ADVERTISEMENT

പോപ് താരം സെലീന ഗോമസ് വിവാഹിതയാകാനൊരുങ്ങുന്നു. റെക്കോർഡ് പ്രൊഡ്യൂസറും ഗാനരചയിതാവുമായ ബെന്നി ബ്ലാങ്കോ ആണ് വരൻ. ഇപ്പോഴിതാ മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിനെ സെലീന വിവാഹത്തിനു ക്ഷണിക്കുമോ എന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റിൽ ജസ്റ്റിൻ ബീബർ ഇല്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണമില്ല. 

വേർപിരിഞ്ഞെങ്കിലും സെലീനയുമായി നല്ല സൗഹൃദത്തിൽ തുടരാൻ ജസ്റ്റിൻ ബീബർ ആഗ്രഹിച്ചിരുന്നു. സമൂഹമാധ്യമ പ്രതികരണങ്ങളിലൂടെ ഇക്കാര്യം ബീബർ പലപ്പോഴും അറിയിച്ചിട്ടുമുണ്ട്. എന്നാൽ അദ്ദേഹത്തെ സുഹൃത്തായി പരിഗണിക്കാൻ സെലീന ഒരുക്കമായിരുന്നില്ല. വിവാഹം അടുത്തിരിക്കുന്ന വേളയിലും ഗായിക അതേ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നാണു വിവരം. 

സെലീന ഗോമസും ജസ്റ്റിൻ ബീബറും തമ്മില്‍ സൗഹൃദം ഇല്ലെങ്കിലും ഇരുവരുടെയും പങ്കാളികൾ ആ നിലപാട് സ്വീകരിച്ചിട്ടില്ല. ബീബറിന്റെ പങ്കാളിയായ ഹെയ്‌ലി ബാൾഡ്‌വിൻ, സെലീനയുമായി സൗഹൃദത്തിൽത്തന്നെയാണിപ്പോഴും. സമൂഹമാധ്യമങ്ങളിൽ ഇരുവരും പരസ്പരം പിന്തുടരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് സെലീന തന്റെ പ്രണയം പരസ്യപ്പെടുത്തിക്കൊണ്ടു പങ്കുവച്ച പോസ്റ്റിന് ഹെയ്‌ലി ലൈക്ക് അടിച്ചതും ബീബർ പ്രതികരിക്കാതിരുന്നതും ഏറെ ചർച്ചയായിരുന്നു. 

ഏതാനും വർഷങ്ങൾക്കു മുൻപ് ഹെയ്‌ലി, സെലീനയുടെ മടിയിലിരിക്കുന്ന ചിത്രം പുറത്തുവന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. തങ്ങൾക്കിടയിൽ മോശമായ വികാരങ്ങളൊന്നുമില്ലെന്ന് ഹെയ്‌ലിയും സെലീനയും തെളിയിക്കുകയാണെന്നായിരുന്നു ആ സൗഹൃദച്ചിത്രത്തെക്കുറിച്ച് ജസ്റ്റിൻ ബീബർ അന്ന് പ്രതികരിച്ചത്. എന്നാൽ പിന്നീട് ദീർഘകാലത്തേക്ക് ഇരുകൂട്ടരും തമ്മിൽ പരസ്യമായ ആശയവിനിമയമൊന്നും ഉണ്ടായില്ല. 

മാത്രവുമല്ല, ജസ്റ്റിൻ ബീബർ, താൻ പിതാവാകാൻ ഒരുങ്ങുന്നുവെന്നു പ്രഖ്യാപിച്ച് ഹെയ്‌ലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ സെലീന ‘പരിഹാസ പോസ്റ്റു’മായി എത്തുകയും ചെയ്തു. പ്രിയപ്പെട്ടയൊരാളുടെ കൈ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ മുഖം അവ്യക്തമായിരുന്നതിനാൽ സെലീനയ്ക്കൊപ്പമുള്ളത് ആരാണെന്നു മനസ്സിലായില്ല. തുടർന്നുള്ള ദിവസങ്ങളിൽ ബെന്നി ബ്ലാങ്കോയ്ക്കൊപ്പമുള്ള ചിത്രം പരസ്യപ്പെടുത്തി ഗായിക പ്രണയബന്ധം സ്ഥിരീകരിക്കുകയായിരുന്നു.

2011ലാണ് ജസ്റ്റിൻ ബീബറും സെലീന ഗോമസും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകൾ പുറത്തുവന്നത്. പ്രണയകാലത്ത് ജസ്റ്റിൻ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പിന്നീട് സെലീന തന്നെ രംഗത്തെത്തുകയും ചെയ്തു. 2018ൽ ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലിയെ വിവാഹം ചെയ്തു. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. 

ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഡിസംബറിൽ സെലീന ഗോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവാഹ തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിവാഹത്തിന് ജസ്റ്റിൻ ബീബറിനെ ക്ഷണിക്കുമോ എന്നും ഇരുകൂട്ടരും തമ്മിലുള്ള സൗഹൃദം പുനഃസ്ഥാപിക്കപ്പെടുമോ എന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

English Summary:

Selena Gomez snubs ex boyfriend Justin Bieber from her wedding invitation list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com