അങ്ങനെ ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എന്റെ ആദ്യ ഗാനമായി: ജയചന്ദ്രൻ അന്ന് പറഞ്ഞത്
Mail This Article
മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രൻ ആദ്യം പാടിയത് കുഞ്ഞാലിമരക്കാർ സിനിമയിലാണെങ്കിലും ആദ്യ ഗാനമായി പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന ഗാനം. സൂപ്പർഹിറ്റായ ആ പാട്ടോടെ ജയചന്ദ്രൻ മലയാള പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ചു. ഈ അറിയാക്കഥ ജയചന്ദ്രൻ പങ്കു വച്ചത് മനോരമ ഓൺലൈൻ സംഘടിപ്പിച്ച സെല്ലുലോയ്ഡ് എന്ന പരിപാടിയിലാണ്.
ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘1965–ലാണ് ഞാൻ ആദ്യമായി മദ്രാസിൽ എത്തിയത്. കുഞ്ഞാലിമരക്കാർ എന്ന സിനിമയിലാണ് ആദ്യം പാടിയത്. പക്ഷെ, ആദ്യം പുറത്തിറങ്ങിയത് 'മഞ്ഞലയിൽ മുങ്ങി തോർത്തി' എന്ന പാട്ടാണ്. ഇരിങ്ങാലക്കുടയിലെ പയനീർ തീയറ്ററിൽ വച്ചാണ് ആദ്യമായി ഈ പാട്ട് വലിയ ശബ്ദത്തിലെങ്ങനെ കേട്ടത്.’
മറ്റ് അസംഖ്യം ഗാനങ്ങൾ പാടിയെങ്കിലും ജയചന്ദ്രൻ എന്നു കേൾക്കുമ്പോൾ മലയാളി ആദ്യം ഒാർക്കുക 1966–ൽ പുറത്തിറങ്ങിയ കളിത്തോഴൻ എന്ന ചിത്രത്തിലെ ഇൗ ഗാനമാണ്. മലയാളി എക്കാലവും ഏറ്റുപാടിയ ആ പാട്ടിനു മോഹനം രാഗത്തിൽ സംഗീതം നൽകിയത് ജി. ദേവരാജൻ മാസ്റ്ററായിരുന്നു. വരികൾ എഴുതിയത് പി. ഭാസ്കരനും. പാട്ടുകാരനാകാൻ കൊതിച്ച് മദ്രാസിലെത്തിയ ജയചന്ദ്രനെ ശിഷ്യനായും മകനായും കണ്ടു കൂടെ നിർത്തിയത് ദേവരാജൻ മാസ്റ്ററാണെന്നു പി ജയചന്ദ്രൻ ഒരിക്കൽ ഓർമിച്ചെടുത്തു പറഞ്ഞിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന പാട്ട് ഇങ്ങനെ;
മഞ്ഞലയിൽ മുങ്ങിത്തോർത്തി,
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയിൽ...)
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ... (മഞ്ഞലയിൽ... )
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ (മഞ്ഞലയിൽ...)
വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ രാജകുമാരീ കുമാരീ - കുമാരീ
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ