പാർട്ടിബോംബിൽ പൊട്ടിത്തെറിച്ച്
Mail This Article
1998 സെപ്റ്റംബർ 25: തലശ്ശേരി കല്ലിക്കണ്ടി. റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽപാത്രം ചുറ്റികകൊണ്ട് അടിച്ചുപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അമാവാസിയെന്ന തമിഴ് നാടോടിബാലനു ഗുരുതരപരുക്കേറ്റു. വലതുകണ്ണും ഇടതുകയ്യും നഷ്ടപ്പെട്ടു.
2024 ഏപ്രിൽ 5: പാനൂർ മുളിയാത്തോട്ടിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരുക്കേറ്റു.
കണ്ണൂർ ജില്ലയിൽ നടന്ന ഈ രണ്ടു സംഭവങ്ങൾക്കുമിടയിൽ കാൽനൂറ്റാണ്ടിലേറെ കാലത്തിന്റെ വ്യത്യാസമുണ്ട്. അതിനിടെ കണ്ണൂർ വിമാനത്താവളവും ഏഴിമല നാവിക അക്കാദമിയുമൊക്കെ പ്രവർത്തനം തുടങ്ങി. കലാപരാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പലതവണ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ, ജില്ലയുടെ കക്ഷിരാഷ്ട്രീയം ഇപ്പോഴും ബോംബുകൾ മടിക്കുത്തിൽനിന്നു മാറ്റിയിട്ടില്ലെന്നു വ്യക്തമാക്കുകയാണു പാനൂർ.
മുളിയാത്തോട് ബോംബ് സ്ഫോടനക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ നിന്ന്: ‘ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പൊതുജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണു പ്രതികൾ ബോംബ് നിർമിച്ചത്.’ കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിക്കുശേഷം നടന്ന സ്ഫോടനം സംസ്ഥാനത്താകെ വിവാദമുയർത്തുമ്പോൾ, കണ്ണൂരിലെ കക്ഷിരാഷ്ട്രീയ കുടിപ്പക മാറ്റമില്ലാതെ തുടരുന്നു.
കണ്ണൂരിൽ ഇപ്പോഴും പാർട്ടി ബോംബുകൾ
പാർട്ടി ഗ്രാമങ്ങളിലെ മേധാവിത്വം നിലനിർത്താനും തിരഞ്ഞെടുപ്പുകാലത്ത് എതിരാളികളെയും സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താനുമാണ് ഇപ്പോഴും നാടൻ ബോംബുകളുപയോഗിക്കുന്നത്. പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി മേഖലകളിൽ ആളൊഴിഞ്ഞ പറമ്പുകളിലും കുറ്റിക്കാടുകളിലും വീടുകളിലും നിർമാണം നടക്കുന്നുണ്ട്. ബോംബ് രാഷ്ട്രീയം പാർട്ടികൾ ഉപേക്ഷിക്കാൻ തയാറായിട്ടില്ലെന്നു പാനൂർ മുളിയാത്തോട്ടിലെ സ്ഫോടനം വ്യക്തമാക്കുന്നു. വർഷങ്ങൾക്കു മുൻപു രാഷ്ട്രീയ എതിരാളികളെ വകവരുത്താനോ ഭയപ്പെടുത്താനോ ബോംബ് നിർമാണത്തിനു പാർട്ടികളുടെ പരസ്യപിന്തുണയുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ രഹസ്യപിന്തുണയാണെന്ന വ്യത്യാസം മാത്രം. ബോംബ് നിർമിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ആരാണെന്നു പാർട്ടികൾക്ക് അറിയാത്തതല്ല. പക്ഷേ, ഒരുപരിധിക്കപ്പുറം ഇത്തരം അണികളെ ശാസിക്കാനോ നിയന്ത്രിക്കാനോ സാധിക്കാറില്ല. പാർട്ടിക്കു തലവേദനയുണ്ടാക്കാൻ കഴിയുന്ന പല രഹസ്യങ്ങളും ഇവരുടെ കയ്യിലുണ്ടെന്നതാണു കാരണം.
ഇരകളിൽ കുട്ടികളും അതിഥിത്തൊഴിലാളികളും
ബോംബിന് ഇരകളായവരിൽ രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല; കുട്ടികളും അതിഥിത്തൊഴിലാളികളുമൊക്കെയുണ്ട്. വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ബോംബ്, ഐസ്ക്രീം ബോളാണെന്നു കരുതി എറിഞ്ഞു കളിച്ചപ്പോൾ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികൾക്കാണ് ഈയിടെ പരുക്കേറ്റത്. ആക്രിയാണെന്നു കരുതി തല്ലിപ്പൊട്ടിച്ച സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു പരുക്കേറ്റവരിൽ അതിഥിത്തൊഴിലാളികളുടെ കുട്ടികളുമുണ്ട്. ബോംബുകൾ ആർക്കുവേണ്ടിയുണ്ടാക്കിയാലും മുറിവേൽക്കുന്നതിലേറെയും നിരപരാധികൾക്കാണ്.
കുറയുന്നില്ല, ബോംബുകൾ
അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്നു നേതാക്കൾ ആണയിടുമ്പോഴും ബോംബ് സ്ഫോടനങ്ങളുടെ കണക്കുകൾ മറ്റൊരു ചിത്രമാണു നൽകുന്നത്. പാനൂരിലെ സംഭവമടക്കം നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 1998നു ശേഷം ജില്ലയിൽ കൊല്ലപ്പെട്ടതു പത്തുപേരാണ്. ഇതിൽ ആറു പേർ സിപിഎം പ്രവർത്തകരും 4 പേർ ബിജെപി പ്രവർത്തകരുമാണ്. എല്ലാം നടന്നതു തലശ്ശേരി, പാനൂർ മേഖലയിലും. മൂന്നു വർഷത്തിനിടെ ജില്ലയിൽ ബോംബ് സ്ഫോടനങ്ങളുണ്ടായത് എട്ടിടത്ത്. നാലു പേർ കൊല്ലപ്പെടുകയും 14 പേർക്കു പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ അഞ്ചു പേർ 12 വയസ്സിൽ താഴെയുള്ളവർ.
ഒരു കൊലപാതകത്തിനു പിന്നിൽ കക്ഷിരാഷ്ട്രീയമായിരുന്നു. 2021 ഏപ്രിൽ 7ന്, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മുസ്‌ലിംലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനു ഗുരുതരമായി പരുക്കേറ്റു. 2022 ജൂലൈ അഞ്ചിനു മട്ടന്നൂരിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ അസം ബാർപേട്ട സ്വദേശി ഫസൽ ഹഖ് (52), മകൻ ഷാഹിദുൽ ഇസ്‍ലാം (24) എന്നിവർ മരിച്ചു. ആക്രിസാധനങ്ങളിലുണ്ടായിരുന്ന സ്റ്റീൽ ബോംബ് തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 2022 ഫെബ്രുവരി 12നു തോട്ടടയിൽ വിവാഹപാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ പാതിരിപ്പറമ്പ് സ്വദേശി ജിഷ്ണു (26) കൊല്ലപ്പെട്ടു. ആറു പേർക്കു പരുക്കേറ്റു. വിവാഹത്തലേന്നു യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണു പിറ്റേന്നു ബോംബേറുണ്ടായത്.
ഉത്തരവാദികളെ കണ്ടെത്താതെ പൊലീസ്
2008 നവംബർ 13. പാനൂർ വടക്കേ പൊയിലൂർ മൈലാടി കുന്നിൽനിന്നു പൊലീസ് പിടികൂടിയത് 125 നാടൻ ബോംബുകൾ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ ബോംബുകൾ ഒന്നിച്ചു പിടികൂടിയ കേസായിരുന്നു അത്. അന്നു ബോംബുകൾ നിരത്തി കേരള പൊലീസ് എന്നെഴുതിയതിന്റെ ഫോട്ടോയ്ക്കു വ്യാപകപ്രചാരം ലഭിച്ചെങ്കിലും ആ ബോംബുകൾ ആരാണുണ്ടാക്കിയതെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതികൾ കാണാമറയത്തു തന്നെ. ഈ കേസിൽ മാത്രമല്ല, നാടൻ ബോംബുകൾ പിടികൂടുന്ന മിക്ക കേസുകളിലും ഇതു തന്നെ സ്ഥിതി. സ്ഫോടകവസ്തു നിയമപ്രകാരം കേസെടുക്കുമെങ്കിലും നിർമിച്ചയാളെയോ അതിനു പ്രേരിപ്പിച്ചയാളെയോ കണ്ടെത്താറില്ല.
നാളെ: ബോംബ് മെയ്ഡ് ഇൻ വടകര