‘ആഗ്രഹങ്ങൾ ബാക്കിയായി, പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സങ്കടം’
Mail This Article
മലയാള സിനിമാഗാനങ്ങളിൽ പ്രിയഭാവങ്ങൾ ബാക്കിവച്ചാണു ജയേട്ടൻ യാത്രയായത്. ഏതാണ്ടു 17 വയസ്സു മുതൽ ജയേട്ടന്റെ ഗാനമേളകളിൽ വയലിൻ വായിക്കാൻ ഞാൻ പോയിട്ടുണ്ട്. ഒരുപക്ഷേ ജയേട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാനും ജോൺസൺ മാഷും ദേവരാജൻ മാഷിനെ കണ്ടുമുട്ടുമായിരുന്നില്ല. ശരിക്കും ഒരു കൊച്ചുകുട്ടിയുടെ മനസ്സാണു ജയേട്ടന്. എത്ര പിണങ്ങിയാലും പാട്ടിന്റെ ഒരു വരി മൂളിയാൽ മതി, പിണക്കങ്ങൾ എല്ലാം അവസാനിച്ച് ആ ചിരി കാണാൻ. അത്രകണ്ടു പാട്ടിനുവേണ്ടി പാട്ടിലൂടെ മാത്രം സഞ്ചരിച്ച ഒരു വ്യക്തിയാണ്. ഉള്ളുനിറയെ കടപ്പാടും സ്നേഹവും ജയേട്ടനോട് ഉണ്ടായിരുന്നു.
കസ്തൂരിമാനിലെ ‘അഴകേ..’ എന്നു തുടങ്ങുന്ന എന്റെ ഗാനം, ജയേട്ടൻ പാടിയപോലെ ഏതു ഗായകനാണു പാടാൻ സാധിക്കുക? ജയേട്ടൻ പാട്ടുപാടുന്നത് അതിലെ സ്വരങ്ങളിലൂടെയായിരുന്നില്ല. അദ്ദേഹം വരികൾ ഹൃദിസ്ഥമാക്കും. പാട്ടിന്റെ ഭാവം അതേപോലെ ജയേട്ടന്റെ സ്വരത്തിലൂടെ പ്രേക്ഷകന് അനുഭവിക്കാം. അതാണ് ആ പാട്ടുകളുടെ മനോഹാരിത. അങ്ങനെ ആ ഭാവം മനസ്സിൽ ഉൾക്കൊണ്ടാണു ഞങ്ങൾ പറഞ്ഞുകൊടുക്കുന്ന ഈണം ജയേട്ടൻ ആലപിക്കുന്നത്. അതുകൊണ്ടാണു ജയേട്ടൻ പാടിയ പാട്ടുകൾ മറ്റൊരാൾ മറ്റൊരവസരത്തിൽ വേദിയിലോ മറ്റോ പാടുമ്പോൾ നമ്മുടെ ഹൃദയത്തെ തൊടാത്തത്.
ഏതു ഭാഷയിൽ ജയേട്ടൻ പാടിയാലും ഈ ഭാവത്തിന്റെ സുഖം, അതതു ഭാഷക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ഗായകരാണു മുഹമ്മദ് റഫിയും സുശീലയും. ഒഴിവുസമയങ്ങളിൽ ഫോണിലോ നേരിട്ടോ ഇവരുടെ പാട്ടുകൾ ചേട്ടൻ പാടുന്നതു കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പുതിയ തലമുറയിലെ ഗായകർക്ക് ഒരു പാട്ട് എങ്ങനെ പാടണമെന്ന വലിയൊരു പാഠം പകർന്നു നൽകിയാണു ജയേട്ടൻ പോകുന്നത്.
അദ്ദേഹത്തെക്കൊണ്ട് ഒരുപാടു പാട്ടുകൾ പാടിക്കണം എന്നുള്ള വലിയ ആഗ്രഹമാണു നടക്കാതെ പോയത്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സങ്കടമുണ്ട് മനസ്സിൽ...