ADVERTISEMENT

ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ആൾക്കൂട്ട ദുരന്തങ്ങളിൽ ഭൂരിഭാഗവും ആരാധനാലയങ്ങളുമായും കായിക മത്സരങ്ങളുമായും ബന്ധപ്പെട്ടാണ്. ഒരു കോളജ് ക്യാംപസിലെ ആഘോഷവുമായി ബന്ധപ്പെട്ട ദുരന്തം കേരളത്തിൽ അപൂർവമാണ്. അതുകൊണ്ടാകാം സംഘാടകർ ഈ സാധ്യത കണക്കിലെടുക്കാത്തത്. കുസാറ്റിൽ പരിപാടി അവതരിപ്പിച്ച കലാകാരി ആൾക്കൂട്ടത്തെ ആകർഷിക്കുന്ന വ്യക്തിയാണെന്നാണു മനസ്സിലാക്കുന്നത്. അത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ അടിസ്ഥാന സുരക്ഷാ വിഷയങ്ങളെങ്കിലും പരിഗണിക്കേണ്ടിയിരുന്നു.

ജനക്കൂട്ടത്തെ ആകർഷിക്കുന്ന പരിപാടികളിൽ എത്രത്തോളം ആളുകൾ പങ്കെടുക്കും, എത്ര പേരെ സദസ്സിൽ ഉൾക്കൊള്ളും, അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ പ്രത്യേക വഴികൾ ഉണ്ടോ, ആളുകൾ എങ്ങനെ അവിടേക്കെത്തും, അവരെ കൃത്യതയോടെ നിയന്ത്രിച്ചു കടത്തിവിടാനുള്ള ക്രമീകരണം തുടങ്ങിയവയാണ് അടിസ്ഥാന സുരക്ഷാ വിലയിരുത്തലുകൾ.

ആൾക്കൂട്ടം ഒരേ ദിശയിൽത്തന്നെ തിരക്കിട്ടു നീങ്ങുന്നതാണ് പല അപകടങ്ങൾക്കും കാരണം. 2011ലെ പുല്ലുമേട് ദുരന്തം ഉദാഹരണം. മുന്നിലുള്ള ഒരാൾ വീണാൽ, അടുക്കിവച്ച ചീട്ടുനിര പോലെ പിന്നിലുള്ള ആളുകൾ മറിയും. വെളിച്ചക്കുറവും പ്രധാന ഘടകമാണ്. ദുരന്തമുണ്ടാകാൻ നിമിഷങ്ങൾ മതി. 

പുല്ലുമേട്ടിൽ മലയിറക്കത്തിലെ ചെരിവും അവിടെയുണ്ടായിരുന്ന തടസ്സവുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെങ്കിൽ, കിട്ടിയ വിവരങ്ങൾ വച്ചുനോക്കുമ്പോൾ കുസാറ്റിൽ തിങ്ങിനിറഞ്ഞെത്തിയ ആൾക്കൂട്ടത്തെ അപകടത്തിലാക്കിയത് അവിടെയുണ്ടായിരുന്ന പടിക്കെട്ടുകളാണെന്നു മനസ്സിലാക്കാം.

ഏതു ദുരന്തവും മുൻകൂട്ടിക്കണ്ടു പദ്ധതി തയാറാക്കിയാണ് തടയേണ്ടത് (ആന്റിസിപ്പേഷൻ, പ്ലാനിങ് ആൻഡ് പ്രിവൻഷൻ) എന്നതു ലോകം അംഗീകരിച്ച രീതിയാണ്. പല ദുരന്തങ്ങളും ഒഴിവാകുന്നതിനു പിന്നിൽ അവിടെ സുരക്ഷാച്ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനു വലിയ പങ്കുണ്ടെന്നു ഞാൻ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്.

പരിപാടി നടക്കുന്നത് ഇൻഡോറിലോ ഔട്ട്ഡോറിലോ എന്നതും പ്രധാനമാണ്. രണ്ടിടത്തും അകത്തേക്കും പുറത്തേക്കും പ്രത്യേകം വഴി വേണം. 

ജനക്കൂട്ടം എത്തുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ ഒരുക്കം പ്രധാനമാണ്. 

നിർദേശങ്ങൾ

∙ അടിയന്തര സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സൗകര്യം വേണം. ആളുകളെ സുഗമമായി നിയന്ത്രിക്കാൻ സൂചനാ ബോർഡുകൾ, അടയാളങ്ങൾ, അനൗൺസ്മെന്റ് തുടങ്ങിയവയും വേണം. 

∙ ആൾക്കൂട്ടത്തെ പല വിഭാഗങ്ങളായി തിരിച്ച്, നിയന്ത്രിതമായി അകത്തു കയറ്റണം. ഒരു പ്രവേശനകവാടത്തിലൂടെ നിയന്ത്രിക്കുക എന്നത് അസാധ്യം. പ്രത്യേക ജാഗ്രത വേണ്ട സ്ഥലങ്ങളിൽ നിയന്ത്രണത്തിനു കൂടുതൽ പേരെ ചുമതലപ്പെടുത്തണം. 

∙ സന്ധ്യയ്ക്കും രാത്രിയിലും വെളിച്ച ക്രമീകരണവും പ്രധാനമാണ്. പൊലീസ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ സഹായം നിർബന്ധമായി തേടണം. 

 കോളജുകളിലെ പരിപാടികളിൽ പലപ്പോഴും ഇത്തരം സേവനങ്ങൾ ആവശ്യപ്പെടാറില്ലെന്നതു വാസ്തവമാണ്

(മുൻ ഡിജിപിയാണു ലേഖകൻ)

English Summary:

Basic safety assessment should be ensured before big events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com