ഗുണ്ടകൾക്ക് തണൽ ഒരുക്കുന്നതാര്?
Mail This Article
ഇത്രത്തോളം വലിയ ഭീഷണിയിൽ മലയാളി ഒരുകാലത്തും ജീവിച്ചിട്ടില്ല. ഗുണ്ടകൾ നാടു വിറപ്പിക്കുന്ന സംസ്ഥാനത്ത്, ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാരുടെ ജീവന് എന്തു സുരക്ഷിതത്വമാണുള്ളത് എന്ന ചോദ്യത്തിനു മുഴക്കമേറെയാണ്. സംസ്‌ഥാനത്തു നിലനിൽക്കുന്ന നിയമവാഴ്ചയില്ലായ്മയും അരക്ഷിതാവസ്‌ഥയും എത്രമേൽ ഭയാനകമാണെന്നു വിളിച്ചുപറയുന്ന ക്രൂരസംഭവങ്ങൾ തുടർച്ചയായി ഉണ്ടാവുന്നത് അതീവഗൗരവത്തോടെ വേണം കാണാൻ.
ഗുണ്ടകൾക്കു രാഷ്ട്രീയക്കാരിൽനിന്നടക്കം ലഭിക്കുന്ന സംരക്ഷണത്തിന്റെ ബലവും അതുകൊണ്ടുതന്നെ ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയുടെ ആഴവും മനസ്സിലാകാത്തതു സർക്കാരിനു മാത്രമായിരിക്കും. ചെറിയ പ്രകോപനങ്ങൾ പോലും ഇവിടെ ചെന്നവസാനിക്കുന്നതു കൊലപാതകങ്ങളിലാണ്. 1880 ഗുണ്ടകൾ സംസ്ഥാനത്തു വിലസുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. കണക്കിൽപെടാത്തവർ വേറെയുമുണ്ടാവും. ഗുണ്ടകൾ ഹീറോയാകുന്ന കേരളത്തിൽ അവരെ റോൾ മോഡലാക്കുന്നവർകൂടിയാകുമ്പോൾ ദുരന്തം പൂർത്തിയാകുന്നു. ഗുണ്ടായിസത്തിന്റെ കാണാപ്പുറങ്ങൾ തേടി മലയാള മനോരമ പ്രസിദ്ധീകരിച്ച പരമ്പര ‘ഗുണ്ടാവിലാസം കേരളം’ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുകൊണ്ടുവന്നത്.
രാഷ്ട്രീയത്തണലിലാണു ഗുണ്ടകൾ തഴച്ചുവളരുന്നതെന്നത് ഇന്നൊരു രഹസ്യമല്ല. ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 ജൂൺ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള 6 വർഷത്തിനിടെ സംസ്ഥാനത്തു നടന്ന 431 ബോംബ് ആക്രമണക്കേസുകളിൽ ഇതുവരെ ഒരാൾപോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നുകൂടി ഓർമിക്കാം. കേസിൽ പകുതിയും പൊലീസ് എഴുതിത്തള്ളിയിരിക്കുന്നു. പല കേസിലും ഭരണകക്ഷിയിൽപെട്ടവർ ഉൾപ്പെട്ടതോടെയാണ്, ആദ്യം അന്വേഷണം തുടങ്ങിയ പൊലീസ് കുറ്റപത്രം നൽകാറായതോടെ മലക്കം മറിഞ്ഞത്. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനുമേൽ സമ്മർദം ചെലുത്തി കേസുകൾ അട്ടിമറിക്കുകയായിരുന്നുവെന്നാണു പരാതി.
രാഷ്ട്രീയ പാർട്ടികളുടെ ക്വട്ടേഷൻപ്രകാരം എതിരാളികളെ ബോംബെറിഞ്ഞും വെട്ടിയുമൊക്കെ കൊല്ലുന്നവരും ഗുണ്ടകൾതന്നെയല്ലേ? അങ്ങനെയെങ്കിൽ ഏറ്റവുമധികം ഗുണ്ടകളെ സംരക്ഷിക്കുന്ന പാർട്ടി സിപിഎം തന്നെയാവും. ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ മരിച്ച പ്രവർത്തകർക്കു സ്മാരക മന്ദിരംവരെ പണിയാൻ ആ പാർട്ടിക്ക് ഒരു മടിയുമില്ലതാനും. സ്ഫോടനത്തിൽ മരിച്ച സിപിഎം പ്രവർത്തകർ ബോംബ് രാഷ്ട്രീയക്കാരല്ലെന്നും രക്തസാക്ഷികൾ തന്നെയെന്നുമാണ് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജൻ അഭിപ്രായപ്പെട്ടത്.
ജനങ്ങൾക്കു നീതിന്യായ വ്യവസ്‌ഥയിലുള്ള വിശ്വാസം വളരണമെങ്കിൽ ക്രമസമാധാനസംവിധാനം സമൂലം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാനും ജനങ്ങളുടെ സമാധാനജീവിതം സംരക്ഷിക്കാനുമായി, ഒരു സ്വാധീനത്തിനും വഴങ്ങാത്ത, കർമശേഷിയുള്ള പൊലീസാണു കേരളത്തിന്റെ ആവശ്യമെങ്കിലും നമ്മുടെ സേനയിലെ ചിലരെങ്കിലും ഗുണ്ടകൾക്കു തണലൊരുക്കുന്നതു നാടിന്റെ നാണക്കേടായി മാറുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കുകൊള്ളുന്നതുവരെ കേരളം കണ്ടു. ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിൽകൂടി കളങ്കം വീഴ്ത്തിക്കൊണ്ടാണ് ഇത്തരക്കാർ ഗുണ്ടകളുടെ കൈപിടിച്ചു നടക്കുന്നത്.
ഗുണ്ടകൾക്കെതിരെ നിലവിലുള്ള നിയമം പര്യാപ്തമാണെങ്കിലും നമ്മുടെ പൊലീസിന് അംഗബലം പോരാ. ജയിലിനുള്ളിൽ ഗുണ്ടകളെ നിലയ്ക്കുനിർത്താൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നതും അപായകരമായ സ്ഥിതിവിശേഷമാണ്. സ്ഥിരം കുറ്റവാളികൾക്കു കൂച്ചുവിലങ്ങിടാൻ നടപ്പാക്കിയ ‘കാപ്പ’ നിയമത്തിന്റെ മൂർച്ച പോയതും യാഥാർഥ്യം. മറ്റൊരു ജില്ലയിലേക്കു നാടുകടത്തപ്പെട്ടവർ അവിടെ ‘പഴയപണി’ തുടരുന്നതു പൊലീസ് കാണുന്നില്ലെന്നാണോ?
ക്രമസമാധാനച്ചുമതലയുള്ള, ജില്ലാ പൊലീസ് മേധാവിമുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ ത്രൈമാസ യോഗം മുടങ്ങിക്കിടക്കുന്നതിനു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ പേരു പറയാമെങ്കിലും അതിന്റെ ഗുണം ക്രമസമാധാന ലംഘകർക്കായിരിക്കും എന്നതു മറന്നുകൂടാ. സംസ്ഥാനത്തു വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു യോഗം വിളിച്ചുചേർക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയും എഡിജിപിമാരും പങ്കെടുക്കുന്ന ഈ യോഗം കേരളം ഇപ്പോൾ നേരിടുന്ന അപായകരമായ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടേതീരൂ.
സമൂഹത്തിനു ഭീഷണിയായ ഗുണ്ടകളെ മുഴുവൻ കയ്യാമംവച്ചു ജയിലിലടയ്‌ക്കാൻ ഇച്‌ഛാശക്‌തിയും നിശ്‌ചയദാർഢ്യവും മാത്രം മതിയെങ്കിലും, കേരളത്തിൽ അതുണ്ടാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം മുഖ്യമന്ത്രി മുതൽ ആ യോഗത്തിൽ പങ്കെടുക്കുന്നവരുടെയെല്ലാം കാതിലെത്തേണ്ടതുണ്ട്.