ADVERTISEMENT

പോപ് ഇതിഹാസം മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അകീം മോറിസിനൊപ്പം പുതുവർഷത്തിൽ ആദ്യമായി പങ്കുവച്ച ചിത്രം ആണ് പ്രചാരണം ശക്തമാക്കിയത്. ചിത്രത്തിൽ വജ്രമോതിരം അണിഞ്ഞ വിരൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന മഡോണയെ കാണാനാകും. അത് വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ മഡോണയോ അകീമോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. 

അകീമും മഡോണയും പ്രണയത്തിലാണെന്ന തരത്തിൽ പലപ്പോഴായി വാർത്തകൾ പ്രചരിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ, ഇരുവരുടെയും ബന്ധം സംബന്ധിച്ച് പലവിധ ചർച്ചകളും ഉടലെടുത്തു. 66 വയസ്സുണ്ട് മഡോണയ്ക്ക്. അകീമിന് 28 ആണ് പ്രായം. മകന്റെ പ്രായം പോലുമില്ലാത്ത ഒരാളുമായി മഡോണ പ്രണയത്തിലാകുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. എന്നാൽ പ്രണയത്തിനു പ്രായമില്ലെന്ന നിലപാടുമായി മറ്റൊരു വിഭാഗം രംഗത്തു വന്നു.  

കഴിഞ്ഞ ജൂലൈയില്‍ അകീം മോറിസിനൊപ്പമുള്ള പ്രണയചിത്രം മഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ് അഭ്യൂഹങ്ങള്‍ക്കു വഴിതുറന്നത്. ഓഗസ്റ്റില്‍ വീണ്ടും അകീമിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് സംശയങ്ങളെ ബലപ്പെടുത്തി. മഡോണയ്ക്കു പിന്നില്‍ ചെറുചിരിയുമായി ഇരിക്കുന്ന അകീം ആയിരുന്നു ചിത്രത്തില്‍. മഡോണയുടെ 66ാം പിറന്നാള്‍ ആഘോഷചിത്രങ്ങളിലും അകീം മോറിസ് നിറസാന്നിധ്യമായിരുന്നു. സെപ്റ്റംബറിലും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നു.  

മഡോണയ്ക്കു പുതിയൊരു പങ്കാളിയുണ്ടെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മകൻ ഡേവിഡ് ബാന്ദ വെളിപ്പെടുത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടു. അമ്മ ചെയ്യാൻ അമ്മ ചെയ്യാൻ ആഗ്രഹിക്കുന്നതൊക്കെ ചെയ്യട്ടെയെന്നും അത് അമ്മയുടെ ജീവിതമാണെന്നും ഡേവിഡ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഡേവിഡിനെ കൂടാതെ റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ലോര്‍ഡ്സ് ലിയോൺ എന്നീ മക്കളുമുണ്ട് മഡോണയ്ക്ക്. 38ാം വയസ്സിലാണ് മഡോണ ആദ്യമായി അമ്മയായത്.

English Summary:

Madonna flaunts diamond ring sparks engagement rumours with boyfriend Akeem Morris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com