സംഗീതവഴികളിൽ തനിയെ; എം.ടി.യുടെ സംഗീതം
Mail This Article
'മരണത്തെ ജയിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നു വിചാരിക്കുന്നവരുണ്ട്. അവർ ആളുകളെ കൊന്നുകൂട്ടും. വലിയ കെട്ടിടങ്ങൾ നിർമിക്കും. വിലപിടിച്ച രത്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കും. സുന്ദരികളെ ബലപൂർവം സ്വന്തമാക്കും. അധികാരപ്രയോഗങ്ങൾ നടത്തും. കലാകാരന്മാരെ അടിമകളാക്കും. സ്തുതിപാഠകരെ വളർത്തും. ചരിത്രത്തിൽ കയറിക്കൂടാൻ പലതരം ഹീനമായ ഉപായങ്ങൾ പരീക്ഷിക്കും. അങ്ങനെയുള്ളവർ യഥാർഥ ജീവിതം ജീവിക്കുന്നില്ല. മരണഭയം കാരണം ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ അവർ വിഷമിക്കും. മരണമാകട്ടെ, ഇതിനെയെല്ലാം കളിതമാശപോലെയാണ് കാണുന്നത്. ലോകമെമ്പാടുമുള്ള ക്ലാസിക്കുകളിൽ ഈ അവസ്ഥ വർണിക്കുന്നുണ്ട്.
‘രണ്ടാമൂഴം’ എഴുതുന്നതിനിടെ ഇത്തരത്തിലുള്ള ധാരാളം ക്ലാസിക്കുകൾ ഞാൻ വായിച്ചുനോക്കി. അതിനിടയിൽ ഒരു ചെറിയ കാവ്യം ശ്രദ്ധയിൽ വന്നു. പത്തോ എൺപതോ പേജിലേറെ ഉണ്ടാകില്ല. സീമോയീസീയോസ് എന്നു പേരുള്ള ഒരു പോരാളിയാണ് അതിലെ നായകൻ. റോയിറ്റിയോൺ എന്ന ഗ്രാമത്തിലെ കൃഷിക്കാരന്റെ ഇളയ മകൻ. ട്രോജൻ യുദ്ധത്തിന് പുറപ്പെടുന്നതിനു മുൻപായി സീമോയീസീയോസ് കാമുകിയോട് പറയുന്നതുപോലെയാണ് കാവ്യം എഴുതിയിട്ടുള്ളത്. മടങ്ങി വന്നാലുടൻ വിവാഹം നടത്തുമെന്നും അവർക്കു പിറക്കാൻ പോകുന്ന പെൺകുഞ്ഞിനു കളിക്കാൻ ഒരു കുതിരക്കുട്ടിയെ കൂട്ടിക്കൊണ്ടു വരുമെന്നും അയാൾ അവൾക്കു വാക്കു കൊടുക്കുന്നു. അതിനെ കെട്ടിയിടാൻ പല നിറങ്ങളിലുള്ള പട്ടുനൂൽ കൊണ്ട് നിർമിക്കുന്ന കുതിരവാറിനെപ്പറ്റിയും സീമോയീസീയോസ് രസകരമായി വർണിക്കുന്നു. പക്ഷേ പടക്കളത്തിൽ വെച്ച് അജാക്സ് എന്ന ഗ്രീക്ക് പടയാളി അയാളെ ഒറ്റവെട്ടിന് കൊന്നുകളഞ്ഞു. മൂർച്ചയേറിയ കോടാലികൊണ്ട് ഒരു പോളാർ വൃക്ഷം മുറിച്ചിടുന്നതു പോലെ എന്നാണ് ആ ദൃശ്യത്തെ ഹോമർ 'ഇലിയഡി'ൽ അവതരിപ്പിക്കുന്നത്. പക്ഷേ കാവ്യം വായിക്കുന്നവർ സീമോയീസീയോസ് മടങ്ങിപ്പോയതായും പ്രിയപ്പെട്ടവളെ വിവാഹം കഴിച്ചതായും കുതിരക്കുട്ടിയുടെ കൂടെ അവരുടെ കുഞ്ഞുമകൾ ഓടിക്കളിക്കുന്നതായും സങ്കൽപ്പിച്ചുപോകും. അപ്പോൾ ഹൃദയത്തിൽ ഓളങ്ങളുണ്ടാകും. അയാൾ മരിച്ചുപോയിട്ടുണ്ടാകുമോ എന്നൊന്നും വായനക്കാരൻ ആകുലപ്പെടുകയില്ല.
ഈ പ്രതീക്ഷ അവശേഷിപ്പിക്കുന്ന അജ്ഞാതനായ കവി, യാതൊരുവിധ മേൽവിലാസവും ഇല്ലാത്ത കവി, മരണമില്ലാത്തവനായി മാറും. അയാൾ നിശ്ചയമായും മരണത്തെ തോൽപ്പിക്കും. ഇങ്ങനെയുള്ള വിജയമാണ് മനുഷ്യൻ നേടിയെടുക്കേണ്ടത്. നിങ്ങൾ എഴുതിയ ഈ പുസ്തകത്തിലെ ഇൻഡക്സ് നോക്കൂ. പ്രായം വച്ചുനോക്കുമ്പോൾ ഇവരിൽ പകുതിയോളം ഗായകരെ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടാവില്ല. അവർ പാടുന്നത് കസറ്റുകളിൽ മാത്രമാകാം കേട്ടിട്ടുള്ളത്. അവരൊക്കെ നിങ്ങളുടെ കാലത്തിന് വെളിയിലാണ്. പലരും എൻ്റെ കാലത്തിനും വെളിയിലാണ്. എന്നിട്ടും അവർ ജീവിക്കുന്നില്ലേ, മരണമില്ലാത്തവരായി മാറുന്നില്ലേ! ഇത് സാഹിത്യത്തിനുപോലും സാധിക്കുന്നതല്ല. സാഹിത്യകൃതികൾ വായിച്ചു മനസിലാക്കണമെങ്കിൽ നല്ല ഭാഷാ സ്വാധീനം വേണം. എഴുത്തുകാരൻ അവതരിപ്പിക്കുന്ന കൽപ്പനകളെയും പ്രതീകങ്ങളെയും ഗ്രഹിപ്പിക്കാനുള്ള വിദ്യാഭ്യാസവും വിവേകവും വേണം.
സംഗീതം ആസ്വദിക്കാൻ ഇതൊന്നും വേണ്ട. സഹൃദയത്വം മതി. അതാണ് ജോൺമിൽട്ടൺ പറഞ്ഞത്- 'പാടാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ കവിത എഴുതി സമയം കളയുമായിരുന്നില്ല. മിൽട്ടൺ പാട്ടു പഠിച്ചയാളായിട്ടും പറഞ്ഞത് ഇങ്ങനെയാണ്. ഇത് സംഗീതത്തിനുമാത്രം അവകാശപ്പെടാൻ കഴിയുന്ന സവിശേഷതയാണ്. ചെറുപ്പം മുതലേ സംഗീതത്തിന്റെ വക ഭേദങ്ങളിളെല്ലാം എനിക്ക് താത്പര്യമുണ്ട്. അതിനെ പരിപോഷിപ്പിക്കാൻ സാധിച്ചില്ല. എഴുത്തും സംഗീതവും ഒരുമിച്ചു പോകുന്നതല്ല. ഇക്കാര്യം തിരിച്ചറിഞ്ഞതു കൊണ്ട് സംഗീതത്തെ ഞാൻ മനപ്പൂർവം വിട്ടുകളഞ്ഞതാണ്. നിങ്ങൾ അതിനുവേണ്ടി നന്നായി ശ്രമിച്ചു കാണുന്നതിൽ സന്തോഷമുണ്ട്. അഭിനന്ദിക്കാൻ വേണ്ടി പറയുന്നതല്ല, ഇങ്ങനെയുള്ള പുസ്തകങ്ങൾ നമ്മുടെ സാഹിത്യത്തെ വിപുലമാക്കും. ആളുകൾ ഇങ്ങനെയുള്ള കൃതികളും വായിക്കേണ്ടത് ആവശ്യമാണ്.
എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ വച്ചുണ്ടായ ഈ ദീർഘ സംഭാഷണം വള്ളിപുള്ളി വിടാതെ പ്രസിദ്ധമായ ഒരു മാഗസിനിൽ അന്നേ എഴുതിക്കൊടുത്തതാണ്. പ്രതീക്ഷയോടെ ഒരുപാടുകാലം കാത്തിരുന്നു. സംഗീതത്തെ സവർണരുടെ കലയായി ധരിച്ചുവച്ച പത്രാധിപരുടെ കണ്ണിൽ എം.ടി.യുടെ നിരീക്ഷണങ്ങൾ പുരോഗമനപരമായിരുന്നില്ല. ക്രൂരമായി വലിച്ചെറിയപ്പെട്ട വാക്കുകൾ ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടാണെങ്കിലും ലോകത്തിനു മുന്നിൽ എത്താൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇതിനെയും എം.ടി. കാലേകൂട്ടി കണ്ടുകാണണം. അതുകൊണ്ടാവാം, സമയം സാങ്കല്പികമാണെന്നും സമയത്തോടൊപ്പം നടക്കാൻ തിടുക്കപ്പെടരുതെന്നും സമയം വിളിക്കാതെ തന്നെ, നിങ്ങളോടൊപ്പം നടക്കാൻ വന്നുകൊള്ളുമെന്നും മഹാരാജാസിലെ പൊതുചടങ്ങിൽ അദ്ദേഹം എടുത്തുപറഞ്ഞതും.
പ്രഭാഷണത്തിനുശേഷം എം.ടി. ഹോട്ടലിലേക്കു മടങ്ങിയപ്പോൾ ഞാനും പുറകെ ചെന്നു. 'സംഗീതാർത്ഥമു' അദ്ദേഹത്തിനു സമർപ്പിക്കാൻ ഞാൻ ഏറെ നാളായി മോഹിച്ചതാണ്. അത്രമേൽ ഉറപ്പോടെ ഞാൻ വിശ്വസിച്ചിരുന്നു, എഴുതിയില്ലെങ്കിൽ ഗായകനായി മാറുമായിരുന്ന പ്രതിഭാശാലിയാണ് എം.ടി. സംഗീതം ഗൗരവത്തോടെ കേട്ടുതുടങ്ങിയ കാലം തൊട്ടേ ഞാൻ മനസിലാക്കിയിട്ടുണ്ട്, എം.ടിയുടെ എഴുത്തുകളുടെ ശ്രുതി സംഗീതമാണ്. എന്നിട്ടും എം.ടി.യിൽ പ്രസരിക്കുന്ന സംഗീത സൗരഭത്തെപ്പറ്റി ചില പ്രഭാഷണങ്ങൾ നിർവഹിച്ചതൊഴിച്ചാൽ കാര്യമായൊന്നും എഴുതാൻ എനിക്കു സാധിച്ചിട്ടില്ല. എന്നാൽ എഴുത്തിൽ സംഗീതമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ബഷീറിലെ സംഗീതസാന്നിധ്യത്തെ ആധാരമാക്കി ‘ദേവഗാന്ധാരം’ എന്ന സംഗീത പഠനകൃതിയിൽ 'സോ ജാ രാജകുമാരി' എന്ന ശീർഷകത്തിൽ സാമാന്യം ദീർഘമായിതന്നെ ഞാൻ എഴുതിയിട്ടുമുണ്ട്. അതിനുവേണ്ടതായ സംഗീത പരാമർശങ്ങൾ കൃതികളിലിലുടനീളം ബഷീർ നടത്തിയിരുന്നു. അതിനെ പുറത്തുനിന്നേ തിരിച്ചറിയാൻ കഴിയുന്നതാണ്. ഇതേ മാതൃകയിൽ ഒ.എൻ.വിയിലെ സംഗീത സ്വാധീനതകളും വേഗത്തിൽ തിരിച്ചറിയാം. ‘വസന്തമുഖാരി’ എന്ന സംഗീതപഠന കൃതിയിൽ ഒ.എൻ.വിയുടെ സംഗീതരുചികളെ കണ്ടെത്താൻ ഞാൻ യാത്ര പോയിട്ടുണ്ട്.
അപ്പോഴെല്ലാം അങ്ങനെയൊരു തേടൽ എം.ടി.യിലും ഉണ്ടാവേണ്ടതാണെന്ന് ഞാൻ ദൃഢമായി വിശ്വസിച്ചിരുന്നു. കുറെ കുറിപ്പുകൾ തയ്യാറാക്കി. രണ്ടു തവണ എം.ടി.യുമായി സംസാരിച്ചു. പഠനസാധ്യതകൾ ഉറപ്പിച്ചെടുത്തു. പക്ഷേ തേനിൽ മധുരം അലിഞ്ഞു കിടക്കുന്നതുപോലെ, ഓരോ വാക്കിലും വരിയിലും സംഗീതത്തെ സ്വാഭാവികമായി ഉൾക്കൊള്ളുന്ന എം.ടി.യിലെ സംഗീതസാന്ദ്രതയെ വായനക്കാർക്കു കൂടി ബോധ്യപ്പെടുന്ന തരത്തിൽ എഴുതി ഫലിപ്പിക്കാനുള്ള വൈഭവം എനിക്കില്ലാതെ പോയി. അതിനെ അനുഭവിക്കുകയല്ലാതെ, അതിൽ ലയിച്ചു കിടക്കുകയല്ലാതെ വേറെ നിവൃത്തിമാർഗമില്ല.
പ്രാർഥനാപൂർവം കൈകളിൽ വച്ചുകൊടുത്ത ‘സംഗീതാർത്ഥമു ’എം.ടി. ശ്രദ്ധയോടെ മറിച്ചുകൊണ്ടിരുന്നു. സുബ്ബുലക്ഷ്മിയെക്കുറിച്ചുള്ള ‘മധുരമീനാക്ഷി’ എന്ന ലേഖനം അദ്ദേഹം പൂർണമായും വായിക്കാനുള്ള ഉദാരത പ്രദർശിപ്പിച്ചു. ' നന്നായിട്ടുണ്ട് ' എന്ന മന്ത്രണം ഉള്ളിൽ നിന്നും വന്നതായിരുന്നു. തുടർന്നുള്ള സംഭാഷണം എൻ്റെ സംഗീതോന്മാദങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞുവെന്നുള്ള സത്യത്തെ സ്ഥാപിക്കുന്നതായി എനിക്കും ബോധ്യപ്പെട്ടു. ഹോട്ടൽ മുറിയിലെ സുഖകരമായ ശീതളതയിൽ കാലം ഒരു നിമിഷത്തേക്കെങ്കിലും നിശ്ചലമായിരുന്നുവെങ്കിൽ എന്നു ഞാൻ കൊതിച്ചുപോയി. കാപ്പികുടിക്കുന്നതിനിടെ സുബ്ബുലക്ഷ്മി നേരിട്ട ജാതി വിവേചനത്തെപ്പറ്റി ഞാൻ കാണാത്ത ചില ഏടുകൾ കാണിച്ചു തന്നുകൊണ്ട് എം.ടി. ഒരു പഴയ കഥയിലേക്കു കടന്നു.
'അറിയാമല്ലോ, 'തൃഷ്ണ' പ്രമേയത്തിൽ തന്നെ സംഗീതത്തെ കൊണ്ടുവരാൻ ശ്രമിച്ച സിനിമയാണ്. നായകനും നായികയും പാട്ടുകാരാണ്. സിനിമ തരക്കേടില്ലാതെ സ്വീകരിക്കപ്പെട്ടു. അതിനു പുറകെ വേറൊരു സിനിമയുടെ ആലോചനയുമായി ഞാനും ശശിയും മൈലാപ്പൂരിലെ വുഡ് ലാൻഡ്സ് ഹോട്ടലിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് അതിരാവിലെ ഒരു അമ്മയും മകളും എന്നെ കാണാൻ വന്നു. ചാൻസ് തേടിയുള്ള വരവാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. മകൾക്കു വേണ്ടിയിട്ടായിരിക്കും എന്നാണ് കരുതിയത്. അങ്ങനെ പലരും വരാറുള്ളതാണ്. അപ്പോൾ മേശപ്പുറത്തിരുന്ന റേഡിയോയിൽ മദിരാശി നിലയത്തിൽനിന്നുള്ള ഒരു കച്ചേരി കേൾക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടെ ആ സ്ത്രീയും പെൺകുട്ടിയും വളരെ താത്പര്യത്തോടെ പാട്ടുകച്ചേരി ശ്രദ്ധിക്കുന്നത് ഞാൻ കാണാതിരുന്നില്ല. എന്തോ പറയാൻ തുടങ്ങിയ മകളെ അമ്മ തടഞ്ഞു. ഉടനെ അമ്മയുടെ കൈ തട്ടിമാറ്റിക്കൊണ്ട് ആ പെൺകുട്ടി വളരെ സന്തോഷത്തോടെ പറയുകയാണ്-
'സാർ..സാർ ഇത് വന്ത് ടി.എം.ത്യാഗരാജൻ സാറോടെ പാട്ട്. അവർ താൻ എൻ അമ്മാവോടെ ഗുരു.'
എനിക്ക് സംശയമായി, ഇവർ പാട്ടുകാരിയാണോ? പിന്നെ എന്തിനാണ് അഭിനയിക്കാൻ നടക്കുന്നത്? ഞാൻ തുറന്നു പറഞ്ഞു-'ഐ റിയലി ഹാവ് നോ ഇൻവോൾവ്മെന്റ് വിത്ത് മ്യൂസിക്, സോ യു വുഡ് ബി ബെറ്റർ ഓഫ് അപ്പ്രോച്ചിങ് എ മ്യൂസിക് ഡയറക്ടർ, ഇഫ് യു ആർ ലുക്കിങ് ഫോർ ആൻ ഓപ്പർച്യുനിറ്റി.'
അവർ കണ്ണു തുടച്ചുകൊണ്ട് അവരുടെ കഥ പറഞ്ഞു. സംഗീതത്തിനുമേൽ ആധിപത്യം പുലർത്തുന്ന ബ്രാഹ്മണിക്കൽ ഹയറാർക്കിയുടെ വേറൊരു ഇര. അവരും ജാതിയിൽ താഴെയാണ്. പത്തിരുപതുവർഷം സംഗീതം പഠിച്ചതാണെങ്കിലും സംഗീതത്തിൽ നിലനിൽക്കാൻ സാധിക്കുകയില്ല എന്ന സത്യം മനസിലായപ്പോൾ അവർ കണ്ട ജീവിതമാർഗമാണ് അഭിനയം. പിന്നീട് മന:സ്താപം ഉണ്ടാവേണ്ട എന്നു കരുതി ഞാൻ അവർക്ക് ഒരു വേഷം കൊടുത്തുനോക്കി. ടേക്കുകൾ കുറെ കഴിഞ്ഞതോടെ അവരും മടുത്തു. പിന്നെ വന്നിട്ടില്ല.'
എം.ടി. എങ്ങും എഴുതിയിട്ടില്ലാത്ത ഈ അപൂർവ അനുഭവത്തെ ഉപയോഗിക്കാൻ ഞാൻ ഒരുപാട് വൈകിപ്പോയിരിക്കുന്നു. എന്നാലും സംഗീതത്തിലുള്ള എം.ടി.യുടെ സഹജവാസന ബോധ്യപ്പെട്ട ഒരു സന്ദർഭമായി ഇതിനെ ഞാൻ ഓർമയിൽ എടുത്തുവച്ചു. തളിയിൽ ത്യാഗരാജ ആരാധനാ സൊസൈറ്റിയുടെ വേദിയിൽ പി.എസ്. നാരായണ സ്വാമി പാടിക്കൊണ്ടിരിക്കെ അവിചാരിതമായി എം.ടി. കടന്നുവന്നതും കച്ചേരി തീരുന്നതുവരെ തൊട്ടടുത്തിരുന്നതും എങ്ങനെ എന്നിൽ നിന്ന് മാഞ്ഞുപോകും!
കർണാടക സംഗീതത്തിലും ഹിന്ദുസ്താനി സംഗീതത്തിലും എം.ടി. പ്രിയമോടെ കേട്ടുകൊണ്ടിരുന്ന ചില ഗായകരുണ്ട്. അവരെപ്പറ്റി അപൂർവമായ നിരീക്ഷണങ്ങൾ ഹ്രസ്വമാണെങ്കിലും അദ്ദേഹം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ എം.ടി. ജനപ്രിയ ഭാവുകത്വത്തെയാണ് പിന്തുടർന്നത്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ,
ടി.ആർ. മഹാലിംഗം, പാലക്കാട് മണിഅയ്യർ, കാരക്കുറുച്ചി അരുണാചലം, ബഡേ ഗുലാം അലീഖാൻ, ഭീംസേൻ ജോശി, ജസ് രാജ്, ഡി.കെ. പട്ടമ്മാൾ, ഡി.കെ. ജയരാമൻ, ലാൽഗുഡി ജയരാമൻ, ഉമയാൾപുരം ശിവരാമൻ, ഹരിപ്രസാദ് ചൗർസിയ, രവിശങ്കർ, സാകിർ ഹുസൈൻ എന്നിവരെ എം.ടി. വളരെ ഇഷ്ടപ്പെട്ടു. ഇവരിൽ പലരുമായും വ്യക്തിബന്ധവും പുലർത്തിയിരുന്നു. എന്തുകൊണ്ടാണ് അവരെ കുറിച്ചൊന്നും എഴുതാതെ പോയത് എന്നു ഞാൻ ഒരിക്കൽ ചോദിച്ചതാണ്.
'സംഗീതം അതിവിശാലമായ ഒരു മേഖലയാണ്. പലരെയും ഞാൻ കേൾക്കാൻ ശ്രമിച്ചിട്ടുണ്ട്. കേൾക്കാതെ പോയവരാണ് അതിനെക്കാൾ കൂടുതൽ. മദിരാശിയിൽ ഉണ്ടായിരുന്ന കാലത്ത് പലരും സംഗീതസഭകളിൽ കച്ചേരി കേൾക്കാൻ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. അന്നു കേട്ട പാട്ടുകാരുടെ പേരുകൾ ഓർമയില്ല. ചില രാഗങ്ങൾ ഒക്കെ അറിയാം. അതു പോരല്ലോ. നിങ്ങളെപ്പോലെ അതിൽ ഉറച്ചു നിൽക്കണം. എങ്കിൽ മാത്രമേ ആധികാരികമായി എന്തെങ്കിലും പറയാൻ സാധിക്കൂ. സംഗീതം കേട്ടിരിക്കാൻ സുഖമാണ്. ആ സുഖത്തിൽ ഒരംശം ഭാഷയിലൂടെ വായനക്കാരിൽ എത്തിക്കാൻ കഠിനമായ ശ്രമങ്ങൾ ആവശ്യമുണ്ട്. അതുകൊണ്ടാണ് ലോകത്തിൽ സംഗീതലേഖകരുടെ എണ്ണം ഇത്രയും കുറവായിട്ടുള്ളത്. പുറം രാജ്യങ്ങളിൽ ഡേവിഡ് ഏയ്ക്, നെൽസൺ ജോർജ്, എറിക് ആൾട്ടർമാൻ, ജോഡി റോസെൻ, ഫിലിപ് ലാർക്കിൻ, എഡ്വേഡ് സെയ്ദ് എന്നിങ്ങനെ ചിലരുണ്ട്. അങ്ങനെയുള്ളവർ ഇവിടെയും ഉണ്ടാകണം. നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ സംഗീതമെഴുത്ത് വായിക്കാനും ആളില്ല. സംഗീതത്തിൽ ഭ്രാന്തുള്ള കുറെ സ്നേഹിതന്മാർ എനിക്കുള്ളതുകൊണ്ട് അവർ നിർദേശിക്കുന്നവരെയൊക്കെ കേട്ടുനോക്കും. എന്റെ കേൾവിയിൽ എല്ലാവരും മികച്ചതാണ്. അതുകൊണ്ട് കുറെ പേരുകൾ നിരത്തിവച്ച് പണ്ഡിതനാണെന്ന മിഥ്യ സൃഷ്ടിക്കാൻ ഞാൻ തയ്യാറല്ല. എൻ്റെ ഫീൽഡ് വേറെയാണ്. അവിടെത്തന്നെ ചെയ്തു തീർക്കാൻ എത്രയോ ബാക്കി കിടക്കുന്നു. അതിന് സമയം അനുവദിച്ചു കിട്ടാൻ കാലത്തിനു മുൻപിൽ ഞാൻ യാചിച്ചു നിൽക്കുകയാണ്.
എം.ടി. സമ്മതിക്കുന്നില്ലെങ്കിലും എം.ടി.യുടെ സംഗീതജ്ഞാനം സാധാരണമായിരുന്നില്ല. നല്ല ഗ്രഹണശേഷിയും വിവേചന ക്ഷമതയും അദ്ദേഹത്തിൽ ഞാൻ കണ്ടു. സംഗീതത്തിലെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം ബഹുമാനിച്ചു. ഒട്ടേറെ ഗസലുകൾ എം.ടി. ഹൃദിസ്ഥമാക്കി വച്ചിരുന്നു. മിഴ്സാ ഗാലിബ്, മെഹ്ദി ഹസൻ, ഗുലാം അലി, ഫൈസ്, ഫരീദ ഖാനും, ബീഗം അക്തർ എന്നിവരുടെ വരികൾ അദ്ദേഹം അനായാസേന ഉദ്ധരിക്കുന്നത് ഞാൻ ആശ്ചര്യപൂർവം കേട്ടിരുന്നിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ പ്രിയ ഗായകരുടെ പാട്ടുകൾ നിറച്ച ഏതാനും സി.ഡികൾ നേരിൽ കൊടുക്കുവാൻ വേണ്ടി മാത്രമായി ഒരിക്കൽ ഞാൻ നടക്കാവിലെ 'സിതാര'യിൽ പോയത്. അവിടെവച്ച് രണ്ടു ഗായകരെപ്പറ്റിയുള്ള എൻ്റെ വ്യക്തിപരമായ കാഴ്ചപ്പാട് വ്യക്തമാക്കാൻ എം.ടി. ആവശ്യപ്പെട്ടു- ബാലമുരളീകൃഷ്ണയും യേശുദാസും. അവിവേകമായി പോകുമോ എന്ന ഉൾഭയത്തോടു കൂടിയാണെങ്കിലും ഞാൻ മനസ്സ് തുറന്നു. ഓരോ നിരീക്ഷണത്തിനു നേരെയും അതീവ ഗൗരവത്തോടെ 'ഉം, ഉം’ എന്നു മൂളിയതല്ലാതെ യാതൊന്നും പ്രതികരിച്ചില്ല. ലോകം വണങ്ങുന്ന മഹാഗായകരുടെ അരങ്ങിനു വെളിയിലുള്ള നിറഭേദങ്ങളെക്കുറിച്ചുള്ള കേട്ടറിവുകൾ അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. തുടർന്ന് അതിനെ ഭേദിക്കുന്ന ഒരു കഥയും എം.ടി. പറഞ്ഞുതന്നു.
നാരദ ഗാനസഭയിലാണോ കൃഷ്ണ ഗാനസഭയിലാണോ എന്നതിൽ എം.ടി.ക്കും വ്യക്തത ഉണ്ടായിരുന്നില്ല. എങ്കിലും വിശദശാംശങ്ങൾ വളരെ കൃത്യമായിരുന്നു. ഒരു മുതിർന്ന സ്ത്രീയുടെ കച്ചേരിയാണ്. പേരൊഴികെ ബാഹ്യരൂപത്തെപ്പറ്റി സാമാന്യ പരിചയം എം.ടി. തന്നു അവർ കേരളത്തിലും പാടിയിട്ടുണ്ട്. സ്വരങ്ങൾ വിസ്തരിക്കുന്നതിനിടെ സദസ്സിലിരുന്ന ഒരു ചെറിയ പെൺകുട്ടി പൊടുന്നനെ തറയിലേക്കു മറിഞ്ഞു വീണു. കൈകാലുകൾ നിലത്തിട്ടടിച്ചു തുടങ്ങി. ചുഴലിദീനം മൂർച്ഛിച്ചതാണ്. ആളുകൾ പിടിച്ചുയർത്തി. ഗായിക പാട്ടു നിർത്തി താഴേക്കിറങ്ങി വന്നു. കുറച്ചൊന്നു ശാന്തമായപ്പോൾ അവളെ പതിയെ പിടിച്ചുയർത്തിക്കൊണ്ട് അവർ വേദിയിലേക്കു കയറി. കുട്ടിയെ അരികിൽ ഇരുത്തിക്കൊണ്ട് ഭാരതിയാരുടെ വളരെ പോപ്പുലറായ ഒരു കൃതി പാടിത്തുടങ്ങി- 'ചിന്നൻചിരുകിളിയേ കണ്ണമ്മാ.' ഇവിടെയൊക്കെ പലരും പാടിക്കേട്ടിട്ടുണ്ട്. ചരണത്തിൽ എത്തിയപ്പോൾ കൂടെ പാടാൻ ഗായിക പെൺകുട്ടിയെ പ്രോത്സാഹിപ്പിച്ചു. അവൾ അസ്സലായി പാടി. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു. സംഗീതത്തെക്കുറിച്ചുള്ള എന്റെ എക്കാലത്തെയും സങ്കൽപ്പം ഇതാണ്, സംഗീതം ആസ്വാദകരുടെ കണ്ണുകൾ നിറയ്ക്കണം. പക്ഷേ അത് സന്തോഷത്തിലൂടെ വരുന്നതായിരിക്കണം. ഞാൻ മനസിലാക്കുന്നത് ഇവ രണ്ടും ഒരേയിടത്തുനിന്നാണ് ഉറവയെടുക്കുന്നത്, മനുഷ്യന് മനുഷ്യനോടുള്ള സ്നേഹത്തിൽനിന്ന്.
നിത്യവും സത്യമായ വാക്കുകൾ! പ്രണാമം ഗുരുനാഥാ.
(കവിയും ഗാനരചയിതാവുമായ ലേഖകൻ മഹാരാജാസ് കോളേജിൽ പ്രൊഫസറാണ്.)