മാനസികമായി തകർന്നു, അനുഭവിച്ചെങ്കിൽ മാത്രമേ നിങ്ങൾക്കത് മനസ്സിലാകൂ: ഉദിത് നാരായൺ
Mail This Article
താമസസ്ഥലത്ത് തീപിടുത്തത്തെത്തുടർന്നുണ്ടായ അപകടത്തെക്കുറിച്ചു പ്രതികരിച്ച് ഗായകൻ ഉദിത് നാരായണ്‍. സംഭവം തന്നെ മാനസികമായി ഉലച്ചുവെന്നും അതിൽ നിന്നു പുറത്തുകടക്കാൻ കുറച്ച് സമയം വേണ്ടിവരുമെന്നും ഗായകൻ പ്രതികരിച്ചു.
‘ഈ സംഭവം എന്നെ മാനസികമായി വല്ലാതെ ബാധിച്ചു. അത് മറികടക്കാൻ കുറച്ച് സമയമെടുക്കും. ഇത്തരമൊരു സംഭവത്തെക്കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾക്ക് അതുതന്നെയല്ലേ തോന്നുക? ഇപ്പോൾ ഞാൻ അനുഭവിക്കുന്ന അവസ്ഥയിലൂടെ കടന്നു പോയെങ്കിൽ മാത്രമേ നിങ്ങൾക്കും ആ വേദന മനസ്സിലാകൂ’, ഉദിത് നാരായണ്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയാണ് മുംബൈയിൽ ഉദിത് നാരായൺ താമസിക്കുന്ന അപാർട്മെന്റ് കോംപ്ലക്സിൽ തീപിടുത്തമുണ്ടായത്. അന്ധേരി വെസ്റ്റ് ശാസ്ത്രി നഗറിലെ സ്കൈപാൻ കോംപ്ലക്സ് ബി വിങ്ങിലെ 11–ാം നിലയിലായിരുന്നു അപകടം. സംഭവത്തിൽ ഒരു മുതിർന്ന പൗരൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. നാലു മണിക്കൂർ പരിശ്രമിച്ചാണു തീയണച്ചത്. എ വിങ്ങിൽ താമസിക്കുന്ന ഉദിത് നാരായൺ സുരക്ഷിതനാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.