കാരൾ ഗാനവുമായി ഔസേപ്പച്ചൻ; ഹൃദ്യം, സുന്ദരമെന്ന് ആരാധകർ
Mail This Article
അതിസുന്ദരമായ ക്രിസ്മസ് കാരൾ ഗാനവുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. മനോരമ മ്യൂസികിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. പാശ്ചാത്യ സംഗീതത്തിനൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച മ്യൂസിക് ട്രാക്കാണ് ‘ബെത്‍ലഹമിലെ’ എന്നു തുടങ്ങുന്ന ഗാനം.
‘ദേവദൂതർ പാടി’ തുടങ്ങി ഔസേപ്പച്ചൻ ഈണമിട്ട നിരവധി ഗാനങ്ങൾ മലയാളികളുടെ ക്രിസ്മസ് ആഘോഷരാവിന്റെ ഭാഗമാണെങ്കിലും ഇതാദ്യമായാണ് ഒരു ക്രിസ്മസ് കാരൾ ഗാനം ചിട്ടപ്പെടുത്തുന്നതെന്ന് ഔസേപ്പച്ചൻ പറയുന്നു. ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുജ ജോർജാണ്. കർണാടക മന്ത്രിസഭയിലെ ഏക മലയാളിയായ കെ.ജെ ജോർജിന്റെ ഭാര്യയാണ് സുജ.
പിന്നണിഗായകൻ അമൽ ആന്റണിയും സംഘവുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഭാഷാതിർത്തികൾക്കപ്പുറം എല്ലാവർക്കും ഒരുപോലെ കേട്ട് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഔസേപ്പച്ചൻ പറയുന്നു. ജോയൽ കുര്യാക്കോസാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ലിജോ ലൂയി ആണ് ക്യാമറ. സംവിധായകൻ ജോയൽ തന്നെയാണ് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതും.
സ്വർഗീയാനുഭവം പകരുന്ന ഗാനമെന്നാണ് ആരാധകരുടെ കമന്റ്. ഔസേപ്പച്ചൻ എന്ന സംഗീതമാന്ത്രികന്റെ കയ്യൊപ്പു പതിഞ്ഞ ഗാനം, ഈണവും ഓർക്കസ്ട്രേഷനും അതിഗംഭീരം, ഇന്ത്യൻ മെലഡിയുടെയും പാശ്ചാത്യ സംഗീതത്തിന്റെ ലാളിത്യത്തിന്റെയും മനോഹരമായ ലയനം, എന്നിങ്ങനെ പോസിറ്റിവ് കമന്റുകളാണ് ഗാനത്തിന് ലഭിക്കുന്നത്. അമൽ ആന്റണിക്കൊപ്പം ഈ ഗാനത്തിന് ശബ്ദമായ താഷ അരുണിനെയും നിരവധി പേർ പ്രശംസിച്ചു.