‘എന്റെ അനുജൻ മരിച്ചു, ഞാൻ ജീവിച്ചിരിക്കുന്നു’; നെഞ്ചുലഞ്ഞ് ശ്രീകുമാരൻ തമ്പി
Mail This Article
പി.ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ജയചന്ദ്രനുമായി ദീർഘകാലത്തെ ബന്ധമാണ് ശ്രീകുമാരൻ തമ്പിക്ക് ഉള്ളത്. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ആളാണ് ജയചന്ദ്രൻ എങ്കിലും ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലും വളരെ നന്നായി പാടുമെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. സഹഗായകരെക്കുറിച്ച് നല്ലവാക്കുകൾ പറയുന്ന മറ്റൊരു ഗായകനെ താൻ കണ്ടിട്ടില്ല. താൻ ഒന്നുമല്ലാത്ത കാലത്ത് തന്റെ സഹോദരിയുടെ വിവാഹത്തിന് ജയചന്ദ്രൻ വന്നു പാടിയിട്ടുണ്ട് എന്ന് ശ്രീകുമാരൻ തമ്പി ഓർമിച്ചു. ജയചന്ദ്രന് വേണ്ടി ഏറ്റവുമധികം പാട്ടുകൾ രചിച്ചിട്ടുള്ളത് താനാണെന്ന് അഭിമാനത്തോടെ പറയുമെന്നും അനുജന് തുല്യമായ ജയൻചന്ദ്രൻ വിടപറഞ്ഞ ദുഃഖം എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ലെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
‘ജയചന്ദ്രൻ മറ്റു പാട്ടുകാരെ കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. അത് അദ്ദേഹത്തിന്റെ വലിയ മഹത്വം. മറ്റു പാട്ടുകാരെ വാഴ്ത്തുന്ന വേറൊരു ഗായകനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം സ്നേഹിച്ചത് സംഗീതത്തെയാണ്. എല്ലാ സംഗീതജ്ഞരേയും അദ്ദേഹം സ്നേഹിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ടിരുന്നാൽ വിവിധ ഭാഷകളിലുള്ള പാട്ടുകാരെക്കുറിച്ചായിരിക്കും അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുക. പല ഭാഷകളിലുള്ള പാട്ടുകൾ അദ്ദേഹത്തിന് ഓർമയുണ്ട്, അത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്.
സംഗീതം ജയചന്ദ്രന്റെ ആത്മാവായിരുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ഭാവം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഒരു പ്രത്യേകതയാണ്. ജയൻ ഒരു വാക്കിനും കൊടുക്കുന്ന സ്ട്രെസ് ഭയങ്കരമാണ്. എന്നേക്കാൾ നാല് വയസ്സ് ഇളയതാണ് ജയചന്ദ്രൻ. ഞങ്ങൾ ഒരുമിച്ചാണ് സംഗീതലോകത്ത് വന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും പാട്ടുകൾ ഒരേസമയത്താണ് പുറത്തുവന്നത്. 58 വർഷമായി ഉള്ള ഒരു സൗഹൃദമാണ് ഇപ്പോൾ അവസാനിച്ചത്. എനിക്ക് ഇന്ന് രാത്രി തന്നെ തൃശൂർ പോകണം എങ്ങനെയാണെന്ന് അറിയില്ല. ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയത് ഞാൻ ആണ്. ഞങ്ങൾ പരിചയപ്പെട്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ എന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. അന്ന് ജയചന്ദ്രൻ പറഞ്ഞു ഞാൻ വന്നു പാട്ടുപാടാം. അന്ന് ഞാൻ അറിയപ്പെട്ടു തുടങ്ങിയിട്ടില്ല. കല്യാണത്തിന് ദക്ഷിണാമൂർത്തി സ്വാമിയുടെ കച്ചേരിയും ജയന്റെ പാട്ടുകളും ഉണ്ടായിരുന്നു. ദേവരാജൻ മാസ്റ്ററുടെ ഞാൻ എഴുതിയ മലയാള ഭാഷതൻ എന്ന പാട്ട്, ചന്ദനത്തിൽ കടഞ്ഞൊരു സുന്ദരി, രാജീവലോലനെ നീയുറങ്ങൂ, അങ്ങനെ എത്ര എത്ര പാട്ടുകൾ. ഞാനും എം.എസ്.വിശ്വനാഥനും ചേർന്ന് ചെയ്ത പാട്ടുകൾ അദ്ദേഹം പാടി. ജയചന്ദന് വേണ്ടി ഏറ്റവും കൂടുതൽ പാട്ട് എഴുതിയത് ഞാൻ ആണെന്ന് അഭിമാനപൂർവം പറയുന്നു. കുറച്ചു ദിവസം മുൻപ് ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കു മുൻപ് അദ്ദേഹം ഒന്ന് വീണിരുന്നു. ഇപ്പോഴും എന്തോ സംഭവിച്ചിട്ടുണ്ട് എന്താണെന്ന് അറിയില്ല. എന്നേക്കാൾ നാല് വയസ്സ് കുറവുള്ള എന്റെ അനുജൻ മരിച്ചിരിക്കുന്നു, ഞാൻ ജീവിച്ചിരിക്കുന്നു. എന്റെ ദുഃഖം എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല’, ശ്രീകുമാരൻ തമ്പി പറഞ്ഞു.