‘എനിക്ക് തെറ്റ് പറ്റി’; കണ്ണീരോടെ അന്ന് എംഎസ്‌വി പറഞ്ഞു; പരിഹസിച്ചയാളെക്കൊണ്ട് ആലിംഗനം ചെയ്യിച്ച ‘തമ്പി മാജിക്’!
Mail This Article
"എന്ന കെ പീ.... ഇവനാലെ മുടിയുമാ?" അതിശയവും ആശങ്കയുമായി എംഎസ്‌വി നിർമാതാവ് കെ.പി.കൊട്ടാരക്കരയെ നോക്കി. മലയാളത്തിൽ ഒരു പാട്ടൊരുക്കുമെങ്കിൽ അത് കണ്ടിപ്പാ ഉനക്കാകും എന്ന് മുമ്പെപ്പഴോ പ്രിയ കൂട്ടുകാരന് കൊടുത്ത വാക്ക് പാലിക്കാൻ ഒരുങ്ങിയതാണ് മെല്ലിസൈ മന്നൻ. പക്ഷേ, പാട്ടെഴുതാനായി കെപി കൂട്ടിക്കൊണ്ടുവന്നിരിക്കുന്ന കറുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ കണ്ട് സംഗീത കുലപതിക്ക് ഒട്ടും തൃപ്തി പോരാ! "അവനാലെ മുടിയും.''- മഹാസംഗീതകാരന്റെ ആശങ്കകളൊക്കെ അസ്ഥാനത്താണെന്ന് ഉറപ്പുള്ള കെപി ഒന്നു കഴുത്തു വെട്ടിച്ചു. "അല്ലാ... അവൻ ഒരു ശിന്ന പയൽ താൻ..." പന്ത്രണ്ടു കൊല്ലങ്ങൾക്കുശേഷം
സംഗീത സംവിധാനത്തിന് മലയാളത്തിലേക്കു വന്ന എംഎസ്‌വിക്ക് എന്തുകൊണ്ടോ കെപിയുടെ ഉറപ്പിനോട് അപ്പോഴും അത്ര വിശ്വസം പോരാ.
ഏർക്കാട്ടെ സ്വന്തം വീടു തന്നെയാണ് കൂട്ടുകാരനു വേണ്ടി കംപോസിങ്ങിനായി എംഎസ്‌വി തിരഞ്ഞെടുത്തിരിക്കുന്നത്. മദ്രാസ് വിട്ട് അവിടേക്കെത്തിയതിനു പിന്നിലും ഒരു കാരണം ഉണ്ടായിരുന്നു. തമിഴന് കൊടുക്കാൻ ഡെയ്റ്റില്ലാത്തവണ്ണം തിരക്കേറെയുള്ള എംഎസ്‌വി മലയാളിക്ക് അത് കൊടുത്തെന്നറിഞ്ഞാൽ അവർക്കു സഹിക്കുമോ! അവരെങ്ങാനും അറിഞ്ഞു പോയാൽ നിശ്ചയമാ ഒതച്ചിടുവാങ്കേ - എംഎസ്‌വിക്കും സംശയമില്ല!
കെപിയുടെ ഉറപ്പുമായി 'നരന്ത് ശിന്നപ്പയലിനെ' അടുത്തിരുത്തി മഹാ സംഗീത വിദ്വാൻ അല്പനേരം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാട്ടൊരുക്കലിന്റെ പാഠങ്ങളിൽ ഏറ്റവും ആദ്യം പഠിക്കേണ്ടത് എഴുത്തുകാരന്റെ മനസ്സറിയുക എന്നതാണെന്ന് അദ്ദേഹത്തിനു നന്നായറിയാം. സംഗീതകാരൻ സംഗീതം മാത്രമല്ല ഇംഗിതവും അറിയണമെന്ന് പറഞ്ഞത് മറ്റാരുമല്ലല്ലോ! പല വിഷയങ്ങളിലൂടെ കടന്നുപോയ ആ മഞ്ഞുരുകലിനൊടുവിൽ എംഎസ്‌വിയിലെ അതൃപ്തി പൂർണ തൃപ്തിയിലേക്കു വഴിമാറുകതന്നെ ചെയ്തു. കാരണം, നിറഞ്ഞ സംഗീതത്തിന്റെ ആൾരൂപമായ ആ സ്ഥൂലകായന്റെ മുമ്പിൽ അന്ന് പാട്ടൊരുക്കലിന് പടഞ്ഞിരുന്നത് കാലം കൈതൊട്ടനുഗ്രഹിച്ച മലയാളത്തിന്റെ മുത്ത് ശ്രീകുമാരൻ തമ്പി എന്ന ചെറുപ്പക്കാരനായിരുന്നു! പാട്ടുവഴിയിലേക്കു കാലെടുത്തു വച്ചതേ ഹിറ്റുകളിലേക്കായിരുന്ന ചെറുപ്പക്കാരനുമായുള്ള കൂട്ടുകെട്ടിൽ ഉണ്ടാകാൻ പോകുന്നത് ഒരു നല്ല റിസൽട്ടാകുമെന്നതിൽ തമിഴകത്തിന്റെ ഹൃദയ തന്ത്രികളിൽ സംഗീതത്തിന്റെ ശ്രുതി ചേർത്ത സംഗീതകാരനു പിന്നെ സംശയമേയില്ലായിരുന്നു.
"മട്ടു തരട്ടുമാ?" ഹാർമോണിയത്തെ അല്പംകൂടി അടുത്തേക്ക് ചേർത്തുവച്ച് സംഗീത കുലപതി തികഞ്ഞ ശാന്തതയിൽ പാട്ടെഴുത്തുകാരന്റെ മുഖത്തേക്കു നോക്കി. എഴുതാൻ ട്യൂൺ തരട്ടെ എന്ന ചോദ്യം കേട്ട് തമ്പി ആദ്യം ഒന്നു പതറി. എങ്കിലും തലക്കനമേതുമില്ലാത്ത പാട്ടുശിൽപിയോട് മലയാളത്തിന്റെ പാട്ടുരീതി പറയാൻ തമ്പിക്കുണ്ടോ മടി! പാട്ടെഴുതി ട്യൂൺ ചെയ്യുകയാണ് ഇവിടുത്തെ പതിവെന്ന് തമ്പി അറിയിച്ചപ്പോൾ കെ.പിയും കൂടെയുള്ള മറ്റുള്ളവരും അതിനെ ശരിവയ്ക്കുകയും ചെയ്തു. "ആനാ ഒരു പ്രചനം ഇരുക്ക്... എനക്ക് മലയാളം നല്ലാ പുരിയാത്!" എംഎസ്‌വിയുടെ കരിയറിലെ രണ്ടാമത്തെ മലയാള ചിത്രമായ ലങ്കാദഹന (1971) ത്തിനു വേണ്ടി അന്ന് പാട്ടൊരുക്കാനിരുന്ന അനുഭവത്തിന് ശ്രീകുമാരൻ തമ്പിയുടെ മനസ്സിൽ എന്നും ചെറുപ്പം തന്നെ. "വലിയ അക്ഷരങ്ങളിൽ വരികൾ എഴുതിയാൽ മതി, അത് വായിച്ചെടുത്തോളാമെന്ന ഉപായം അന്ന് വിശ്വേട്ടൻതന്നെയാണ് മുന്നോട്ട് വച്ചത്."- ചരിത്ര മുഹൂർത്തത്തെ അത് മെനഞ്ഞവർക്ക് മറക്കാനാവുന്നതെങ്ങനെ! ഏർക്കാട്ടെ സ്വച്ഛശാന്തതയിൽ ആദ്യഗാനം പിറവിയ്ക്കൊരുങ്ങുമ്പോൾ കാലം മറക്കാത്ത ഒരു കൂട്ടുകെട്ടിന്റെ യുഗപ്പിറവി കൂടിയായിരുന്നു അന്നവിടെ.
* * * * *
"ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിയ്ക്കാതെ." മനുഷ്യരൂപം പൂണ്ട സംഗീതത്തിന്റെ മുമ്പിലേക്കു തന്റെ സകല പ്രതീക്ഷകളേയും അക്ഷരങ്ങളാക്കി തമ്പി ആദ്യവരി പറഞ്ഞു. കേട്ടപാടെ ഹാർമോണിയത്തിനു മീതേ വിശ്രമത്തിലായിരുന്ന വിരലുകളെ ഒന്ന് 'അഴിച്ചു വിട്ട്' എംഎസ്‌വി ഒരീണം മൂളി. തമിഴ് ശൈലിയുടെ അതിരു വിടാത്ത ആ ഈണം തന്റെ സങ്കൽപത്തിനു വിരുദ്ധമായാണ് പോകുന്നതെന്നു കണ്ട തമ്പി പക്ഷേ മ്ലാനവദനനായി! "എന്നാച്ച്?" - തമ്പിയുടെ മുഖഭാവം ശ്രദ്ധിച്ച സംഗീതകാരൻ അദ്ഭുതം കൂറി "ഞാൻ പ്രതീക്ഷിച്ചത് ഇതല്ല...." ഒരു സെമി ക്ലാസിക്കൽ രാഗത്തിൽ തന്റെ വരികൾക്ക് ഈണമൊരുങ്ങുന്നത് കാണാനിരുന്ന തമ്പി തന്റെ നിരാശ തുറന്ന് പറഞ്ഞു. പാട്ടിന്റെ പശ്ചാത്തലവും കഥാസന്ദർഭവും വിവരിച്ച് തന്റെ ഉള്ളിലിരുപ്പും ഒരു മടിയുമില്ലാതെ പറഞ്ഞ് രാഗങ്ങളുമായി കെട്ടുപിണഞ്ഞ മലയാള ശൈലിയെ ആ വലിയ സംഗീതകാരന് പരിചയപ്പെടുത്താൻ ആ 'ശിന്നപ്പയൽ' അന്ന് മടിച്ചില്ല. "അപ്പടിയാ!" - തമ്പിയുടെ വിവരണം ക്ഷമയോടെ കേട്ടിരുന്ന എംഎസ്‌വി എല്ലാം മനസ്സിലായെന്ന മട്ടിൽ തലയൊന്നാട്ടി. അടുത്ത ക്ഷണം വിഷാദമധുരം ചാലിച്ച ശിവരഞ്ജിനിയിൽ ഏഴരക്കട്ടയ്ക്ക് ഒന്നേറ്റുപിടിച്ചു! കാലം കാത്തിരുന്ന പാട്ടിന്റെ പിറവിക്ക് പിന്നെ കാലതാമസമേതുമില്ലായിരുന്നു.
വിളിയ്ക്കാത്ത വിരുന്നിന് ഉണ്ണാൻ ചെല്ലരുതെന്ന പൊതുതത്വം മറന്നത് അന്ന് ഈശ്വരൻ തന്നെയാണ്, അതും... രാജകൊട്ടാരത്തിലേക്ക്! അഭിനവ ഭക്തൻമാരുടെ ആണ്ടുപിറപ്പടിയന്തിരങ്ങളിൽ ഒഴിഞ്ഞു നിൽക്കാറുള്ള ദൈവം എന്തുകൊണ്ടാവാം അന്നവിടെ എത്തിയത്? ഈശ്വരൻ എന്തെന്നറിയാത്ത സമകാലീന ഭക്തിപരതയുടെ മുഖംമൂടി അഴിച്ചുകാട്ടലോ, ദൈവത്തിനുമേൽ ചാർത്തിക്കിട്ടിയ അസാധാരണത്വങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തലോ... എന്തെങ്കിലുമാവട്ടെ കവിയുടെ ഉദ്ദേശ്യം. എന്നാൽ അതിനു കൈവന്ന ദാർശനിക മാനം, പാട്ടെഴുത്ത് വഴിയിൽ ഏറെ പാരമ്പര്യമില്ലാത്ത ഒരു മുപ്പതുകാരനിൽ നിന്നുമുള്ളതാണെന്നത് അത്ഭുതമല്ലാതെ വരുമോ! പന്തിയിലേക്കു കയറാനാവാതെ മതിൽക്കെട്ടിനു മുന്നിൽ നിൽക്കേണ്ടി വന്ന ദൈവത്തിന്റെ ആ നിസ്സഹായതയെ ഇത്ര ദൈന്യമായി വരച്ചിട്ട മറ്റൊരു ഗാനമുണ്ടാവുമോ..... അറിയില്ല! പ്രണയവും സൗന്ദര്യ വർണനകളും നിലയില്ലാതൊഴുകേണ്ട തൂലികയിൽ നിന്നുമാണ് ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്കും അതിന്റെ അർഥതലങ്ങളിലേക്കും കേൾവിക്കാരനെ തള്ളിവിടാൻ പോന്ന വരികളുടെ പിറവി.
പറയേണ്ട വിഷയം എന്താകണമെന്നും എങ്ങനെയാകണമെന്നും നന്നായറിഞ്ഞുതന്നെയായിരുന്നു തമ്പിയുടെ പാട്ടെഴുത്ത്. വയലാറും പി.ഭാസ്കരനും ഒഎൻവിയുമൊക്കെ മഹാമേരുക്കളായി മുമ്പിൽ നിൽക്കുമ്പോൾ ഒന്നും കാണാതായിരുന്നില്ലല്ലോ ആ ഒരുങ്ങിവരവ്. നിസ്സഹായനായ ദൈവത്തെ അവതരിപ്പിക്കാൻ എഴുത്തുമാന്ത്രികന് ഏറെ ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല. കേൾവിയിടങ്ങളേയും നിശ്ചലമാക്കിക്കളഞ്ഞ ആ നിസ്സഹായത ഒരു പിടി ചോറിനായി യാചിക്കുമ്പോൾ ഉള്ളൊന്നു പിടയും... സകല ആശകളും നശിച്ചവനു നേരെയുള്ള, അവനെ തളർത്താൻ പോന്ന അട്ടഹാസങ്ങളുടെ ഹൃദയ ശൂന്യതയിലേക്കു കേൾവികൾ ചെന്നു പതിക്കും.... തളർന്നു പോയവന്റെ മുമ്പിൽ വാളോങ്ങി നിൽക്കുന്ന അധീശത്വം ഓരോ കാലത്തേയും ഒപ്പം കൂട്ടുകയാണ്.
"ആടകൾ ചാർത്തിയ തന്മണി വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..."
തിരിച്ചറിയപ്പെടാനാവാതെ പോയ തന്റെ സ്വത്വത്തെയോർത്ത് ദൈവം വല്ലാതെയൊന്ന് തേങ്ങിയിട്ടുണ്ടാകുമെന്ന് പറയാൻ മറ്റൊരു വിശദീകരണം എന്തിന്! ദൈവത്തിന്റെ ആ തേങ്ങലിനെ ഒളിപ്പിച്ച വരികളിൽ തമ്പിയിലെ വിപ്ലവവീര്യം കെട്ടുപൊട്ടിക്കുന്നതും എത്ര കൃത്യമായി കാണാനാകുന്നു! ഒടുവിൽ സർവശക്തനെന്ന ആലങ്കാരികത അധികാരപ്രമത്തതയ്ക്കു മുമ്പിൽ അടിയറവ് പറയുന്ന ഇതിവൃത്തം.... ഞെട്ടിച്ചു കളഞ്ഞു! കുത്തിനോവിക്കുന്ന പരിഹാസപ്പെരുമഴയിൽ ഏത് ശ്രേഷ്ഠതയും തലകുനിയ്ക്കുമെന്ന സൈക്കോളജിയുടെ കാവ്യഭാഷ്യം സഹൃദയലോകത്തിനു മുന്നിൽ അങ്ങനെ പുത്തൻ അനുഭവമായി.
വളരെ ഹൃദ്യമായി വൈകാരികത ഒട്ടും ചോരാത്ത സ്വരഭംഗിയിൽ ആലപിച്ചാണ് ആസ്വാദകർക്കു മുമ്പിലേക്കു യേശുദാസ് ഗാനത്തെ സമ്മാനിച്ചത്. സെമി ക്ലാസിക്കലുകൾ കൈകാര്യം ചെയ്യുമ്പോൾ ആ ആലാപനത്തിന് കൈവരുന്ന അനിതരസാധാരണമായ ഭാവശുദ്ധി ഈ ഗാനത്തിലും ആവോളം ഉണ്ടായിരുന്നു. ഫലത്തിൽ മലയാളത്തിന്റെ പാട്ടു പെരുമയിലേക്കു മറ്റൊരു വിസ്മയം കൂടി അങ്ങനെ ചേർക്കപ്പെട്ടു.
സ്റ്റുഡിയോയിൽ ദാസ് പാടി നിർത്തുമ്പോൾ എംഎസ്‌വി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു തമ്പിയെ അടുത്തേക്കു വിളിച്ച് ഒന്ന് ചേർത്ത് പുണർന്നു. ശേഷം ആ തോളത്ത് കൈ വെച്ച് പറഞ്ഞു - "നിന്നെക്കൊണ്ടാവില്ലെന്നു കരുതിപ്പോയ എനിക്ക് വലിയ തെറ്റാണ് തമ്പീ പറ്റിപ്പോയത്... നീ പെരിയവൻ താൻ, അന്ത കണ്ണദാസൻ മാതിരി ഇരിക്ക്." - തികഞ്ഞ വാത്സല്യത്തോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഒരെഴുത്തുകാരിൽ ഒരാളോട് തമ്പിയെ ഉപമിക്കുമ്പോൾ ആ വലിയ മനുഷ്യന്റെ കണ്ണുകളിൽ അന്ന് നനവ് പടർന്നിരുന്നു. അവിടെത്തുടങ്ങിയ ആത്മബന്ധം മറ്റൊരു ചരിത്രത്തിലേക്കും വഴിതുറന്നിരുന്നു - തമ്പിയുടെ വരികളിൽ നിന്നാണ് മലയാളത്തിൽ എംഎസ്‌വി ഏറ്റവും കൂടുതൽ ഹിറ്റുകൾ മെനഞ്ഞത്!
* * * * *
പതിവുപോലെ കവിജ്ഞർ കണ്ണദാസൻ ടെറസിനുമുകളിൽ കിടന്ന് ആകാശത്തേക്കു നോക്കി പാടാൻ തുടങ്ങി. അല്പം മദ്യം അകത്തു ചെന്നാൽ ഇതാണ് പതിവ്. പാടുന്നതോ, ശ്രീകുമാരൻ തമ്പിയുടെ വരികളും! അന്ന് മകൻ ഗാന്ധിയെ വിളിച്ച് അടുത്തു നിർത്തി. "വയസ്സില് എന്നൈവിടെ റൊമ്പ ചിന്നവൻ. എവ്വളവ് അഴകാ എഴുതിയിരുക്ക്... പാർ." - തലയ്ക്ക് പിടിച്ചത് മദ്യമോ ശ്രീകുമാരൻ തമ്പിയുടെ വരികളോ... തമ്പിയെ ആവോളം പ്രകീർത്തിക്കുന്ന വാക്കുകൾ കേട്ട ഗാന്ധി അന്നും ഏറെയൊന്നും ചിന്തിച്ചില്ല, കാരണം ഇത് അച്ഛന്റെ പതിവാണല്ലോ!