‘മ്യൂസിക് ഇൻഡസ്ട്രി ഭരിക്കാൻ വന്നതല്ല, ജീവിക്കാൻ വേണ്ടി’; വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദർ
Mail This Article
സംഗീതത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. മ്യൂസിക് ഇൻഡസ്ട്രി ഭരിക്കാൻ വന്നതല്ല, ജീവിക്കാൻ വന്നതാണെന്നായിരുന്നു ഗോപി സുന്ദറിന്റെ കമന്റ്. സുഹൃത്ത് മോയനിക്കൊപ്പമുള്ള ചിത്രങ്ങൾക്കു താഴെയാണ് ഗോപി സുന്ദറിനെ വിമർശിക്കുന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
'മലയാളം മ്യൂസിക് ഇൻഡസ്ട്രി ഭരിക്കേണ്ടിയിരുന്ന ആളായിരുന്നു. പിന്നെ എന്തൊക്കെയോ സംഭവിച്ചു. എന്താ ല്ലേ' എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. അതിനു മറുപടിയായി ആയാണ് ഗോപി സുന്ദർ തന്റെ നിലപാട് പ്രഖ്യാപിച്ചത്. 'എടാ, ഞാൻ ഭരിക്കാൻ വന്നതല്ല. ജീവിക്കാൻ വന്നതാണ്. ഭരണം എനിക്ക് താല്പര്യമില്ല. ഞൻ ശാന്തമായി ജീവിക്കുന്നയാളാണ്. പറ്റുമെങ്കിൽ നീയും ഇത് ഫോളോ ചെയ്തോ' എന്നായിരുന്നു ഗോപി സുന്ദറിന്റെ കമന്റ്.
സുഹൃത്തുക്കൾക്കൊപ്പം എന്തു തരം പോസ്റ്റുകൾ ഗോപി സുന്ദർ ഇട്ടാലും 'വരണം, കമന്റ് വായിക്കണം, പോണം' എന്ന തരത്തിൽ കമന്റുകൾ ചെയ്യുന്ന നിരവധി പേരുണ്ട്. 'കമന്റ് മാത്രം വായിക്കാൻ വന്നവരുണ്ടോ' എന്നും 'ഇന്നിനി ഈ കമന്റ് സെക്ഷനിൽ കൂടാം' എന്നും കളിയായി പറയുന്നവരെയും കമന്റ് ബോക്സിൽ കാണാം. വ്യക്തിജീവിതത്തിലേക്ക് നുഴഞ്ഞു കയറി ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് പലപ്പോഴും കുറിക്കു കൊള്ളുന്ന മറുപടി ഗോപി സുന്ദർ നൽകാറുമുണ്ട്.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഇതോടെ പരോക്ഷ പ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തു.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ പോസ്റ്റ് ഗോപി സുന്ദർ പങ്കുവച്ചിരുന്നു. മയോനിക്കൊപ്പമുള്ള ചിത്രത്തിന് ‘വാടാ വാടാ’ എന്ന അടിക്കുറിപ്പ് ചേർത്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഗോപി സുന്ദർ ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും വിമർശകർ വെറുതെ വിടാറില്ല. പലപ്പോഴും അത്തരം കമന്റുകൾക്ക് തക്ക മറുപടിയും ഗോപി സുന്ദർ നൽകാറുണ്ട്.