‘താലി ചാർത്തിയപ്പോൾ കണ്ണു നിറയാൻ കാരണം ആ പാട്ട്’; വെളിപ്പെടുത്തി കീർത്തി സുരേഷ്
Mail This Article
താലി ചാർത്തിയ നിമിഷം കണ്ണു നിറയാനുണ്ടായ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ്. ആന്റണി താലി ചാർത്തിയപ്പോൾ പശ്ചാത്തലത്തിൽ നാദസ്വരം വായിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കളിലൊരാൾ ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലെ ഒരു ഗാനം വച്ചു. ആ പാട്ടാണ് തന്റെ കണ്ണു നിറയിച്ചതെന്ന് കീർത്തി സുരേഷ് പറയുന്നു. ഗലാട്ട ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കീർത്തിയുടെ വാക്കുകൾ: "താലി ചാർത്തുന്ന നിമിഷം വളരെ വൈകാരികമായിരുന്നു. ആ നിമിഷം ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചതാണ്. അദ്ദേഹത്തിന്റെ കണ്ണിലുമുണ്ട് ചെറിയൊരു കണ്ണുനീർ തിളക്കം. ഫോട്ടോയിൽ അതു കാണാനാകില്ല. വിവാഹത്തിന്റെ കാര്യങ്ങൾ ആലോചിക്കുമ്പോൾ തന്നെ ഞാൻ ഇങ്ങനെയാകും ഇരിക്കുക, അദ്ദേഹം എന്റെ കഴുത്തിൽ ഇങ്ങനെയാകും താലി ചാർത്തുക എന്നൊക്കെ ചിന്തിക്കുമല്ലോ. പക്ഷേ, അതു യഥാർഥത്തിൽ നടന്നപ്പോൾ, ശരിക്കും വേറെ ഒരു അനുഭവമായിരുന്നു. ആ ചിത്രത്തിൽ കാണുന്നത് അത്രയും കാലത്തെ ഞങ്ങളുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്. അത് ഒടുവിൽ സംഭവിച്ചു."
"താലി ചാർത്തിയപ്പോൾ നാദസ്വരം വായിക്കുമല്ലോ. അതിനുശേഷം പെട്ടെന്നു തന്നെ ടു സ്റ്റേറ്റ്സ് എന്ന സിനിമയിലെ ഒരു ഗാനം പ്ലേ ചെയ്തു. ഉള്ളം പാടും പാടൽ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനമാണ് ഈ ചിത്രത്തിനൊപ്പം ഞാൻ പോസ്റ്റ് ചെയ്തത്. ആ ഗാനം എന്നെ സംബന്ധിച്ചിടത്തോളം വൈകാരികമാണ്. വിവാഹത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ ഈ പാട്ടാണ് മനസ്സിൽ വരിക. അതു കേൾക്കുമ്പോഴൊക്കെ കണ്ണു നിറയാറുണ്ട്."
"താലി കെട്ടുന്ന സമയത്ത് നാദസ്വരം വായിച്ചതിനു ശേഷം അവർ ഈ പാട്ടു വച്ചു. അപ്പോഴാണ് എന്റെ കണ്ണു നിറഞ്ഞു പോയത്. ആ പാട്ടിന്റെ വരികൾ ഏറെ വൈകാരികമാണ്. അതു തമിഴിലുമാണ്. അതുകൊണ്ടു തന്നെ അതുമായി പെട്ടെന്നൊരു കണക്ട് തോന്നും. ഞാൻ മാത്രമല്ല, ഞങ്ങളെക്കുറിച്ച് അറിയുന്ന എല്ലാവരും വികാരഭരിതരായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത നൂറോളം പേർ അപ്പോൾ കരഞ്ഞിട്ടുണ്ടാകും. ആന്റണി താലി കെട്ടിയതിനുശേഷം ഞാൻ നോക്കുമ്പോൾ എന്റെ ചുറ്റും നിൽക്കുന്നവർ കരയുന്നു. എന്റെ കരച്ചിൽ കഴിഞ്ഞു. നിങ്ങളും അവസാനിപ്പിക്കൂ എന്നു പറയാനാണ് തോന്നിയത്. സത്യത്തിൽ അവർക്കും ഞങ്ങളുടെ വിവാഹം ഏറെ സ്പെഷൽ ആയിരുന്നു," കീർത്തി പറഞ്ഞു.