കരുവന്നൂർ കള്ളപ്പണക്കേസ്: പി.കെ.ബിജു അടക്കമുള്ളവരെ വീണ്ടും വിളിപ്പിക്കുന്നു; ആശങ്കയിൽ സിപിഎം
Mail This Article
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള നേതാക്കളെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ച് ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). എം.എം. വർഗീസിനോടു നാളെയും പി.കെ. ബിജുവിനോട് 22നും ഹാജരാകാനാണു നിർദേശം നൽകിയത്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണനോട് ഇന്നു ഹാജരാകാൻ നിർദേശം നൽകിയതായും വിവരമുണ്ട്. എ.സി. മൊയ്തീൻ എംഎൽഎയെ വീണ്ടും വിളിപ്പിക്കാൻ ഒരുങ്ങുന്നതായും സൂചനയുള്ളതിനാൽ ആശങ്കയിയിലാണു സിപിഎം.
കീഴ്ഘടകങ്ങളുടെ പേരിൽ വിവിധ സഹകരണ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകളും മറച്ചുവച്ച സ്വത്തുവിവരങ്ങളും കണ്ടെത്തിയതോടെയാണ് ഇ.ഡി നടപടികൾ ഊർജിതമാക്കുന്നത്. എല്ലാ സ്വത്തുക്കളുടെയും വിവരം ഹാജരാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്. എം.എം. വർഗീസ്, പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.
ഒത്തുകളിയെന്ന് അനിൽ അക്കര
∙ അന്വേഷണത്തിന്റെ മറവിൽ സിപിഎം – ബിജെപി ഒത്തുകളി നടക്കുന്നതായി അനിൽ അക്കരയുടെ ആരോപണം. എ.സി. മൊയ്തീനെ പ്രതി ചേർക്കാത്തതു ദുരൂഹമാണ്. ഒരു ബൂത്തിൽ നിന്ന് 10 വോട്ട് വീതം ആകെ 50,000 വോട്ട് സുരേഷ് ഗോപിക്കു മറിക്കാൻ സിപിഎം നീക്കംനടത്തുന്നുവെന്നും അനിൽ ആരോപിച്ചു.
നടപടി ഗുണ്ടായിസം: ഗോവിന്ദൻ
കട്ടപ്പന ∙ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചതു തോന്ന്യാസവും ഗുണ്ടായിസവുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളെ ഒതുക്കുക എന്ന ബിജെപിയുടെ ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണു നടപടി. നടപടിയെ ഒരു തരത്തിലും ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.