പാലിയം; പാട്ടിന്റെ എട്ടുകെട്ട്
Mail This Article
സമൃദ്ധിയുടെയും ആഘോഷത്തിന്റെയും ബാല്യമായിരുന്നു ജയചന്ദ്രന്റേത്. അമ്മ പാലിയത്ത് സ്വരൂപത്തിലെ സന്തതി, അച്ഛൻ തൃപ്പൂണിത്തുറ രാജവംശത്തിലെ രവിവർമ കൊച്ചനിയൻ തമ്പുരാൻ. അദ്ദേഹത്തിന് 250 രൂപയോളം പ്രിവിപഴ്സായി ലഭിച്ചിരുന്നു. അക്കാലത്ത് അതു വളരെ വലിയ സംഖ്യയായിരുന്നു. അതു മുഴുവൻ അച്ഛൻ ഭാര്യയെ ഏൽപിക്കും. മറ്റൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. ആ മനസ്സ് സംഗീതത്തിന്റെയും സഞ്ചാരത്തിന്റെയും ലോകത്തായിരുന്നു.
ചേന്ദമംഗലത്തെ പാലിയത്തു തറവാട്ടിലായിരുന്നു ആദ്യകാലത്തെ താമസം. വലിയ കൂട്ടുകുടുംബം. കേളികേട്ട പാലിയത്തച്ചന്മാരുടെ ആസ്ഥാനം. വലിയ എട്ടുകെട്ടും നടുമുറ്റവുമുള്ള മാളിക. ആ വലിയ കൂട്ടുകുടുംബത്തിൽ അമ്മയും അച്ഛനും 5 മക്കളും ഒരുപാട് ബന്ധുക്കളുടെ കൂടെ താമസിച്ചു. പാലിയത്ത് ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. വടക്കിനിയിലെ ഊട്ടുപുരയിൽ കുട്ടികൾക്കും മുതിർന്നവർക്കും 2 പന്തിയിലാണ് ചോറു വിളമ്പുക. അന്നൊന്നും പലഹാരം പതിവില്ല. രാവിലെ നല്ല കുത്തരിക്കഞ്ഞിയാണ്. ഓട്ടുകിണ്ണത്തിൽ ആവിപറക്കുന്ന കഞ്ഞിയിലേക്ക് വെണ്ണ കോരിയിട്ടുതരും. തൊട്ടുകൂട്ടാൻ ഉപ്പിലിട്ടതും. പിന്നെ മെഴുക്കുപുരട്ടി അല്ലെങ്കിൽ പുഴുക്കും. ഉച്ചയ്ക്ക് ഇലയിട്ടൂണാണ്. ഉപ്പിലിട്ടതും പപ്പടവും നാലഞ്ചുകൂട്ടം കറികളുമുണ്ടാവും. മുറ്റവും വളപ്പിനു ചുറ്റുമുള്ള വലിയ തൊടികളും മരത്തണലുകളും ഒക്കെ കളിയിടങ്ങളായിരുന്നു. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പട്ടുകോണകങ്ങളുമുടുത്ത് കുട്ടികൾ മുറ്റത്തും വരാന്തയിലും തൊടികളിലും പറന്നു നടന്നു. തൊടിയിൽ സർപ്പക്കാവുണ്ട്.
പാലിയത്തുവക 7 കുടുംബക്ഷേത്രങ്ങളുണ്ടായിരുന്നു. ഏഴുത്സവങ്ങൾ. അതിന്റെ ആഘോഷങ്ങൾ. തറവാട്ടുവക ആനകളെ തൊടിയിൽ മരങ്ങളിൽ തളച്ചിരുന്നു.
അച്ഛൻ ഇടയ്ക്കിടെ തൃപ്പൂണിത്തുറയിലുള്ള സ്വന്തം തട്ടകത്തിൽ പോവുകയും രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകൾക്കുശേഷം തിരിച്ചെത്തുകയും ചെയ്യുമായിരുന്നു. വീട്ടുകാര്യങ്ങളിലൊന്നും ഒരിക്കലും അച്ഛൻ ഇടപെട്ടിരുന്നില്ല. പിന്നീട് തറവാടുഭാഗത്തിൽ അമ്മയ്ക്ക് ഇരിങ്ങാലക്കുട പാലിയം ലഭിച്ചപ്പോൾ ജയചന്ദ്രന്റെ കുടുംബം ഇരിങ്ങാലക്കുടയിലേക്കു മാറി. ഇരിങ്ങാലക്കുടയിൽനിന്ന് ആലുവയിലെ വാടകവീട്ടിലേക്കു താമസം മാറിയപ്പോൾ ജയചന്ദ്രനെ ആലുവ സെന്റ് മേരീസ് സ്കൂളിൽ ചേർത്തു.
സിനിമകാണലും അതിലെ പാട്ടുകൾ കേൾക്കലും അക്കാലത്തിന്റെ ലഹരിയായി. ഓരോ സിനിമയിലും പത്തും പതിനാറും പാട്ടുകൾ ഉണ്ടായിരുന്നു. ഗായിക സുശീലാമ്മ ജയചന്ദ്രന്റെ മനസ്സിലേക്കു കയറിയത് ഈ കാലത്താണ്. സുശീല തനിച്ചും ടി.എം. സൗന്ദരരാജനൊത്തും പാടിയ നിരവധി മധുഗീതികൾ അവരുടെ ആരാധകനാക്കിമാറ്റി. ആ ആരാധന എന്നും കൂടെയുണ്ടായിരുന്നു. ജയചന്ദ്രനെക്കാൾ 6 വയസ്സിനു മൂപ്പുള്ള ചേട്ടൻ സുധാകരൻ മനോഹരമായി പാടുമായിരുന്നു. ഹിന്ദി ഗാനങ്ങൾ, പ്രത്യേകിച്ചും റഫി ഗാനങ്ങൾ പാടാനായിരുന്നു ഇഷ്ടം. അക്കാലത്ത് അയൽപക്കത്തെ വർഗീസ് ചേട്ടൻ ജയചന്ദ്രനെ തോളിലെടുത്തുകൊണ്ട് പള്ളികളിലെ ഗാനമേളകളിൽ കൊണ്ടുപോയി പാടിക്കുമായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങൾ വർഗീസ് ചേട്ടനും കൂട്ടുകാരും പഠിപ്പിക്കുമായിരുന്നു. ആലുവയിൽ വച്ചാണ് ജയചന്ദ്രൻ മൃദംഗപഠനം ആരംഭിച്ചത്. രാമസുബ്ബയ്യൻ ആയിരുന്നു മൃദംഗാധ്യാപകൻ.
അച്ഛൻ സംഗീതത്തിന്റെ നിത്യോപാസകനായിരുന്നു. എന്നാൽ, വേദിയിൽ പ്രത്യക്ഷപ്പെടാനോ ആരാധകരെ സൃഷ്ടിക്കാനോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. വളരെ നന്നായി പാടിയിരുന്നു. പക്ഷേ, അതു സ്വയം ആസ്വദിക്കാനും ആനന്ദിക്കാനും വേണ്ടിമാത്രം.
ബാലെ കാണാൻ, അവയിലെ കർണാട്ടിക് സമ്പ്രദായത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേൾക്കാൻ, അദ്ദേഹം ഉത്സവപ്പറമ്പുകളിൽനിന്ന് ഉത്സവപ്പറമ്പുകളിലേക്കു സഞ്ചരിച്ചു. സംഗീതക്കച്ചേരികൾ കേൾക്കാൻ, രാവും പകലും യാത്ര ചെയ്തു.
ജയചന്ദ്രൻ ഗായകനായി വളർന്നതിനുശേഷം ‘സ്വർണ ഗോപുര നർത്തകീ ശിൽപം’ എന്ന പാട്ടിനെക്കുറിച്ചു സംസാരിക്കുമ്പോൾ, ദക്ഷിണാമൂർത്തി സ്വാമിയോടുള്ള എല്ലാ ആദരവോടെയും അദ്ദേഹം പറഞ്ഞു: ‘സ്വാമിയുടെ സിന്ധുഭൈരവി കേമംതന്നെ. എന്നാലും ബാബുരാജിന്റെ സിന്ധുഭൈരവിയാണു സിന്ധുഭൈരവി!’
ജയചന്ദ്രൻ കുട്ടിയായിരുന്നപ്പോൾ പലപ്പോഴും ബാബുക്കയുടെ പാട്ടുകൾ അദ്ദേഹം പാടിച്ചിരുന്നു. സിനിമാഗാനങ്ങൾ മറന്നുപോവാതിരിക്കാൻ അദ്ദേഹം ചുവരിൽ കരിക്കട്ടകൊണ്ട് എഴുതിവയ്ക്കുമായിരുന്നു. മിക്കതും ബാബുരാജിന്റെ പാട്ടുകൾ.
പഠനത്തിന്റെ കാര്യത്തിൽ അമ്മ വളരെ കണിശക്കാരിയായിരുന്നു. രാത്രി ഏറെനേരം മുറിയിലിരുത്തി പുസ്തകം വായിപ്പിച്ചിരുന്നു. കുട്ടികളുടെ മുറിയുടെയും അച്ഛനമ്മമാരുടെ മുറിയുടെയും ഇടയ്ക്കുള്ള ചുവരിൽ ഒരു ജനാല ഉണ്ടായിരുന്നു. കുട്ടികൾ കഷ്ടപ്പെട്ടു പഠിക്കുന്നത് ജനാലയിലൂടെ അച്ഛൻ കാണും. അദ്ദേഹം ജനലരികിൽവന്ന് പതുക്കെ പറയും; പഠിച്ചതുമതി... പലപ്പോഴും ഇതു കേൾക്കാൻ ഇടയാവുന്ന അമ്മ ‘എന്താണു തമ്പുരാൻ...’ എന്നു പരിഭവിക്കും.