‘വാക്കുകൾ നഷ്ടമാകുന്നു; ഓടിയെത്താൻ കഴിയില്ല, മനസ്സുകൊണ്ട് പ്രണമിക്കുന്നു ജയാ’
Mail This Article
വാക്കുകൾ നഷ്ടമാകുന്ന വേദനയിലാണു ഞാൻ. ഏറെ പ്രിയപ്പെട്ട ജയചന്ദ്രന്റെ ആരോഗ്യ പ്രശ്നങ്ങൾ ഭേദമായി എന്ന് കുറേനാൾ മുൻപറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും തോന്നിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലായെന്നും അൽപം ഗുരുതരമാണെന്നും അറിഞ്ഞിരുന്നെങ്കിലും ഓർക്കാപ്പുറത്ത് ഇങ്ങനെ വിട്ടുപോകുമെന്ന് കരുതിയിരുന്നില്ല. പാട്ടിലെ സമകാലികർ എന്നതിനപ്പുറം സഹോദരതുല്യമായ ബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. അതിനാൽ ഈ വേർപാട് ഏറെ നൊമ്പരപ്പെടുത്തുന്നു. എത്രയെത്ര ഓർമളാണ് മനസ്സിൽ നിറയുന്നത്.
കാലം യാദൃശ്ചികതകളിലൂടെ കൂട്ടിയോജിപ്പിച്ച ബന്ധമാണ് ഞങ്ങളുടേത്. 1958ൽ തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ നിന്ന് ഞാനും ഇരിങ്ങാലക്കുട നാഷനൽ സ്കൂളിനു വേണ്ടി ജയചന്ദ്രനും മത്സരിക്കാനെത്തുന്നതിൽ തുടങ്ങുന്നു ആ യാദൃശ്ചികത.അന്ന് പാട്ടിലല്ല, മൃദംഗത്തിലാണ് ജയചന്ദ്രൻ മത്സരിക്കാനെത്തിയത്. ഞാൻ ശാസ്ത്രീയ സംഗീതത്തിലും. രണ്ടു പേർക്കും ഒന്നാം സ്ഥാനം തന്നെ ലഭിച്ചു. സമാപന ചടങ്ങിൽ ഒന്നാം സ്ഥാനക്കാർ അവരുടെ പ്രകടനം കാഴ്ചവയ്ക്കാനെത്തിയപ്പോൾ എന്റെ പാട്ടിനൊപ്പം മൃദംഗം വായിച്ചത് അന്നുവരെ ഒരു പരിചയുമില്ലാത്ത ജയൻ! അവിടെ തുടങ്ങുന്നു കാലം കരുതിവച്ച ഞങ്ങളുടെ സൗഹൃദം.പിന്നീട് ഞങ്ങൾ സിനിമ രംഗത്തെത്തുമെന്നും ഒരേ കാലത്ത് ഒരുമിച്ചു പാടുമെന്നും അന്ന് സ്വപ്നത്തിൽ പോലും കരുതുന്നില്ലല്ലോ.
കുട്ടിക്കാലത്തെ ആ പരിചയം തുടർന്നു കൊണ്ടുപോകാൻ അന്ന് സാഹചര്യമുണ്ടായിരുന്നില്ലെങ്കിലും കാലം ഞങ്ങളുടെ ബന്ധത്തെ വീണ്ടും കൂട്ടിയോജിപ്പിക്കുക തന്നെ ചെയ്തു. ജയചന്ദ്രന്റെ സഹോദരൻ സുധാകരനിലൂടെയായിരുന്നു അത്. ഞാൻ സിനിമയിലൊക്കെ സജീവമായി ചെന്നൈയിലേക്ക് ചേക്കേറിയ കാലത്താണ്. സുധാകരനും പാടുമായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദവും രൂപപ്പെടുന്നത്. എന്റെ ഗാനമേളകൾക്കും റെക്കോർഡിങ്ങിനുമെല്ലാം പലപ്പോഴും സുധാകരനും കൂടെ വന്നിരുന്നു. സുധാകരനെ കാണാൻ ജയചന്ദ്രൻ മദ്രാസിലേക്ക് വരുമ്പോഴാണു ഞങ്ങളുടെ ബന്ധം വീണ്ടും ആരംഭിക്കുന്നത്. അന്നത്തെ സൗഹൃദ കൂട്ടായ്മകളിലെല്ലാം നിറഞ്ഞിരുന്നത് പാട്ട് തന്നെയായിരുന്നു. മുഹമ്മദ് റഫി സാബിന്റെ പാട്ടുകളൊക്കെ ആരാധനയോടെ പാടിയിരുന്ന നാളുകൾ. എന്റെ പാട്ടുകളിൽ ജയന് ഏറ്റവും പ്രിയപ്പെട്ടത് ‘താമസമെന്തേ വരുവാൻ’ ആയിരുന്നു.അത് എത്രകേട്ടാലും മതിവരില്ലെന്ന് പറഞ്ഞിട്ടുമുണ്ട്.
പിന്നീട് ഞങ്ങളുടെ സൗഹൃദം വളർന്നു. പല പാട്ടുകളുടെയും റെക്കോർഡിങ് കാണാൻ ജയനും വന്നിട്ടുണ്ട്. പിന്നാലെ ജയനും പിന്നണി ഗാനരംഗത്തെത്തി. ദേവരാജൻ മാഷിന്റെ സംഗീതത്തിൽ പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’യൊക്കെ വന്നതോടെ ജയൻ ശ്രദ്ധേയ ഗായകനായി മാറി. ശബ്ദത്തിലെ ഗരിമയും ഭാവസാന്ദ്രമായ ആലാപനവും തന്നെയാണ് തുടക്കം മുതൽ അദ്ദേഹത്തിന്റെ പാട്ടുകളെ ശ്രദ്ധേയമാക്കിയത്. പിന്നീട് ഞങ്ങൾ ഒന്നിച്ചും എത്രയോ പാട്ടുകൾ പാടി. ‘അരക്കള്ളൻ മുക്കാൽ കള്ളൻ’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിൽ പാടിയ ‘കനക സിംഹാസനത്തിൽ കയറയിരിക്കുന്നവൻ...’എന്ന പാട്ടാണ് ഞങ്ങളുടെ ആദ്യകാല ഡ്യൂവറ്റിൽ ഏറെ ഹിറ്റായത്. പിന്നീട് ഞങ്ങൾ ഒരുമിച്ച് പാടിയതിലേറെയും ശ്യാമിന്റെയും എം.എസ്.വിശ്വനാഥൻ സാറിന്റെയുമൊക്കെ സംഗീതത്തിലുള്ള പാട്ടുകളായിരുന്നു. രവീന്ദ്രന്റെ സംഗീതത്തിൽ ചക്രം എന്ന ചിത്രത്തിനു വേണ്ടിയാണ് ഒടുവിൽ ഒരുമിച്ചുള്ള പാട്ട്. വട്ടച്ചെലവിന്... എന്നു തുടങ്ങുന്ന വേഗമേറിയ പാട്ട് ഒരു മത്സര സ്വഭാവമുള്ളതായിരുന്നു. രവീന്ദ്രന്റെ തന്നെ സംഗീത്തതിൽ ചിരിയോ ചിരി എന്ന ചിത്രത്തിൽ പാടിയ സമയ രഥങ്ങളിലും ഏറെ ഹിറ്റായി. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ,ബിഎഡ് എന്ന ചിത്രത്തിൽ ഒരു കച്ചേരി രംഗത്തിലുള്ള പാട്ട് ഞാനും ജയചന്ദ്രനും കൃഷ്ണചന്ദ്രനും ചേർന്നാണു പാടിയത്.
ഞങ്ങൾ രണ്ടുപേർക്കും തിരക്കായതോടെ ആദ്യകാലത്തെ പോലെ ഇടക്കിടെയുള്ള കൂടിക്കാഴ്ചകൾക്കൊന്നും പിന്നീട് സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ സഹോദര തുല്യമായ ആ സ്നേഹം ഒരിക്കലും കൈമോശം വന്നിരുന്നില്ല. കുറച്ച് വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ മനോരമയുടെ മഴവിൽ -മാംഗോ മ്യൂസിക് അവാർഡിൽ മികച്ച ഗായകനുള്ള അവാർഡ് ജയന് സമ്മാനിച്ചത് ഞാനായിരുന്നു. പുരസ്ക്കാരത്തിന് അർഹമായ ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന പാട്ട് ജയൻ എനിക്കരികിൽ നിന്ന് പാടുകയും ചെയ്തു. ശ്രീകുമാരൻ തമ്പിസാറിനൊപ്പം ഞങ്ങൾ ഇരുവരും പങ്കെടുത്ത ഒരു വേദിയിൽ ‘രാജീവ നയനേ..’ എന്ന പാട്ട് ജയൻ ഞങ്ങൾക്കടുത്തിരുന്ന് ആലപിച്ചതും മധുരമുള്ള ഓർമയാണ്. കാലത്തെ അതിജീവിച്ച സ്വരവും ആലാപനവുമായിരുന്നു ജയന്റേത്.
തിരുവനന്തപുരത്ത് ആദ്യമായി നടന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നിന്നാരംഭിച്ചതാണ് ഞങ്ങളുടെ ബന്ധം. അതേ തിരുവനന്തപുരത്ത് മറ്റൊരു സംസ്ഥാന കലോത്സവം കൊടിയിറങ്ങിയതിനു പിന്നാലെയാണ് ജയൻ വിടവാങ്ങുന്നത്. ഓടിയെത്താൻ കഴിയാത്ത ദൂരത്തായതിനാൽ മനസ്സുകൊണ്ട് പ്രണമിക്കാനേ കഴിയുന്നുള്ളൂ. ജയന്റെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നു. പ്രണാമം.