അന്ന് പലരും ചോദിച്ചു, ‘യേശുദാസ് ഉള്ളപ്പോൾ വേറൊരു പാട്ടുകാരനെന്തിന്’? പകരക്കാരനായി എത്തി കയ്യടി നേടിയ ജയചന്ദ്രൻ
Mail This Article
യേശുദാസിന്റെ ഗന്ധർവനാദം സാധാരണക്കാരനു കയ്യെത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ നിൽക്കുമ്പോൾ ജയചന്ദ്രൻ നമുക്കു സ്പർശിച്ചറിയാവുന്ന അകലത്താണ് എന്നു പറഞ്ഞത് അന്തരിച്ച ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. പാട്ടുജീവിതത്തിൽ ജയചന്ദ്രനു ലഭിച്ച പല മികച്ച ഗാനങ്ങളും യേശുദാസിനു പാടാൻ വച്ചവ ആയിരുന്നു. അങ്ങനെ പകരക്കാരൻ പാടിയ പാട്ടുകളാണ് മലയാളി ഹൃദയത്തിലേക്കു ചേർത്തുവച്ചത്. ആദ്യമായി ലഭിച്ച അവസരം പോലും പകരക്കാരനു കിട്ടിയ കയ്യടിയായിരുന്നു. ആ സംഭവം ഇങ്ങനെ:
കാലം 1960കളുടെ പകുതി. ചെന്നൈയിൽ ഒരു ഗാനമേള. പ്യാരി ആൻഡ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ജയചന്ദ്രൻ എന്ന യുവാവിനെ സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസൻ മുൻകയ്യെടുത്ത് സ്റ്റേജിൽ പാടിക്കുകയായിരുന്നു. ആ ഗാനമേളയിൽ യേശുദാസിനു വേണ്ടി നീക്കിവച്ച ഒരു ഗാനമുണ്ടായിരുന്നു-‘പഴശ്ശിരാജ’യിലെ ‘ചൊട്ടമുതൽ ചുടലവരെ...’ പുതിയ പയ്യന്റെ ആലാപനം കേട്ടു തരിച്ചിരുന്നവരിൽ സിനിമാരംഗത്തു പ്രവർത്തിക്കുന്ന ശോഭനാ പരമേശ്വരൻ നായരും ആർ.എസ്.പ്രഭുവുമുണ്ടായിരുന്നു. ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിലേക്ക് ജയചന്ദ്രനെ ശുപാർശ ചെയ്തതും ഇരുവരും ചേർന്നുതന്നെ.
പക്ഷേ, പുതിയ ഗായകനെ പരീക്ഷിക്കുന്നതിനോട് ഭുരിപക്ഷം അണിയറപ്രവർത്തകർക്കും യോജിപ്പില്ലായിരുന്നു. ‘യേശുദാസ് ഉള്ളപ്പോൾ വേറൊരു പാട്ടുകാരനെന്തിന്’ എന്നായിരുന്നു ചോദ്യം. ഒടുവിൽ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം ജയചന്ദ്രൻ പാടിയെങ്കിലും ഗാനം പുറത്തിറങ്ങാൻ വൈകി. അതിനാൽ രണ്ടാമതു പാടിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’യാണ് ജയചന്ദ്രന്റെ സ്വരത്തിൽ ആദ്യം മലയാളികൾ കേട്ടത്. ഈ ഗാനവും യേശുദാസിനു വച്ചിരുന്നതായിരുന്നു എന്ന് ജയചന്ദ്രൻ അനുസ്മരിച്ചിട്ടുണ്ട്. അതേ പടത്തിലെ ‘താരുണ്യം തന്നുടെ’ എന്ന ഗാനം പാടാനാണ് ദേവരാജൻ മാഷ് ജയചന്ദ്രനെ വിളിച്ചത്. എന്നാൽ ‘മഞ്ഞലയിൽ’ കൂടി പഠിച്ചുവയ്ക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ പാടിപ്പഠിച്ച പാട്ട് ഒടുവിൽ മാഷ് ജയചന്ദ്രന്റെ സ്വരത്തിൽ തന്നെ റിക്കോർഡ് ചെയ്തു.
ഉദ്യോഗസ്ഥയിലെ ‘അനുരാഗഗാനം’ എന്ന ഗാനം രേവതി സ്റ്റുഡിയോയിൽ ബാബുരാജിന്റെ ഈണത്തിൽ ജയചന്ദ്രൻ പാടി റിക്കോർഡ് ചെയ്തെങ്കിലും നിർമാതാവ് ഒഴിവാക്കാൻ ശ്രമിച്ചു. സംവിധായകൻ വേണു സ്വന്തം റിസ്കിൽ പാട്ട് ഉൾപ്പെടുത്തുകയായിരുന്നു. കടുംപിടിത്തക്കാരനായ നിർമാതാവ് പിൽക്കാലത്ത് ഖേദം പ്രകടിപ്പിച്ചു.
എം.എസ്.വിശ്വനാഥനും യേശുദാസും തമ്മിലുള്ള െചറിയൊരു അസ്വാരസ്യത്തിന്റെ ഇടവേളയിലാണ് പണിതീരാത്ത വീട്ടിലെ ‘സുപ്രഭാതം’ എന്നഗാനം ജയചന്ദ്രനെ തേടിയെത്തുന്നത്. ഇതിന് ആദ്യമായി സംസ്ഥാന പുരസ്കാരവും ലഭിച്ചു.
ബന്ധനത്തിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനം അർധശാസ്ത്രീയഗാനമായതിനാൽ ജയചന്ദ്രൻ പാടാൻ മടിച്ചതാണ്. സുഹൃത്തായ പി.കെ.കേശവൻ നമ്പൂതിരി നിർബന്ധിച്ച് സംഗീതസംവിധായകൻ എം.ബി.ശ്രീനിവാസനരികിൽ കൊണ്ടുപോവുകയായിരുന്നു. ജയചന്ദ്രൻ തന്നെ ആ ഗാനം പാടണമെന്ന് കൂടുതൽ നിർബന്ധം സംവിധായകൻ എം.ടി.വാസുദേവൻ നായർക്കായിരുന്നു. ആ വർഷത്തെ സംസ്ഥാന പുരസ്കാരം ആ പാട്ടിനു ലഭിച്ചു.
മലയാള സിനിമ ജയചന്ദ്രനോടു നീതി കാട്ടിയിട്ടില്ലെന്നു വിലയിരുത്തുന്ന സംഗീതാസ്വാദകരാണ് ഏറെയും. 1980 കളുടെ തുടക്കം മുതൽ 1990 കളുടെ അവസാനം വരെ 15 വർഷത്തോളം ജയചന്ദ്രനെ മലയാള ചലച്ചിത്ര സംഗീതം കാരണമില്ലാതെ പുറത്തുനിർത്തി. അക്കാലത്ത് അദ്ദേഹത്തെ ഏറ്റെടുത്തതും ബഹുമതികൾ സമ്മാനിച്ചതും തമിഴ്, തെലുങ്ക് സിനിമാവേദിയാണ്. എന്നിട്ടും ‘ദേവരാഗത്തിലെ ‘ശിശിരകാല മേഘമിഥുനരതിപരാഗമോ’, ശ്രീനാരായഗുരുവിലെ ‘ശിവശങ്കര തുടങ്ങിയ സുന്ദര ഗാനങ്ങൾ സമ്മാനിച്ചു അദ്ദേഹം.
1990 കളുടെ അന്ത്യത്തിൽ പെട്ടെന്നൊരുനാൾ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനവുമായി അദ്ദേഹം തിരിച്ചെത്തി. പിന്നീട് മറന്നിട്ടുമെന്തിനോ (രണ്ടാം ഭാവം), ആരും ആരും (നന്ദനം), ആലിലത്താലി (മിഴി രണ്ടിലും), അറിയാതെ (രാവണപ്രഭു). ഒന്നു തൊടാൻ (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), കണ്ണിൽ കണ്ണിൽ (ഗൗരീശങ്കരം) മയ്യണിക്കണിന്റെ (ഗ്രാമഫോൺ) തുടങ്ങിയ എത്രയെത്ര ഹിറ്റ് ഗാനങ്ങൾ.
സിനിമയിലെ രാഷ്ട്രീയം ജയചന്ദ്രന് വശമില്ലായിരുന്നു. പാട്ടു റിക്കോർഡ് ചെയ്തുവീട്ടിലെത്തുന്നതിനു മുൻപ് മറ്റു ഗായകരെക്കൊണ്ട് മാറ്റിപ്പാടിച്ച അനുഭവം പലതവണയുണ്ടായി. ‘പല്ലാവൂർ ദേവനാരായണൻ’, ‘ഉടയോൻ’, ‘പാണ്ടിപ്പട’, ‘നോട്ടം’ തുടങ്ങിയ ചിത്രങ്ങളിൽ ഈ ദുരനുഭവമുണ്ടായി. പാടിയ ഗാനങ്ങൾ സിനികളിൽ നിന്നൊഴിവാക്കുന്നതും നിശ്ശബ്ദം കണ്ടുനിൽക്കേണ്ടിവന്നു.
‘ദുബായ്’ എന്ന സിനിമയിലെ ‘യദുവംശയാമിനി’, ‘പൗരനി’ലെ ‘ഒരുനുള്ളു ഭസ്മമായി’, ‘ചാന്തുപൊട്ടി’ലെ ‘ആഴക്കടലിന്റെ’, ‘അകലെ’യിലെ ‘ആരോരുമറിയാതെ, ജോക്കറിലെ പൊൻകസവ്, കരുമാടിക്കുട്ടനിലെ ‘കാറ്റേ പൂങ്കാറ്റേ’, ‘സ്വയംവരപ്പന്തലി’ലെ ‘ആനന്ദ ഹേമന്ത സന്ധ്യ’ എന്നിവ ഉദാഹരണം. ‘പെരുമഴക്കാലത്ത്’ എന്ന സിനിമ അവാർഡ് കമ്മറ്റിക്കു മുൻപാകെ പ്രദർശിപ്പിച്ചപ്പോൾ മുറിച്ചുമാറ്റിയ ഗാനങ്ങളിലൊന്ന് ജയചന്ദ്രന്റെ ‘കല്ലായിക്കടവത്ത്’ ആയിരുന്നു.