ADVERTISEMENT

ഇബടപ്പം ആരു ജയിക്കുംന്നാലോചിച്ച് തല പുണ്ണാക്കണ്ട കാര്യൊന്നുംല്ല. ഭൂരിപക്ഷം കൂട്വോ കൊറയോന്ന് നോക്ക്യാ മതി’. 

‘ആർക്ക്...’?

‘ഇ.ടിക്ക്. അല്ലാണ്ടാർക്ക്...’

പെരിന്തൽമണ്ണയിൽനിന്നു മലപ്പുറത്തേക്കുള്ള വഴിയരികിലെ പൊരിവെയിലിൽ ഓറഞ്ചു വിൽക്കുന്ന ഇബ്രാഹിംകുട്ടിയുടെ വാക്കുകളാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രമൊന്നും വിശദമായി അദ്ദേഹത്തിനറിയില്ല. മുൻപു ജയിച്ച ചിലരുടെ പേരുകളറിയാം. ഇബ്രാഹിം സുലൈമാൻ സേട്ട്, ഇ.അഹമ്മദ് മുതൽ കുഞ്ഞാലിക്കുട്ടിയും അബ്ദുസ്സമദ് സമദാനിയും വരെ. പത്തുപതിനഞ്ചു വർഷങ്ങൾക്കപ്പുറം മണ്ഡലത്തിന്റെ പേരു മഞ്ചേരി എന്നായിരുന്നെന്നും 2004ൽ ഇടതുപക്ഷ സ്ഥാനാർഥിയായ ടി.കെ.ഹംസ ജയിച്ചിട്ടുണ്ടെന്നും ഓർമിപ്പിച്ചപ്പോൾ ആദ്യം കൈമലർത്തിയ ഇബ്രാഹിംകുട്ടി ഒരു കിലോ ഓറഞ്ചെടുക്കട്ടെ എന്നു ചോദിച്ചു. 

ഓറഞ്ചിനു പോലും ഓറഞ്ചു നിറമില്ല. തനി പച്ച. അവിടവിടെ ചുകപ്പിലേക്കു തെന്നുന്ന നിറത്തിന്റെ മിന്നലാട്ടം മാത്രം. എന്നാൽ, പെരിന്തൽമണ്ണയിലും മങ്കടയിലും മഞ്ചേരിയിലും മലപ്പുറത്തുമെല്ലാം ഭിത്തികളിൽ ചുകപ്പൻ സാന്നിധ്യം കൂടുതലാണ്. എല്ലായിടത്തും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായ വി.വസീഫ് എന്ന ചെറുപ്പക്കാരന്റെ പോസ്റ്ററുകളുണ്ട്. മങ്കടയിലും  പെരിന്തൽമണ്ണയിലുമെല്ലാം റോഡ് ഷോയും നടത്തിക്കഴിഞ്ഞു എൽഡിഎഫ് സ്ഥാനാർഥി വസീഫ്. 

മലപ്പുറം നഗരമധ്യത്തിലെ കോട്ടപ്പടിയിൽ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് തുറന്നിട്ടുണ്ട്. ചുറ്റും കൂറ്റൻ ചിത്രങ്ങളും ബോർഡുകളും അലങ്കാരങ്ങളും. മണ്ഡലത്തിലുടനീളം റോഡ്ഷോ നടത്തുന്ന തിരക്കിലാണ് ഇ.ടി. 

ജന്മനാട്ടിൽ മത്സരിക്കാനുള്ള പൂതികൊണ്ടു പൊന്നാനി മണ്ഡലത്തിൽനിന്നു മലപ്പുറത്തേക്കു വന്ന ഇ.ടി മുന്നേ ഓടുകയാണെന്നാണു മുസ്‌ലിം ലീഗുകാർ പറയുന്നത്. പൊന്നാനിയിൽനിന്നു പേടിച്ചോടിപ്പോന്നതാണെന്നു ബസ് കണ്ടക്ടർ മുനീർ. സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ ശമ്പളം വൈകിയാലും മുനീറിന്റെ ബസ് ഇടതുവശം ചേർന്നേ സഞ്ചരിക്കൂ. 

പൗരത്വ ബില്ലിനെ തരിമ്പും പേടിയില്ലാത്ത കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാമാണ് എൻഡിഎ സ്ഥാനാർഥി. യുഡിഎഫ് നോമിനിയായാണ് അന്നു വിസിയായതെങ്കിലും സർവകലാശാലാ സെമിനാർ ഹാളിൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടി നടത്താൻ ധൈര്യം കാണിച്ചയാൾ. ഡോ. അബ്ദുൽ സലാം വിസിയായിരുന്ന കാലത്ത് സർവകലാശാലയിലെ സ്ഥിരം കലാപരിപാടികളായ സമരവും പ്രതിഷേധവും ആക്രോശങ്ങളും അതിന്റെ പാരമ്യത്തിലായിരുന്നു. വിദ്യാർഥികളോട് ഏറ്റുമുട്ടിനിന്നയാൾക്ക് ആരോടും ഏറ്റുമുട്ടാം എന്ന ധൈര്യം മുൻ വിസിക്കുണ്ടാവണം. എതിരാളികളിൽ ഒരാളായ വസീഫ് പഴയ എസ്എഫ്‌ഐ നേതാവും കാലിക്കറ്റ് സർവകലാശാലയിൽ യൂണിയൻ ചെയർമാനുമായിരുന്നു എന്നതു മറ്റൊരു പ്രത്യേകത. 

എന്തായാലും കാൽപന്തുകളിയിലെ ആവേശമൊന്നും മലപ്പുറത്തുകാർക്കു തിരഞ്ഞെടുപ്പിന്റെ കാര്യത്തിലില്ല. ദേശീയവിഷയങ്ങളാകുമോ മലപ്പുറം മണ്ഡലത്തിൽ കൂടുതൽ പ്രതിഫലിക്കുകയെന്നു ചോദിച്ചപ്പോൾ ജ്യൂസ് കട നടത്തുന്ന കബീറിന്റെ പ്രതികരണം രസകരമായിരുന്നു. 

‘ഞമ്മളൊക്കെ കൊറേക്കാലായിട്ട് ഒരേ ചിഹ്നത്തിൽ, ഒരേ പാർട്ടിക്കു വോട്ടു ചെയ്യുന്നു. ഇബ്ടാരും വിഷയൊന്നും നോക്കാറില്ല. ജയിച്ചുപോയവർ എന്തു ചെയ്തു എന്നും അന്വേഷിക്കാറില്ല. ഗൾഫീന്നു ചോരനീരാക്കി പൈസണ്ടാക്കി വന്നോര് കുട്ട്യളെ പഠിപ്പിച്ചു. ഓരൊക്കെ ഇപ്പം നല്ല നിലേലാണ്’, വിദ്യാഭ്യാസരംഗത്തു പുതുതലമുറയുടെ അസൂയാവഹമായ മുന്നേറ്റത്തിനു പിന്നിൽ പണ്ടു പഠിക്കാൻ കഴിയാതെ പോയ പാവങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ടെന്ന ഓർമപ്പെടുത്തൽ.  വിശകലനങ്ങൾ നടത്തുന്നവർ ഒരുപാടു സിദ്ധാന്തങ്ങൾ അവതരിപ്പിക്കുമെങ്കിലും വോട്ടർമാർ ഒരോളത്തിലങ്ങനെ വോട്ടുചെയ്തു പോവുകയാണെന്നു മലപ്പുറം നിവാസികളോടു സംസാരിക്കുമ്പോൾ തോന്നും. ഈ ഓളത്തിന്റെ പൊങ്ങിത്താഴ്ചകളിൽ വ്യത്യാസങ്ങളുണ്ടാകാം. 

2004ൽ മഞ്ചേരിയായിരുന്ന മലപ്പുറം മണ്ഡലം പിടിച്ച ഇടതു സ്ഥാനാർഥി ടി.കെ.ഹംസ പണ്ടു മലപ്പുറത്തു ഡിസിസി പ്രസിഡന്റായിരുന്നു. 1982ൽ നിയമസഭയിലേക്കു മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചപ്പോൾ പ്രകോപിതനായി പാർട്ടി വിട്ടതാണ്. അന്നു നിലമ്പൂരിൽ ആര്യാടനും പൊന്നാനിയിൽ എം.പി.ഗംഗാധരനും അവസരം നൽകിയതു ഹംസയ്ക്കു സഹിക്കാനായില്ല. ഇടതു പിന്തുണയുള്ള സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിച്ചു. അങ്ങനെ പണ്ടു ഫുട്‌ബോൾ മത്സരങ്ങളിൽ വണ്ടൂർ ഹൈസ്‌കൂളിനുവേണ്ടി കളിച്ച ഹംസയും നിലമ്പൂർ സ്‌കൂൾ ടീമിലെ കളിക്കാരനായിരുന്ന ആര്യാടൻ മുഹമ്മദും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പുകളിയുടെ അവസാന നിമിഷം വരെ ആര്യാടന്റെ പ്രകടനം ഗംഭീരമായിരുന്നു. അവസാന നിമിഷം കാളികാവ് പഞ്ചായത്തിന്റെ വോട്ടെണ്ണിയപ്പോൾ ഹംസ ഡ്രിബിൾ ചെയ്തു കയറി ഗോളടിച്ചു. 

സിപിഎമ്മിൽ ചേർന്ന ടി.കെ.ഹംസ 1987ൽ പൊതുമരാമത്തു മന്ത്രിയും 1996ൽ ചീഫ് വിപ്പുമായി. തുടർന്നാണ്, സുലൈമാൻ സേട്ടും ഇ.അഹമ്മദും തുടർച്ചയായി ജയിച്ചിരുന്ന ലീഗ് കോട്ട തകർത്ത് ഇവിടെനിന്നു ലോക്‌സഭാംഗമായത്. ഈ ചരിത്രത്തിന്റെ കയർത്തുമ്പിൽ പിടിച്ചാണ് പ്രതീക്ഷയോടെ അയൽജില്ലയായ കോഴിക്കോട്ടെ കൊടിയത്തൂരിൽനിന്നു വി.വസീഫ് അരിവാളും ചുറ്റികയുമായി നക്ഷത്രച്ചിരിയോടെ മലപ്പുറത്തേക്കു മത്സരിക്കാനെത്തിയിരിക്കുന്നത്. 

ജന്മനാടായ വാഴക്കാട് മപ്രത്തുകാർക്ക് ഇ.ടി.മുഹമ്മദ് ബഷീർ പ്രിയപ്പെട്ട ബാപ്പുട്ടിയാണ്. തിരൂർ മണ്ഡലത്തിൽനിന്നു ജയിച്ച് രണ്ടു തവണ സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും പൊന്നാനിയിൽനിന്നു മൂന്നു തവണ ലോക്‌സഭാംഗവുമായ ബാപ്പുട്ടിക്കു വോട്ടുചെയ്യാൻ ആദ്യമായാണ് നാട്ടുകാർക്ക് അവസരം ലഭിക്കുന്നത്. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലാണ് ഇ.ടിയുടെ ജന്മദേശമായ വാഴക്കാട്.

പാർലമെന്ററി വ്യാമോഹങ്ങളില്ലാത്ത, എന്നാൽ അധികാരം മോഹിക്കുന്നവരെല്ലാം തേടിയെത്തുന്ന, കടലുണ്ടി പുഴയോരത്തെ പാണക്കാട് തങ്ങൾ കുടുംബം മലപ്പുറം മണ്ഡലത്തിൽ വോട്ടു രേഖപ്പെടുത്തും. ‘മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ...’ എന്നെഴുതിയ മഹാകവി പൂന്താനത്തിന്റെ ഇല്ലം പെരിന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂരിലാണ്. ഇങ്ങനെ ചിന്തിക്കുന്നവർ വോട്ടുചെയ്യുമോ അതോ നോട്ടയ്ക്കു കുത്തുമോ എന്നറിയില്ല.

English Summary:

Lok Sabha Election 2024, Malappuram Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com