ആ സ്വരം നിലച്ചു, 15ാം വയസ്സിൽ; ഒറ്റപ്പാട്ടിലൂടെ വൈറലായ ഗായകൻ സച്ചിൻ പരിയർ അന്തരിച്ചു
Mail This Article
‘ഓഠ ഖോലേരാ’ എന്ന ഒറ്റപ്പാട്ടിലൂടെ വൈറലായ നേപ്പാളി ഗായകൻ സച്ചിൻ പരിയർ (15) വിടവാങ്ങി. കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ 5 വർഷമായി സച്ചിൻ ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസംബർ അവസാനവാരത്തോടെ കടുത്ത പനിയും മസ്തിഷ്കാഘാതവും ഉണ്ടായതിനെത്തുടർന്ന് സച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങളുടെ തകരാർ, എൻസെഫലോപ്പതി, ഗുരുതരമായ അണുബാധ, രക്തസ്രാവം തുടങ്ങിയ സങ്കീർണതകൾ സച്ചിന്റെ അവസ്ഥ കൂടുതൽ വഷളാക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
നാലു വർഷം മുൻപാണ് സച്ചിന്റെ ശബ്ദത്തിൽ ‘ഓഠ ഖോലേരാ’ എന്ന ഗാനം പുറത്തിറങ്ങിയത്. 19 മില്യനിലേറെ ആളുകൾ ഇതുവരെ ഈ ഗാനം ആസ്വദിച്ചു കഴിഞ്ഞു. കൂടാതെ വിവിധ ആൽബങ്ങളും സച്ചിന്റെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഗായകന്റെ അപ്രതീക്ഷിത വേർപാട് സംഗീതലോകത്തെ കണ്ണീരണിയിക്കുകയാണ്.