എസ്പിബിയുടെയും ജയചന്ദ്രന്റെയും ആഗ്രഹങ്ങൾ നിറവേറ്റി, റഫിപ്രേമം തലയ്ക്കു പിടിച്ച വെങ്കിടാചലം!
Mail This Article
ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവർക്കും റഫിയുടെ വീട്ടിലേക്കുള്ള വാതിലാണ് പാലക്കാട് കൊടുവായൂരിൽ കുടുംബവേരുകളുള്ള മുംബൈ നിവാസി എൻ.ആർ. വെങ്കിടാചലം. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹത്തിന് ആ വീടുമായുള്ളത്. ലോകം ആരാധിക്കുന്ന ഗായകനു മുംബൈയിൽ സ്മാരകം നിർമിക്കാൻ, ബാന്ദ്രയിലെ റോഡിനു റഫിയുടെ പേര് നൽകാൻ മുൻകയ്യെടുത്ത മലയാളി. റഫിപ്രേമം തലയ്ക്കു പിടിച്ച്, ആ ഗാനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ 85 -ാം വയസ്സിലും ഓടിനടക്കുകയാണ് ചാന്ദിവ്‌ലി നിവാസിയായ വെങ്കിടാചലം.
വെങ്കിടാചലത്തിന് ഒരിക്കൽ തൃശൂരിൽനിന്ന് ഗായകൻ പി.ജയചന്ദ്രന്റെ ഫോൺ കോൾ എത്തി. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ തനിക്ക് അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു കർച്ചീഫ് എങ്കിലും സൂക്ഷിക്കാനായി സംഘടിപ്പിച്ചു തരാമോയെന്നാണ് അഭ്യർഥന. അങ്ങനെ വെങ്കിടാചലം റഫിയുടെ വീട്ടിലെത്തി. 1967ൽ പത്മശ്രീ പുരസ്കാരചടങ്ങിൽ അണിഞ്ഞിരുന്ന ടൈ കൈമാറാൻ മകൾ യാസ്മിനും ഭർത്താവ് പർവേഷും സമ്മതം അറിയിച്ചു. വെങ്കിടാചലവും ഭാര്യ ഗീതയും അതുമായി തൃശൂരിലെത്തി ജയചന്ദ്രനു സമ്മാനിച്ചു. റഫിയുടെ ടൈ ജയചന്ദ്രൻ ഇപ്പോഴും നിധിപോലെ സൂക്ഷിച്ചിരിക്കുന്നു. മുഹമ്മദ് റഫിയുടെ പ്രീമിയർ പദ്മിനി കാർ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കുടുംബത്തിനു കൈമാറിയതിനു പിന്നിലും വെങ്കിടാചലമാണ്.
‘റഫി സാബിന്റെ കാർ ആരും ഉപയോഗിക്കാതെ വീട്ടു പരിസരത്ത് കിടക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് ചെല്ലുമ്പോൾ സ്റ്റാർട്ടാക്കിയിടും. അങ്ങനെ നാളുകൾ കടന്നുപോകവേ, ആ കാർ തനിക്കു തന്നാൽ പൊന്നു പോലെ സൂക്ഷിച്ചോളാമെന്ന് പറഞ്ഞ് എസ്.പി.ബാലസുബ്രഹ്മണ്യം സമീപിച്ചു. ഞാൻ റഫി സാബിന്റെ വീട്ടുകാരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്ക് സമ്മതക്കുറവുണ്ടായിരുന്നില്ല. കൈമാറ്റത്തിനുള്ള രേഖകൾ തയാറാക്കുന്നതിനിടെ കോവിഡ് വ്യാപിച്ചു. പിന്നാലെ, എസ്.പി.ബി അപ്രതീക്ഷിതമായി വിടവാങ്ങി. നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ മകൻ ചരൺ സമീപിച്ചു. അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്ന് അഭ്യർഥിച്ചു. അങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 2021ൽ മുംബൈയിൽനിന്ന് കാർ കണ്ടെയ്നറിൽ ചെന്നൈയ്ക്ക് അയച്ചുകൊടുത്തു’ – വെങ്കിടാചലം പറഞ്ഞു.
മുഹമ്മദ് റഫി മരിച്ച ശേഷമാണ് അദ്ദേഹത്തിനായി വെങ്കിടാചലം ജീവിക്കാൻ ആരംഭിക്കുന്നത്. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ വൈസ് പ്രസിഡന്റായി 2000ൽ വിരമിച്ച വേളയിൽ ഭിന്നശേഷിക്കാർക്കായി വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടന തുടങ്ങിയിരുന്നു. പാട്ടിൽ കമ്പമുള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്നു ശനിയും ഞായറും അദ്ദേഹത്തിന്റെ വീട്ടിൽ ‘പാട്ടുക്കൂട്ടം’ നടത്തിയിരുന്ന കാലമാണത്.
ഒരിക്കൽ പാട്ടുകാരെല്ലാം ചേർന്നു റഫി ഗാനങ്ങൾ കോർത്തിണക്കി ബോംബെ ഐഐടിയിൽ ഗാനമേള അവതരിപ്പിച്ചു. സന്നദ്ധ സംഘടനയ്ക്കു സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ഫണ്ട് സ്വരൂപിക്കാൻ റഫി ഗാനങ്ങൾ പിടിവള്ളിയാക്കിയത് അങ്ങനെയാണ്. ക്ലബ് നൊസ്റ്റാൾജിയ എന്ന പേരിൽ റഫി ഗാനങ്ങൾ അവതരിപ്പിക്കുന്ന ആ സംഘം രൂപീകരിച്ചിട്ട് നാളെ 20 വർഷമാകും. ഇന്ത്യയിലും വിദേശത്തുമായി നാനൂറോളം വേദികളിൽ ഈ കൂട്ടായ്മ റഫിഗാനങ്ങൾ അവതരിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള ഗാനമേളകളിലൂടെ 40 കോടി രൂപയാണ് ഇതുവരെ സ്വരൂപിച്ച് സന്നദ്ധപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്.
ഇത്തരത്തിൽ ഒരു റഫി ഗാനസന്ധ്യ കാണാൻ റഫിയുടെ മകൾ നസ്റീൻ അഹമ്മദും കുടുംബവും എത്തിയ വേളയിലാണ് ട്രൂപ്പിന്റെ അമരക്കാരനായ വെങ്കിടാചലം അവരെ പരിചയപ്പെടുന്നത്. ആ സൗഹൃദം വളർന്നു. റഫിക്കായി ജീവിക്കുന്ന മനുഷ്യൻ ക്രമേണ ആ കുടുംബത്തിലെ അംഗമായി മാറി. ബാന്ദ്രാ റെയിൽവേ സ്റ്റേഷനു സമീപം സ്മാരകം നിർമിക്കുന്നതിന്റെയും റോഡിന്റെ പേരുമാറ്റുന്നതിന്റെയും ഉത്തരവാദിത്തം വെങ്കിടാചലം ഏറ്റെടുക്കുന്നത് അങ്ങനെയാണ്. റഫിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട വേൾഡ് ഓഫ് മുഹമ്മദ് റഫി വെൽഫെയർ ഫൗണ്ടേഷന്റെ ഡയറക്ടറാണ് വെങ്കിടാചലം.