മെലഡി ട്രാക്കുമായി മോഹൻ സിത്താര; കയ്യടി നേടി ‘വരും കാത്തിരിക്കണം’
Mail This Article
മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ മ്യൂസിക് വിഡിയോ ‘വരും കാത്തിരിക്കണം’ ശ്രദ്ധേയമാകുന്നു. മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ഗാനത്തിന് വരികളൊരുക്കിയത് ബി.കെ ഹരിനാരായണനാണ്. സൈന പ്ലേ മ്യൂസിക്കിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
സംവിധായകൻ വിനയനാണ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തത്. ചടങ്ങിൽ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, മുതിർന്ന മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രൻ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ജയരാജ് വാര്യർ, നടി മഞ്ജു സുഭാഷ്, സംവിധായകൻ കെ ബി മധു തുടങ്ങിയവർ പങ്കെടുത്തു.
പ്രണയവും വിരഹവും പ്രമേയമായ ഗാനം അതിമനോഹരമായാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മ്യൂസിക് വിഡിയോയ്ക്കായി പശ്ചാത്തലസംഗീതം ഒരുക്കിയത് അവിൻ മോഹൻ സിത്താരയാണ്. ‘പതിനേഴിന്റെ പൂങ്കരളിൽ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ കബീറും നവാഗതയായ അനൂജ ഹസീബുമാണ് ഗായകർ. പഴയ കാലഘട്ടത്തിലെ അനുസ്മരിപ്പിക്കും വിധമുള്ള ദൃശ്യങ്ങൾക്കൊപ്പം റാപ്പ് മ്യൂസികും ചേർത്താണ് മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്. അജയ് നടരാജ്, അനൂജ ഹസീബ്, അഭിനവ്, ല്യാന എന്നിവരാണ് വിഡിയോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.