ഭക്തിയുടെ കർപ്പൂരം!
Mail This Article
നെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു
നെയ്‌വിളക്കാകേണം എന്റെ ജന്മം....
‘പുഷ്പാഞ്ജലി’ എന്ന കസെറ്റിനുവേണ്ടി എസ്.രമേശൻനായരെഴുതി പി.കെ.കേശവൻ നമ്പൂതിരി ഈണമിട്ട ഈ ഗാനം ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു മഹാനടനുണ്ടായിരുന്നു-സാക്ഷാൽ ശിവാജി ഗണേശൻ. ജയചന്ദ്രനെ കാറിൽ കയറ്റി, വീട്ടിൽ വിളിച്ചുകൊണ്ടുപോയി ഈ ഗാനം പാടിച്ചുകേൾക്കുമായിരുന്നു അദ്ദേഹം. എത്ര വലിയ പുരസ്കാരത്തെക്കാളും താൻ വലുതായി കരുതുന്നത് ആരാധിക്കുന്ന ഒരു മഹാപ്രതിഭയിൽനിന്നു ലഭിച്ച ഈ അംഗീകാരമാണെന്ന് ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്.
സിനിമയിൽ അല്ലാതെ നാടകങ്ങൾക്കും വിവിധ ആൽബങ്ങൾക്കും ദൂരദർശനുമൊക്കെയായി മലയാളത്തിൽ 1,700 ഓളം പാട്ടുകൾ ജയചന്ദ്രൻ പാടിയിട്ടുണ്ട്. അവയിൽ പലതും ഹിറ്റുകളാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധമായ ഭക്തിഗാന ആൽബമാണ് പുഷ്പാഞ്ജലി (1981). സുഹൃത്തായ കേശവൻനമ്പൂതിരിക്ക് ഓൾ ഇന്ത്യ റേഡിയോയുടെ തൃശൂർ നിലയത്തിൽ മ്യൂസിക് കംപോസറായി നിയമനം കിട്ടാൻ പാടിയതാണ് ഈ ഗാനങ്ങൾ. രമേശൻനായരുടെ വരികൾ ചിട്ടപ്പെടുത്തി അദ്ദേഹം മദ്രാസിൽ ജയചന്ദ്രനരികിലേക്കെത്തുകയായിരുന്നു. അതിലെ 10 പാട്ടുകളും ഒറ്റ ദിവസം കൊണ്ടാണു റിക്കോർഡ് ചെയ്തത്. ‘വിഘ്നശ്വരാ ജന്മ നാളികേരം’, ‘നീലമേഘം ഒരു പീലിക്കണ്ണ്’, ‘വടക്കുംനാഥനു സുപ്രഭാതം പാടും’, ‘ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം’, ‘തുയിലുണരുക തുയിലുണരുക’, ‘നെയ്യാറ്റിൻകര വാഴും കണ്ണാ’ തുടങ്ങിയ ഗാനങ്ങളെല്ലാം പ്രചാരം നേടി.
ജയചന്ദ്രന്റെ ഭക്തിഗാനങ്ങളിൽ പ്രസിദ്ധമായ മറ്റൊന്ന് ‘ദീപം, മകര ദീപം'’ എന്ന ആൽബത്തിലേതാണ്. ബിച്ചുതിരുമല എഴുതി ഈണമിട്ട ഇതിലെ ഗാനങ്ങൾക്കു പശ്ചാത്തലസംഗീതമൊരുക്കിയത് രവീന്ദ്രൻ ആയിരുന്നു.
'കുളത്തൂപ്പുഴയിലെ ബാലകനേ, ‘മണികണ്ഠന് മലമേലൊരു മണിമന്ദിരമുണ്ട്, ‘മനസ്സിനെ മാംസത്തിൽനിന്നുയർത്തേണമേ’, ‘ഉച്ചിയിലിരുമുടിക്കെട്ടുമായ് വരുന്നു ഞാൻ’ തുടങ്ങിയ ഗാനങ്ങൾ ഇതിലേതാണ്. ടി.എസ്.രാധാകൃഷ്ണൻ, ജയവിജയ തുടങ്ങിയവരുടെ ഈണങ്ങളിലും ജയചന്ദ്രൻ ഏറെ ഭക്തിഗാനങ്ങൾ ആലപ്പിച്ചിട്ടുണ്ട്.
ഗാനമേളകളിലെല്ലാം ജയചന്ദ്രൻ ആദ്യം പാടുന്ന ഒരു പാട്ട് ജയവിജയന്മാർ ഈണമിട്ട് അദ്ദേഹംതന്നെ ആലപിച്ച ‘ശ്രീശബരീശാ... ദീനദയാളാ’ എന്ന പാട്ടായിരുന്നു. മഹാകവി പി.കുഞ്ഞിരാമൻ നായർ എഴുതിയ ഒരേയൊരു ഭക്തിഗാനം മണ്ഡലമാസപ്പുലരികൾ പൂക്കും പാടിയതും ജയചന്ദ്രനായിരുന്നു (സംഗീതം എം.കെ.അർജുനൻ). ഭക്തിയും പ്രണയവും തമ്മിൽ തലനാരിഴയുടെ അകലമേയുള്ളൂ എന്ന് ജയചന്ദ്രൻ നിരീക്ഷിച്ചിട്ടുണ്ട്. സംഗീതത്തിൽ അപൂർവം ചിലപ്പോൾ ഈ അകലവും ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു.