തടസ്സങ്ങൾ ഉണ്ടാകരുത്
Mail This Article
കുസാറ്റിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ശനിയാഴ്ച ദുരന്തനിവാരണ മാർഗങ്ങളെക്കുറിച്ചു ക്ലാസെടുക്കാൻ പോയ ‘ഹാബിറ്റാറ്റി’ലെ സീനിയർ കൺസൽറ്റന്റ് ടി.പി.മധുസൂദനൻ, പരിപാടിക്കിടെ എന്നെ വിളിച്ച് ഒരു നിർമിതിയെപ്പറ്റി സൂചിപ്പിച്ചിരുന്നു. അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് ‘മരണക്കിണർ’ എന്നാണ്. അതേദിവസം വൈകിട്ടാണ് അദ്ദേഹം മരണക്കിണർ എന്നു വിശേഷിപ്പിച്ച കെട്ടിടത്തിനുള്ളിൽ തിക്കിലും തിരക്കിലും പെട്ട് 4 പേർ മരിച്ച ദുരന്തമുണ്ടായത്.
പണിയുന്ന കാലത്ത് കുസാറ്റ് ഭംഗിയുള്ള നിർമിതികളായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഒഴിഞ്ഞ ഇടങ്ങളിൽ കെട്ടിടങ്ങളും റോഡുകളും നിറഞ്ഞു. വളഞ്ഞും തിരിഞ്ഞും പോകുന്ന റോഡുകൾ... കൃത്യമായ പാർക്കിങ് ഏരിയ, ഗതാഗത നിയന്ത്രണം, നടപ്പാതകൾ ഒന്നും വിഭാവനം ചെയ്തിട്ടില്ല.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വ്യക്തമായ മാസ്റ്റർപ്ലാൻ വേണം. ലോകത്ത് ഒരിടത്തും ആംഫി തിയറ്ററിനു മേൽക്കൂരയില്ല. ഇവിടെയാണെങ്കിൽ മഴ പെയ്യുമ്പോൾ എന്തു ചെയ്യുമെന്നു ചോദിച്ച് എല്ലായിടത്തും കൂര പണിയുന്നു.
അപകടമുണ്ടായാൽ സുരക്ഷിതമായി എങ്ങനെ പിരിഞ്ഞു പോകണമെന്നു ചട്ടങ്ങളിലുണ്ട്. അതു മോക് ഡ്രില്ലുകളിലൂടെ പരിശീലിപ്പിക്കണം.
നിർദേശങ്ങൾ
∙ നിർമാണ ചട്ടങ്ങളിൽ അസംബ്ലി വിഭാഗത്തിലാണ് ക്യാംപസുകളിലെ ഓഡിറ്റോറിയം വരുന്നത്. രൂപകൽപനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കപ്പെടണം. തീപിടിത്തമുണ്ടായാൽ ശ്വാസം മുട്ടാതിരിക്കാൻ വായുസഞ്ചാരം ഉറപ്പാക്കണമെന്നു ദേശീയ ദുരന്ത അതോറിറ്റിയുടെ മുന്നറിയിപ്പിലുണ്ട്.
∙ ഇരിപ്പിടങ്ങൾ തമ്മിലെ അകലം, പടികളുടെ വീതി, നീളം, ചരിവ് എന്നിവയ്ക്കും അളവുണ്ട്. എല്ലാ 15 മീറ്ററിലും രക്ഷാമാർഗം ഉണ്ടായിരിക്കണം. അതിലേക്കു വഴിയൊരുക്കാനും കൃത്യമായി ലൈറ്റ് സ്ഥാപിച്ച് അടയാളം നൽകാനുമുള്ള നിയമം പാലിക്കപ്പെടണം.
∙ 2000 പേരിൽ കൂടുതലെത്തുന്ന ഓഡിറ്റോറിയത്തിന് വീതിയുള്ള 8 വാതിലുകൾ, വിശാലമായ ലോബി, വശങ്ങളിൽ വരാന്ത എന്നിവ വേണം.
∙ കാലാകാലങ്ങളിൽ എല്ലാ കെട്ടിടങ്ങൾക്കും ഒരു ഒഴിപ്പിക്കൽ പദ്ധതി തയാറാക്കി, മുന്നിൽ പ്രദർശിപ്പിക്കുകയും വിദ്യാർഥികൾക്കും അധ്യാപകർക്കും അവബോധം നൽകുകയും വേണം.
∙ ഇത്തരം കെട്ടിടങ്ങളുടെ ചുറ്റുവട്ടത്ത് നിയമം അനുശാസിക്കുന്ന അകലം ഉറപ്പാക്കണം. പാർക്കിങ് ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾക്കു തടസ്സം സൃഷ്ടിക്കരുത്.
∙ വലിയ കലാപരിപാടികൾ തുറന്ന സ്ഥലങ്ങളിൽ മാത്രം സംഘടിപ്പിക്കണം. പ്രതികൂല കാലാവസ്ഥ കാരണം ഓഡിറ്റോറിയത്തിൽ നടത്തേണ്ടി വന്നാൽ പ്രവേശനത്തിനു കർശന നിയന്ത്രണ സംവിധാനം വേണം.
(പ്രമുഖ ആർക്കിടെക്ടും വാസ്തുവിദ്യാ ഗുരുകുലം ചെയർമാനുമാണ് ലേഖകൻ)