‘ഇതൊക്കെ നമുക്കും പറ്റും ബാലയ്യ’; വൈറൽ പാട്ടിനെ എയറിലാക്കി ട്രോളന്മാർ
Mail This Article
സൈബർ ലോകത്ത് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാവുന്ന ഡാകു മഹാരാജിലെ ആദ്യഗാനം. നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുമാണ് ഗാനരംഗത്തിലുള്ളത്. അതിൽ ബാലയ്യയുടെ ചുവടുകൾ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്.
അനുചിതവും സ്ത്രീയെ അപമാനിക്കുംവിധത്തിലുമുള്ള ചുവടുകളാണ് ബാലയ്യ അവതരിപ്പിച്ചതെന്ന തരത്തിൽ വിമർശനം കനക്കുകയാണ്. നൃത്തസംവിധാനം നിർവഹിച്ച ശേഖര്‍ മാസ്റ്ററെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് പ്രേക്ഷകർ. പാട്ട് എയറിൽ ആയതോടെ ട്രോളുകളും സജീവമായി. പാട്ടിനെ കടുത്ത ഭാഷയിൽ പരിഹസിച്ചു കൊണ്ട് ട്രോളന്മാർ പങ്കുവച്ച റീലുകളും ചർച്ചയാവുകയാണ്. ‘ഇതൊക്കെ നമുക്കും പറ്റും ബാലയ്യ’ എന്നാണ് വിഡിയോകൾക്കു താഴെ വരുന്ന കമന്റുകൾ.
തമൻ.എസ് ആണ് ഡാകു മഹാരാജിലെ ഈ പാട്ടിന് ഈണമൊരുക്കിയത്. ഗാനരംഗത്തിലെ നൃത്തച്ചുവടുകളുടെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പാട്ട് ഇതിനകം ഒരു കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെൻഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ബോബി കൊല്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഡാകു മഹാരാജ്’.