്ന് വിളിക്കാമെന്ന് പോലും അക്കാലത്ത് പലരും പറഞ്ഞു. അത്രമേല്‍ ആദരിക്കപ്പെട്ട ആരാധിക്കപ്പെട്ട വ്യക്തിത്വം.
ഇതൊക്കെയാണെങ്കിലും റഫിയുടെ ജനപ്രിയത അതിന്റെ പരമകാഷ്ഠയില്‍ എത്തിയത് സിനിമാ പാട്ടുകളിലുടെയായിരുന്നു. പിന്നണി ഗാനങ്ങള്‍ക്ക് തനത് വ്യക്തിത്വം നല്‍കാനായി റഫി സ്വീകരിച്ച മാര്‍ഗം അക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. സ്‌ക്രീനില്‍ പാടുന്ന നടന്റെ ആകാരത്തിനും വ്യക്തിത്വത്തിനും ശബ്ദത്തിനും അനുസൃതമായി തന്റെ ശബ്ദം രൂപപ്പെടുത്താനും മാറ്റി മറിക്കാനും റഫിക്ക് കഴിഞ്ഞിരുന്നു. ആയിരത്തിലധികം ഹിന്ദി സിനിമകളില്‍ പാടിയ റഫി ഇതര ഇന്ത്യന്‍ഭാഷാചിത്രങ്ങളിലും വിദേശഭാഷാ സിനിമകളില്‍ പോലും പാടിയിട്ടുണ്ട്.
താരതമ്യേന കൈകാര്യം ചെയ്യാന്‍ പ്രയാസമുളള ഉറുദു, പഞ്ചാബി ഭാഷകളില്‍ പോലും അദ്ദേഹം സ്വര്‍ഗസുന്ദരമായി ഗാനാലാപനം നിര്‍വഹിക്കുന്നതു കേട്ട് ആളുകള്‍ അന്തംവിട്ടു നിന്നു. കൊങ്കണി, ആസാമിസ്, ഭോജ്പുരി,ഒഡിയ, ബംഗാളി, മറാത്തി, സിന്ധി, കന്നഡ, ഇം ഗ്ലിഷ്, പേര്‍ഷ്യന്‍, അറബിക്, സിംഹള...
എന്നു വേണ്ട റഫിയുടെ സെന്‍സിബിലിറ്റിക്ക് വഴങ്ങാത്ത ഭാഷകളുണ്ടായിരുന്നില്ല. ഏകദേശം 7000 ത്തിലധികം ഗാനങ്ങള്‍ അദ്ദേഹം പാടിയതായി കണക്കാക്കപ്പെടുന്നു.
റഫിയുടെ ആദ്യകാലം
പഞ്ചാബിലെ ഒരു ജാട്ട് മുസ്‌ലിം കുടുംബത്തില്‍ ജനിച്ച റഫിയുടെ വിളിപ്പേര് ഫീക്കോ എന്നായിരുന്നു. അക്കാലത്ത് തെരുവുകളില്‍ അലഞ്ഞു നടന്ന ഒരു ഫക്കീറിന്റെ കീര്‍ത്തനങ്ങള്‍ അനുകരിച്ചുകൊണ്ട് റഫിയും പാടാന്‍ തുടങ്ങി. ഗായകന്‍ എന്ന നിലയില്‍ റഫി സ്വയം കണ്ടെത്തുന്നത് അങ്ങനെയാണ്. ഹൃദയത്തില്‍ സംഗീതമുളള ഒരാള്‍ക്ക് പാടാതിരിക്കാനാവില്ലല്ലോ?
ഒരു ഘട്ടത്തില്‍ റഫിയുടെ കുടുംബം ലാഹോറിലേക്ക് താമസം മാറ്റി. അവിടെ അദ്ദേഹം ജീവസന്ധാരണാര്‍ഥം പല ജോലികളും ചെയ്തു. എന്നാല്‍ റഫിയുടെ മനസ്സ് അതിലൊന്നും ഉറച്ചു നിന്നില്ല. പാടുമ്പോള്‍ മാത്രമാണ് ജീവിക്കുന്നതെന്ന് തോന്നിയ അദ്ദേഹം പണ്ഡിറ്റ് ജീവന്‍ലാല്‍ മട്ടു അടക്കം പല ഗുരുക്കന്‍മാരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
ഒരിക്കല്‍ റഫിയും സഹോദരീ ഭര്‍ത്താവും കൂടി കെ.എല്‍.സൈഗാളിന്റെ സംഗീത കച്ചേരി കേള്‍ക്കാന്‍ പോയി. വൈദ്യൂതി തകരാര്‍ മൂലം സൈഗാള്‍ പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായില്ല. കാണികള്‍ അക്ഷമരായി ബഹളം വയ്ക്കാന്‍ തുടങ്ങി. അവരെ ഒന്ന് സമാധാനിപ്പിക്കാനായി ഒരു പാട്ട് പാടാന്‍ റഫി അവസരം ചോദിച്ചു. സംഘാടകര്‍ അനുമതി നല്‍കി. അതായിരുന്നു ആദ്യത്തെ പൊതുപരിപാടി. സൈഗാളിനെ അനുകരിച്ച് പാടിയ റഫി ശ്രോതാക്കളൂടെ കയ്യടി വാങ്ങി. 1941 ല്‍ 17 -ാം വയസില്‍ പിന്നണി ഗായകനായി അരങ്ങേറി. ഗുല്‍ ബലോച്ച് എന്ന പഞ്ചാബി ചിത്രത്തില്‍ സീനത്ത് ബീഗത്തിനൊപ്പം ഡ്യൂയറ്റ് പാടിക്കൊണ്ടാണ് തുടക്കം. 3 വര്‍ഷം പെട്ടിയിലിരുന്ന പടം 1944 ല്‍ തിയറ്ററുകളിലെത്തിയതോടെ മുഹമ്മദ് റഫി എന്ന ഗായകന്‍ പിറന്നു. ഇതേ കാലയളവില്‍ തന്നെ ലാഹോര്‍ റേഡിയോ സ്‌റ്റേഷന്‍ അവര്‍ക്കു വേണ്ടി പാടാന്‍ റഫിയെ തിരഞ്ഞെടുത്തു.
ഹിന്ദി സിനിമയിലേക്ക്..
സിനിമ തന്നെ കടാക്ഷിക്കുന്നു എന്ന് കണ്ടതോടെ റഫി താമസം മുംബൈയിലേക്കു മാറ്റി. ചെറിയ മുറി വാടകയ്‌ക്കെടുത്തായിരുന്നു താമസം. കവി തന്‍വീര്‍ നഖ്വിയുമായി പരിചയപ്പെട്ടതോടെ റഫിയുടെ ജീവിതം മാറിമറിഞ്ഞു. അദ്ദേഹം റഫിയെ അന്നത്തെ പ്രമുഖ ചലച്ചിത്ര നിര്‍മാതാക്കളുമായി പരിചയപ്പെടുത്തി. റഫി ആദ്യമായി പാടിയ പഞ്ചാബി ഗാനത്തിന് സംഗീതം പകര്‍ന്ന ശ്യാം സുന്ദര്‍ ഭാഗ്യവശാല്‍ ആ സമയത്ത് മുംബൈയിലുണ്ടായിരുന്നു. അദ്ദേഹമാണ് റഫിക്ക് ആദ്യ ഹിന്ദി സിനിമയിലേക്കുളള അവസരം ഒരുക്കുന്നത്. പിറ്റേ വര്‍ഷം റഫിയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചു. ഗാവ്കി ഗോറി എന്ന ഹിന്ദി ചിത്രത്തില്‍ പാടാനുളള ക്ഷണം ലഭിച്ചു.
പക്ഷേ ആദ്യം പുറത്തു വന്നത് പെഹ്‌ലെ ആപ്പിലെ ഹിന്ദുസ്ഥാന്‍ കേ ഹം ഹേ എന്ന പാട്ടായിരുന്നു. അതുല്യപ്രതിഭയായ സംഗീതസംവിധായകന്‍ നൗഷാദിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നതും മുതല്‍ക്കൂട്ടായി. എന്നാല്‍ തന്റെ ആദ്യഗാനമായി റഫി എന്നും കണക്കാക്കിയത് ആദ്യ റിക്കാര്‍ഡ് ചെയ്ത അജി ദില്‍ ഹോ കാബൂ എന്ന പാട്ടായിരുന്നു.
വന്നവഴികള്‍ മറക്കാനിഷ്ടപ്പെടാത്ത നൈതികതയുളള മനസായിരുന്നു എന്നും റഫിയുടേത്. നൗഷാദിന്റെ പിതാവിന്റെ ശുപാര്‍ശക്കത്തുമായാണ് റഫി മഹാനായ ആ സംഗീതജ്ഞനെ തേടിയെത്തുന്നത്. റഫിയിലെ അനന്യമായ കഴിവുകള്‍ നൗഷാദ് വളരെ വേഗം ഉള്‍ക്കൊണ്ടു. റഫിയെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ആ €ാസിക് മ്യുസീഷ്യന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ റഫിയുടെ ജീവിതത്തില്‍ വീണ്ടും ചില വഴിത്തിരിവുകള്‍ സംഭവിച്ചു. പിന്നണി ഗാനത്തിനൊപ്പം സ്‌ക്രീനില്‍ അതേ ഗാനരംഗത്തില്‍ ഒരു നടനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ലൈലാ മജ്‌നു,തേരാ ജ്വലാ ജിസ് ദേ ദേഖാ എന്നീ സിനിമകളിലാണ് അഭിനയിച്ചത്.
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947 റഫിയുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു. അക്കൊല്ലം റഫി നുര്‍ജഹാന്‍ എന്ന ഗായികയുമായി ചേര്‍ന്ന് ജുഗ്നു എന്ന ചിത്രത്തിനായി ഒരു ഡ്യൂയറ്റ് പാടി. ഇന്ത്യാ വിഭജനം സംഭവിച്ചപ്പോള്‍ മിക്കവാറും മുസ്‌ലിംകളെല്ലാം പാക്കിസ്ഥാനിലേക്ക് കുടിയേറി. തന്റെ സഹപ്രവര്‍ത്തകയായിരുന്ന നൂര്‍ജഹാന്‍ അടക്കം ഗായകന്‍ അഹമ്മദ് റുഷ്ദിയുമായി ചേര്‍ന്ന് ഇന്ത്യ വിട്ടു. എന്നാല്‍ റഫി ജന്മനാട്ടില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുടി അദ്ദേഹം പാക്കിസ്ഥാന്റെ ഭാഗമായ ലാഹോറില്‍ നിന്നും മുംബൈയിലേക്കു വിളിച്ചു വരുത്തി.
അടുത്ത വര്‍ഷങ്ങളില്‍ റഫിക്ക് സോളോ ഗാനങ്ങള്‍ ധാരാളമായി ലഭിച്ചു തുടങ്ങി. സൈഗാളിനെ ആരാധിച്ചിരുന്ന റഫിയെ പിന്നീട് ജി.എം.ദുറാനിയും സ്വാധീനിച്ചു. ആദ്യകാലത്ത് ദുറാനിയെ അനുകരിച്ച് പാടിത്തുടങ്ങിയ റഫി ഒരു കാര്യം തിരിച്ചറിഞ്ഞു. എല്ലാവരെയും പോലെ ഒരു കാര്യം ചെയ്താല്‍ ഒരു കലാകാരനും നിലനില്‍പ്പില്ല. മറ്റുളളവരില്‍ നിന്ന് വിഭിന്നമായി തനത് ശൈലി കണ്ടെത്തുകയും അത് ജനങ്ങള്‍ അംഗീകരിക്കുകയും വേണം. സ്വയം കണ്ടെത്താനുളള റഫിയുടെ ആ അഭിവാഞ്ജയ്ക്ക് ഫലമുണ്ടായി. റഫി സ്‌റ്റൈല്‍ എന്ന് പില്‍ക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ആലാപന ശൈലി രൂപപ്പെട്ടു. വ്യാപകമായ അംഗീകാരവും ആരാധനയും ആ ശൈലി ഏറ്റുവാങ്ങി.
മഹാത്മജി വധത്തിന് ശേഷം ഒറ്റരാത്രി കൊണ്ട് രൂപപ്പെടുത്തിയ സുനോ സൂനോ ഏ ദുനിയാവലോണ്‍ ബാപ്പുജി കി അമര്‍ കഹാനി എന്ന ഗാനം വികാരാര്‍ദ്രമായിരുന്നു. ദേശീയതയും ഒപ്പം ഗാന്ധിജിയോടുളള സ്‌നേഹവായ്പും നിറഞ്ഞു നിന്ന ആ പാട്ട് ഹൃദയദ്രവീകരണക്ഷമമായിരുന്നു. ഈ പാട്ട് പാടുന്നതിനായി ജവഹര്‍ലാല്‍ നെഹ്‌റു റഫിയെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു. സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പൊതുവേദിയില്‍ വച്ച് അദ്ദേഹം റഫിക്ക് വെളളിമെഡല്‍ സമ്മാനിച്ചു.
മുന്‍നിരയിലേക്ക് ഒരു യാത്ര
50 കളും 60 കളും റഫിയുടെ പുഷ്‌കല കാലമായിരുന്നു. നൗഷാദ്, എസ് ഡി ബര്‍മന്‍, ഉള്‍പ്പെടെ അക്കാലത്തെ പ്രമുഖ സംഗീതജ്ഞരെല്ലാം തങ്ങള്‍ക്കു വേണ്ടി റഫി പാടണമെന്ന് ശഠിച്ചു. നൗഷാദിന് വേണ്ടി മാത്രം 81 സോളോ ഉള്‍പ്പെടെ 149 ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
കഴിവുകള്‍ പോലെ തന്നെ റഫിയുടെ നിഷ്ഠകളും അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇതിനോട് കൂട്ടിവായിക്കാവുന്ന ഒരു അനുഭവ കഥയുണ്ട്.
റഫിയുമായി അടുക്കുന്നത് വരെ തലത് മഹമൂദായിരുന്നു നൗഷാദിന്റെ പ്രിയപ്പെട്ട ഗായകന്‍. ഒരിക്കല്‍ റിക്കാര്‍ഡിങ് സമയത്ത് തലത് പുകവലിക്കുന്നത് നൗഷാദ് കാണാനിടയായി. കുപിതനായ അദ്ദേഹം ഗായകനെ പറഞ്ഞയച്ച് പകരം റഫിയെക്കൊണ്ട് തന്നെ ആ ചിത്രത്തിലെ എല്ലാ പാട്ടുകളും പാടിച്ചു. എന്തായാലും പിന്നീട് ദശകങ്ങളോളം റഫി നൗഷാദിന്റെ പ്രിയ ഗായകനായി തുടര്‍ന്നു. എസ്.ഡി. ബര്‍മനും റഫിയെ സമർഥമായി പ്രയോജനപ്പെടുത്തി. അഭിനേതാക്കളൂടെ സമാനസ്വരത്തില്‍ പാടാനുളള റഫിയുടെ കഴിവ് ബര്‍മന്‍ നന്നായി ഉപയോഗിച്ചു. ദേവ് ആനന്ദിന്റെയും ഗുരുദത്തിന്റെയും സിനിമകളില്‍ അവര്‍ യഥാർഥത്തില്‍ പാടി അഭിനയിക്കും പോലെ തോന്നും റഫിയുടെ പാട്ട് കേട്ടാല്‍.
പിന്നീട് റഫിയുടെ ഒരു പാട്ടിനായി താരങ്ങളും നിര്‍മാതാക്കളും സംവിധായകരും സംഗീതസംവിധായകരും മത്സരിക്കുന്ന കാഴ്ച രാജ്യം കണ്ടു.
റഫിയുടെ പാട്ട് കേള്‍ക്കാനായി മാത്രം ആളുകള്‍ സിനിമയ്ക്കു കയറുന്ന കാലം. ഒരു ഗായകന്റെ പേരില്‍ സിനിമയ്ക്ക് കലക്‌ഷന്‍ ലഭിക്കുക എന്നത് അതിന് മുന്‍പോ പിന്‍പപോ സംഭവിച്ചിട്ടില്ല. യേശുദാസിനോ എസ്.പി.ബാലസുബ്രഹ്ണ്യത്തിനോ ലഭിക്കാത്ത ഭാഗ്യം.
നല്ല കലാകാരനും നല്ല മനുഷ്യനും...
നല്ല കലാകാരന്‍ നല്ല മനുഷ്യനാവണമെന്നില്ല എന്ന പൊതുബോധത്തെയും റഫി തന്റെ ജീവിതം കൊണ്ട് തിരുത്തിയെഴുതി. സംഗീതസംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാല്‍ റഫിയുടെ മനസിനെ ഒരു നേരനുഭവത്തിലുടെ നിരീക്ഷിച്ചത് ഇങ്ങനെ:
'അവന്‍ എപ്പോഴും റിട്ടേണിനെക്കുറിച്ച് ചിന്തിക്കാതെ ഇങ്ങോട്ട് സേവനം തന്നുകൊണ്ടേയിരുന്നു'. സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന നിര്‍മാതാക്കളുടെ അവസ്ഥ തിരിച്ചറിഞ്ഞ് കേവലം 1 രൂപ പ്രതിഫലം വാങ്ങി പാട്ട് പാടാന്‍ തയ്യാറായ റഫിയെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. അങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍. കല്യാണ്‍ജി ആനന്ദ്ജിക്കൊപ്പവും നൂറുകണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട് റഫി.
അവര്‍ക്കും റഫിയുടെ വിട്ടുവീഴ്ചാ മനോഭാവത്തെക്കുറിച്ച് ഏറെ പറയാനുണ്ട്. പണത്തിന്റെ കാര്യത്തില്‍ മറ്റുളളവരോട് വിട്ടുവീഴ്ച ചെയ്ത് നഷ്ടങ്ങള്‍ സമ്പാദിച്ച അതേ റഫി തന്നെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ അങ്ങോട്ട് പണം കൊടുത്ത് സഹായിച്ചിട്ടുമുണ്ട്. ഇങ്ങോട്ട് എന്ത് കിട്ടുന്നു എന്നതിലുപരി അങ്ങോട്ട് എന്ത് ചെയ്യാന്‍ കഴിയും എന്നതിനായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ പരിഗണന. അതിനെ മനുഷ്യത്വം എന്ന് വിളിക്കാമെങ്കില്‍ ആ മനുഷ്യപ്പറ്റ് കണക്കിലേറെയുളള ആളായിരുന്നു അദ്ദേഹം.
ഗായിക ലതാ മങ്കേഷ്‌കറും റഫിയും തമ്മിലുണ്ടായിരുന്ന ഊഷ്മള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണതും ഒരു നിലപാടിന്റെ പേരിലായിരുന്നു. സിനിമാ പാട്ടുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ വരുമാനത്തിനും ഗായകര്‍ക്ക് റോയല്‍റ്റിയുണ്ടായിരിക്കണമെന്ന പക്ഷക്കാരിയായിരുന്നു ലത. റഫിക്ക് അത്തരം വിഹിതം നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടും അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു. ഇക്കാര്യത്തില്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് ലത വാദിച്ചുവെങ്കിലും റഫി വഴങ്ങിയില്ല. പ്രതിഫലം വാങ്ങി പാടിയ ഗായകരെ സംബന്ധിച്ച് പിന്നീട് ലാഭവിഹിതത്തിന് അര്‍ഹതയില്ലെന്ന അഭിപ്രായക്കാരനായിരുന്നു റഫി. റിസ്‌ക് എടുത്ത് സിനിമ നിര്‍മിക്കുന്ന വ്യക്തിക്ക് മാത്രമാണ് ഇതിന് അവകാശമുളളതെന്നും ഇക്കാര്യത്തില്‍ പാട്ടുകള്‍ സൃഷ്ടിക്കുന്ന സംഗീതസംവിധായകനുളള അവകാശം പോലും ഗായകനില്ലെന്നും റഫി വാദിച്ചു. എന്നാല്‍ പാട്ടുകള്‍ വിറ്റഴിക്കപ്പെടുന്നത് ഗായകന്റെ പേരിലാണെന്ന മറുവാദം ഉന്നയിച്ചു ലത. ഗായകന് ഈ പേര് ലഭിക്കാന്‍ കാരണം നിര്‍മാതാവും സംവിധായകനുമാണെന്ന് റഫി തിരിച്ചടിച്ചു.
മായ എന്ന സിനിമയുടെ റിക്കാര്‍ഡിങ് വേളയില്‍ ഇവര്‍ തമ്മില്‍ കലഹിച്ചു.ഇനിയൊരിക്കലും റഫിക്കൊപ്പം പാടില്ലെന്ന് ലത പരസ്യപ്രഖ്യാപനം നടത്തി. എന്നാല്‍ ലത എന്ന മികച്ച ഗായികയ്‌ക്കൊപ്പം തുടര്‍ന്നും പാടുന്നതില്‍ തനിക്ക് മടിയില്ലെന്നും അവരുടെ ചില നിലപാടുകളോട് മാത്രമാണ് തന്റെ എതിര്‍പ്പെന്നായിരുന്നു റഫി പറഞ്ഞത്.
റഫിയെ അടുത്തറിയുന്ന ആരും തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും നീതികേടുളളതായി കണ്ടെത്തിയിട്ടില്ല. നൈതികതയും ഹൃദയവിശാലതയും കൊണ്ട് എന്നും സഹപ്രവര്‍ത്തകരുടെ മനസ്സ് കീഴടക്കിയ മനുഷ്യനായിരുന്നു റഫി.
വളരെ പെട്ടെന്ന് അതിശ്രദ്ധയിലേക്കു പോകുന്നവര്‍ക്ക് വളരെ വേഗം പിന്നോട്ട് നടത്തം സംഭവിക്കുമെന്ന് പറയപ്പെടുന്നത് റഫിയുടെ കാര്യത്തിലും അന്വർഥമായി.
പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ റഫിക്ക് തൊണ്ടയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് അദ്ദേഹം പാട്ടുകളുടെ എണ്ണം കുറച്ചു. ഈ ആപത്കാലത്തും യേ ദുനിയാ യേ മെഹ്ഫില്‍ പോലുളള നിത്യഹരിതഗാനങ്ങള്‍ ആലപിക്കാന്‍ ആ ഉജ്ജ്വലപ്രതിഭയ്ക്ക് കഴിഞ്ഞു. എണ്ണം കുറഞ്ഞപ്പോള്‍ ഗുണനിലവാരം വർധിക്കുന്ന മാസ്മരികത. ക്രമേണ അസുഖം വിട്ടകന്ന് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. 76 ല്‍ ലൈലാ മജ്‌നുവിലും അമര്‍ അക്ബര്‍ അന്തോണിയിലും മറ്റും ഋഷികപൂറിന് വേണ്ടി റഫി പാടിയ പാട്ടുകള്‍ ചരിത്രവിജയങ്ങളായി. അക്കാലത്ത് റഫിക്ക് ദേശീയ പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ച ഗാനം എക്കാലത്തെയും ഹിറ്റാണ്.
'ക്യാഹുവാ തേരാ വാദാ..' (ചിത്രം: ഹം കിസിസെ ഹം നഹീന്‍)
എണ്‍പതുകളില്‍ ഷാന്‍, ഖുര്‍ബാനി അടക്കമുളള നിരവധി ബ്ലോക്ക് ബസ്റ്റര്‍ സിനിമകളില്‍ റഫി പാടി.
ഷമ്മി കപുര്‍, ശശികപുര്‍, ധര്‍മേന്ദ്ര, ദേവ് ആനന്ദ്, ദിലീപ്കുമാര്‍ എന്നിങ്ങനെ അക്കാലത്തെ മിക്കവാറും എല്ലാ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടിയും അവരുടെ ശബ്ദത്തിന് ഇണങ്ങും വിധത്തില്‍ അദ്ദേഹം പിന്നണി പാടി.
പാതിവഴിയില്‍ മടക്കം
കരിയറില്‍ ജ്വലിച്ചു നില്‍ക്കെ ഹൃദയാഘാതം ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നെടുത്തു. 55ാം വയസ്സില്‍ ഇമ്പമാര്‍ന്ന ഒരുപാട് പാട്ടുകള്‍ ബാക്കി വച്ച് റഫി ഒരു അനശ്വരഗാനമായി. ലക്ഷ്മികാന്ത്-പ്യാരേലാലിന്റെ പാസ് പാസ് എന്ന പടത്തിനു വേണ്ടിയാണ് അവസാനമായി പാടിയത്. മുംബൈ ജൂഹുവിലെ മുസ്ലിം ശ്മശാനത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. റഫിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുളള വിലാപയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. അദ്ദേഹത്തിന്റെ ജനപ്രീതിയുടെ ആഴം വെളിവാക്കുന്ന ഒന്നായിരുന്നു ആ യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ശ്മശാനങ്ങള്‍ക്ക് ഇടം നല്‍കാനായി അദ്ദേഹത്തിന്റെ ശവകുടീരം മറ്റു പലര്‍ക്കുമൊപ്പം പൊളിച്ചു. റാഫിയുടെ ജനന-മരണ ദിനങ്ങള്‍ കൊണ്ടാടാനായി കബളിടം സന്ദര്‍ശിക്കുന്ന ആരാധകര്‍ ഖബറിനടുത്തുളള തെങ്ങാണ് അടയാളമായി കാണുന്നത്. റഫി എന്ന മഹാവൃക്ഷത്തിന്റെ ഓര്‍മകളുമായി വര്‍ഷം തോറും ആ തെങ്ങിന്‍ ചുവട്ടിലെത്തുന്ന സംഗീത പ്രേമികള്‍ക്ക് ഇന്നും കുറവില്ല.നിരവധി ജീവചരിത്രകൃതികളും ഡോക്യുമെന്ററികളും റഫിയുടെ ജീവിതം അവലംബമാക്കി രൂപപ്പെട്ടിട്ടുണ്ട്.
2007 ല്‍ ആര്‍ട്ടിസ്റ്റ് തസാവര്‍ ബഷീര്‍ യു.കെ.യിലെ ബര്‍മിംഗ്ഹാമില്‍ റഫിയുടെ ഓര്‍മയ്ക്കായി ഒരു ആരാധനാലയം തന്നെ രൂപകല്‍പ്പന ചെയ്തു. ഇന്നല്ലെങ്കില്‍ നാളെ റഫിക്ക് വിശുദ്ധപദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തിലാണ് ബഷീര്‍. ഹിന്ദിസിനിമയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ജനപ്രിയ ഗാനമായി വോട്ടെടുപ്പിലുടെ ബിബിസി കണ്ടെത്തിയത് റഫിയുടെ ബഹറോണ്‍ ഫൂല്‍ ബര്‍സാവോ എന്ന ഗാനമാണ്.
സി.എന്‍എന്‍-ഐബിഎന്‍ നടത്തിയ സര്‍വേയിലും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ശബ്ദമായി റഫി തെരഞ്ഞെടുക്കപ്പെട്ടു.
മാസ്റ്റര്‍ ഫിലിം മേക്കര്‍ മന്‍മോഹന്‍ ദേശായി റഫിയുടെ ശബ്ദത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ :
'ഈ ലോകത്ത് ആര്‍ക്കെങ്കിലും ദൈവത്തിന്റെ ശബ്ദമുണ്ടെങ്കില്‍ അത് മുഹമ്മദ് റഫിക്കാണ്'
സംഗീതം പോലെ റഫിക്ക് പ്രിയപ്പെട്ട ഒന്നായിരുന്നു മാതൃരാജ്യമായ ഇന്ത്യ.
സ്വകാര്യതകളിലെ റഫി
രണ്ട് തവണ വിവാഹം കഴിച്ച റഫിയുടെ ആദ്യവിവാഹം ബന്ധുവായ ബഷീറ ബീബീയുമായിട്ടായിരുന്നു. ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട കലാപത്തില്‍ ബഷീറയുടെ മാതാപിതാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ബഷീറ ഇനി ഈ നാട്ടില്‍ ജീവിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാനിലേക്ക് താമസം മാറ്റി. അതോടെ ബഷീറയും റഫിയും തമ്മിലുളള ബന്ധം അവസാനിച്ചു. റഫിക്ക് ഭാര്യയേക്കാള്‍ പ്രധാനമായിരുന്നു ഇന്ത്യയോടുളള മമത.
ബില്‍ക്വിസ് ബാനോയെ അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചു. രണ്ട് വിവാഹബന്ധങ്ങളിലായി 7 മക്കളുടെ പിതാവാണ് റഫി. പാട്ട് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വിനോദങ്ങള്‍ ബാഡ്മിന്റണ്‍ കളിയും കാരംസ് കളിയുമായിരുന്നു. കുട്ടികള്‍ക്കൊപ്പം കടപ്പുറവും മൈതാനവും പോലുളള വിശാലമായ ഇടങ്ങളില്‍ പട്ടം പറത്തുന്ന റഫിയെ അക്കാലത്ത് പലരും കണ്ടിട്ടുണ്ട്. റഫിയില്‍ ശൈശവ നിഷ്‌കളങ്കത കൈമോശം വരാത്ത ഒരു മനസുണ്ടെന്ന് കരുതപ്പെടുന്നു. കലാകാരന്റെ സഹജ ദൗര്‍ബല്യങ്ങള്‍ക്ക് അതീതനായിരുന്നു റഫി.
പുകവലിയോട് അലര്‍ജിയുളള അദ്ദേഹം സിനിമാ വ്യവസായത്തില്‍ പതിവുളള നൈറ്റ് പാര്‍ട്ടികളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നിന്നു.
മകന്‍ ഷാഹിദ് പിതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളില്‍ റഫി എന്ന വ്യക്തിയുടെ സാരസര്‍വസ്വമുണ്ട്.
'തന്നെ കാണാനെത്തുന്ന ആരെയും വെറുംകൈയോടെ അയക്കുമായിരുന്നില്ല. ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം അവാച്യമായ ആനന്ദം കണ്ടെത്തി. ഞാന്‍ എന്ന ഭാവം തീരെയില്ലാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളെ പോലെ എല്ലാവരോടും ഇടപഴകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വളരെ സൗമ്യനും ശാന്തനുമായിരുന്നു. ജോലി കഴിഞ്ഞാല്‍ പിന്നെ കുടുംബമല്ലാതെ മറ്റൊരു ലോകമില്ല. ദൈവഭയമുളള അദ്ദേഹം ഏത് കാര്യവും അര്‍പ്പണബോധത്തോടെ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു.'
മലയാളത്തിലും റഫി
80 കളില്‍ റിലീസായ തളിരിട്ട കിനാക്കള്‍ എന്ന മലയാള പടത്തിലും റഫി പാടിയിട്ടുണ്ട്. 'ഷഹാബ് ലേക് വോ' എന്ന് തുടങ്ങുന്ന ഈ ഗാനരംഗത്തില്‍ റഫിയുടെ ശബ്ദത്തിനൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ച് അഭിനയിച്ചിരിക്കുന്നത് കുതിരവട്ടം പപ്പുവാണ്.
ആലപ്പുഴ സ്വദേശി മുഹമ്മദ് ഇസ്മയില്‍ (ജിതിന്‍ ശ്യാം) ആയിരുന്നു സംഗീതസംവിധായകന്‍. മുഹമ്മദ് റഫിയെ പോലൊരു ഇതിഹാസ ഗായകന്‍ മലയാളം പോലെ ഒരു ചെറിയ ഭാഷയിലെ സിനിമയില്‍ വന്ന് പാടുക എന്നത് അക്കാലത്ത് ആരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍ ജിതിന്‍ ശ്യാം അത് സമര്‍ത്ഥമായി സാധിച്ചെടുത്തു. പടത്തിന്റെ നിര്‍മ്മാതാവായ അബ്ദുള്‍ ഖാദറിന് റഫിയുമായി അടുത്ത സൗഹൃദമുണ്ടെന്ന് അറിയാവുന്ന ജിതിന്‍ റാഫിയെ കൊണ്ടു വരണമെന്ന് അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. ഖാദര്‍ സംവിധായകനായ പി.ഗോപകുമാറിനൊപ്പം റഫിയുടെ മുംബൈയിലെ വസതിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എന്നാല്‍ ആ ഓഫര്‍ സ്‌നേഹപൂര്‍വം നിരസിച്ചു റഫി. ഭാഷ അറിയാതെ പാടിയാല്‍ പൂര്‍ണ്ണത ലഭിക്കില്ലെന്നായിരുന്നു വാദം. എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്ന ഭാഷയല്ല മലയാളമെന്നും മാസങ്ങളോളം അതിനായി ചിലവഴിക്കാന്‍ ഇപ്പോഴത്തെ തിരക്കില്‍ സാധിക്കില്ലെന്നും അദ്ദേഹം അവരെ പറഞ്ഞു മനസ്സിലാക്കി.
അബ്ദുള്‍ ഖാദറും ജിതിന്‍ ശ്യാമും അടവൊന്ന് മാറ്റിപ്പിടിച്ചു. മലയാളം ബുദ്ധിമുട്ടാണെങ്കില്‍ പകരം ഒരു ഹിന്ദിപ്പാട്ട് പാടിത്തരണമെന്നായി അവര്‍.
അങ്ങനെ പിറ്റേന്ന് തന്നെ മുംബൈയിലെ സ്റ്റുഡിയോയില്‍ വച്ച് പാട്ട് റിക്കാര്‍ഡ് ചെയ്യപ്പെട്ടു. ജിതിന്റെ മോഹം പൂവണിഞ്ഞു എന്ന് മാത്രമല്ല റഫി പാടിയ ഏക മലയാള ചിത്രം എന്ന ബഹുമതിയും തളിരിട്ട കിനാക്കള്‍ക്ക് ലഭിച്ചു.
റിക്കാര്‍ഡിങ് കഴിഞ്ഞപ്പോള്‍ അതാ വരുന്നു അടുത്ത പ്രശ്‌നം. സിനിമയിലെ നായിക ഹിന്ദിയിലെ പ്രശസ്ത നടി തനൂജയാണെങ്കിലും അവര്‍ മലയാളി വീട്ടമ്മയായാണ് പടത്തില്‍ അഭിനയിക്കുന്നത്. അവര്‍ ഹിന്ദിപ്പാട്ട് പാടുന്നതില്‍ ഔചിത്യമില്ല.
ഒടുവില്‍ സംവിധായകന്‍ സിനിമയില്‍ ഒരു സ്വപ്നരംഗം തുന്നിച്ചേര്‍ത്തു. ഉപനായികയായ മധുമാലിനിയുടെ സ്‌കര്‍ട്ടും ടോപ്പും ധരിച്ച് കണ്ണാടിയില്‍ നോക്കി സ്വപ്നം കാണുകയാണ് വീട്ടുവേലക്കാരിയായ അടുര്‍ ഭവാനിയുടെ കഥാപാത്രം. പശ്ചാത്തലത്തിലെ ടേപ്പ് റിക്കാര്‍ഡറില്‍ റഫിയുടെ ഗാനം കേള്‍ക്കാം. ഭവാനിയുടെ ഭാവനയില്‍ ആ പാട്ടിനൊത്ത് ചുണ്ടുകള്‍ ചലിപ്പിച്ച് ചുവടുകള്‍ വയ്ക്കുകയാണ് ഗോസായി വേഷത്തില്‍ വന്ന കുതിരവട്ടം പപ്പു.
റഫിയെ പോലൊരു ഗായകന്റെ പാട്ട് ഹാസ്യാത്മകമായി അവതരിപ്പിച്ചത് അക്കാലത്ത് കടുത്ത വിമര്‍ശനത്തിന് കാരണമായി. റഫിയുടെ കരിയറിലെ ഒരു താളപ്പിഴയായിരുന്നു ആ ഗാനരംഗം. തളിരിട്ട കിനാക്കള്‍ റിലീസ് ചെയ്യുന്നത് ജൂണ്‍മാസത്തിലാണ്. കൃത്യം ഒരു മാസത്തിനുളളില്‍ റഫി ശ്രുതിഭംഗങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി. ജീവിതത്തിന്റെ പാതിവഴിയില്‍ പടിയിറങ്ങിയ റഫി പല പുരുഷായുസുകളില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ പാതി ആയുസില്‍ പൂര്‍ത്തീകരിച്ച മഹാപ്രതിഭാസമായിരുന്നു. പകരം വയ്ക്കാന്‍ മറ്റൊരാളില്ലാത്ത വിധം ചരിത്രത്തിന് മുന്നില്‍ ഒരു ശിലാസ്തംഭമായി ഉയര്‍ന്നു നില്‍ക്കുന്നു ആ സവിശേഷ വ്യക്തിത്വം.