‘പുലർച്ചെ 2 മണിക്ക് പാടാൻ വരണമെന്ന് റഹ്മാൻ, പറ്റില്ലെന്നു ഞാൻ; ക്രിയേറ്റിവിറ്റിയുടെ പേരിൽ എല്ലാം സഹിക്കേണ്ടതുണ്ടോ?’
Mail This Article
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ വിമർശിച്ച് ഗായകൻ അഭിജിത് ഭട്ടാചാര്യ. റഹ്മാൻ റെക്കോർഡിങ് വൈകിപ്പിക്കാറുണ്ടെന്നും സർഗാത്മകതയുടെ പേരിൽ അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും ക്ഷമിക്കാൻ കഴിയില്ലെന്നും അഭിജിത് പറഞ്ഞു. റഹ്മാനൊപ്പം ഒറ്റപ്പാട്ടിൽ മാത്രമാണ് താൻ സഹകരിച്ചിട്ടുള്ളതെന്നും ആ സമയത്ത് അദ്ദേഹം തീരെ കൃത്യനിഷ്ഠ പാലിച്ചില്ലെന്നും ഗായകൻ കുറ്റപ്പെടുത്തി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ഇക്കാര്യങ്ങൾ വിവരിച്ചത്.
‘മുൻപ് എല്ലാ പ്രമുഖ സംഗീതസംവിധായകരിൽ നിന്നും എനിക്ക് കോളുകൾ വന്നിരുന്നു. അനു മാലിക്, ആനന്ദ്-മിലിന്ദ്, ജതിൻ-ലളിത് തുടങ്ങിയവരൊക്കെ തങ്ങളുടെ പാട്ടുകൾ പാടാൻ വിളിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ ഞാൻ കൂടുതൽ സമയവും ഡബ്ബിങ് തിരക്കിലായിരുന്നു. ഒരു ദിവസം എ.ആർ.റഹ്മാൻ തന്റെ പാട്ടിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ റഹ്മാനെ കാണാൻ പോയി, ഹോട്ടലിൽ കാത്തുനിൽക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ എനിക്ക് കാത്തിരിക്കാനാവില്ലെന്നും രാവിലെ റെക്കോർഡ് ചെയ്യാമെന്നും തീരുമാനിച്ച് അവിടെ നിന്നും മടങ്ങി.
അന്ന രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ പുലർച്ചെ 2 മണിക്ക്, സ്റ്റുഡിയോയിലേക്കു വരണമെന്നു പറഞ്ഞ് ഒരു ഫോൺ കോൾ വന്നു. ഞാൻ ഉറങ്ങുകയാണെന്നു പറഞ്ഞ് ഫോൺ വച്ചു. പിറ്റേന്ന് രാവിലെ ഞാൻ പാടാനായി പോയി, പക്ഷേ റഹ്മാൻ അവിടെ ഉണ്ടായിരുന്നില്ല. കൃത്യമായ സമയങ്ങളിൽ ജോലി ചെയ്യുന്ന ശീലം അദ്ദേഹത്തിനില്ല. ചിട്ടയായ രീതിയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. സർഗാത്മകതയുടെ പേരിൽ, നിങ്ങൾ 3:33 ന് റെക്കോർഡ് ചെയ്യുമെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാകും? എനിക്ക് അത് മനസ്സിലാകുന്നില്ല.
അന്ന് റഹ്മാന്റെ ഒരു അസിസ്റ്റന്റെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അയാൾക്കായിരുന്നു ചുമതല. മുറിയിലെ എയർ കണ്ടീഷനിങ് കാരണം എനിക്ക് ജലദോഷം ഉണ്ടായിരുന്നു. പക്ഷേ ഞാൻ പാടണമെന്ന് അദ്ദേഹം നിർബന്ധിച്ചു. സൂപ്പർ ഫ്ലോപ്പ് സിനിമകൾക്കായി ഞാൻ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ചെയ്തിട്ടുണ്ട്, ഇത് അതിലൊന്നായിരുന്നു. ആരും സിനിമ കണ്ടില്ല. പാട്ട് റഹ്മാന്റേതാണ്. ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന്റെ പേരിലായി. റെക്കോർഡിങ്ങിനു ശേഷം റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി പല തവണ ഞാൻ ശ്രമിച്ചു. പക്ഷേ കൃത്യമായ ഒരു മറുപടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ലഭിച്ചില്ല. ഈ കാര്യങ്ങൾ ചെയ്തുകൊണ്ട് ഒരു കലാകാരൻ വലുതോ ചെറുതോ ആകുന്നില്ല. ഏറെ നേരം അദ്ദേഹത്തെ കാത്തിരുന്നിട്ടുണ്ട്. എന്നിട്ടും കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു’, അഭിജിത് ഭട്ടാചാര്യ പറഞ്ഞു.