ADVERTISEMENT

കണ്ണൂർ ∙ പാനൂരിനടുത്ത് സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ 6, 7 പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്.

പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാൽ, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇവരടക്കം 12 പ്രതികളും സിപിഎം പ്രവർത്തകരാണ്.

ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസ് ആശ്രയിച്ചിരിക്കുന്നത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികൾ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകയ്യെടുത്തു.

സ്ഫോടനം നടന്നയുടൻ അമൽബാബു സ്ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിച്ചു. സംഭവസ്ഥലത്തു മണൽ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനു ചെന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദം പൊളിക്കുന്ന പരാമർശങ്ങളാണിവ. പാർട്ടി നിലപാടിനെതിരായ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് തന്നെ കോടതിയിൽ നൽകിയത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കും.

കണ്ടെടുത്ത ബോംബുകൾ പ്രതികൾ നിർമിച്ചത്

സംഭവസ്ഥലത്തിനടുത്തുനിന്ന് കണ്ടെടുത്ത ബോംബുകൾ പ്രതികൾ നിർമിച്ചതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ബോംബ് നിർമാണ സാമഗ്രികൾ എവിടെനിന്ന് ലഭിച്ചെന്നു കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച കാർ  കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ഷിജാൽ, അക്ഷയ്, സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അശ്വന്ത് എന്നിവരെ റിമാൻഡ് ചെയ്തു.

English Summary:

Panoor blast: CPM's claim refuted by police report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com