ADVERTISEMENT

ജീവിതത്തിൽ രണ്ടാമതൊരു അവസരം എന്നത് അതിമോഹമല്ല; അതിനുള്ള അർഹത തെളിയിക്കണമെന്നു മാത്രം’ എന്ന മഹദ്‌വാക്യം വെസ്റ്റിൻഡീസിൽ ‌‌ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ ശരിവച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മഹാവിജയത്തിനുള്ള ആ അർഹത രോഹിത് ശർമയു‌ടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇതാ തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ നവംബറിൽ, അഹമ്മദാബാദിൽ ഓസ്‌‌ട്രേലിയയ്ക്കെതിരെ ഏറ്റുവാങ്ങേണ്ടിവന്ന ഏകദിന ലോകകപ്പ് ഫൈനലിലെ സങ്കടകരമായ തോൽവിക്കുശേഷം ഇവരുടെ സ്ഥിരോത്സാഹത്തിനും വിജയതൃഷ്ണയ്ക്കും കിട്ടിയ പ്രതിഫലമാണിത്. 

ബാർബഡോസിലെ കെൻസിങ്‌ട‌ൻ ഓവലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് കിരീടം നേട‌ിയതോടെ സമീപകാലത്ത് ഐസിസി ട‌ൂർണമെന്റ് ഫൈനലുകളിൽ കാലിടറുന്നവരെന്ന ദൗർഭാഗ്യവും ഇന്ത്യ മാറ്റിയെഴുതിയിരിക്കുന്നു. കഴിഞ്ഞവർഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യ ഫൈനലിൽ പരാജയപ്പെ‌‌ട്ടിരുന്നു. ആ നഷ്‌ടങ്ങളെല്ലാം മറക്കാനുള്ള മധുരം കൂടിയാണ് ഇന്ത്യയ്ക്ക് ഈ രണ്ടാം ട്വന്റി20 ലോകകപ്പ് വിജയം. 

ക്രിക്കറ്റിന്റെ ഏറ്റവും ജനകീയരൂപമായ ‌ട്വന്റി20യിൽ പ്രഥമ ലോകകിരീടം നേടിയത് ഇന്ത്യയാണ്; 2007ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയിൽ. എന്നാൽ, പിന്നീട് ഒന്നരപ്പതിറ്റാണ്ടിലേറെ കാലം ഈ കിരീടം ഇന്ത്യയ്ക്കു കയ്യകലെ നിന്നു. 2014ൽ ഫൈനലിലും 2016ലും 2022ലും സെമിഫൈനലിലും മ‌ടങ്ങാനായിരുന്നു നമ്മുടെ വിധി. ‌ട്വന്റി20യുട‌െ ഏറ്റവും വലിയ പ്രദർശനമായ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിലൂട‌െ ഒ‌ട്ടേറെ താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റിനു കിട്ടിയെങ്കിലും അതിൽനിന്നെ‍ാരു വിജയക്കൂ‌ട്ട് രൂപപ്പെടുത്തിയെട‌ുക്കാൻ നമുക്കായില്ല. 2011ൽ സ്വന്തം മണ്ണിൽ ഏകദിന ലോകകപ്പ് നേടിയശേഷം ഇന്ത്യ ഏറ്റവും കൊതിച്ച കിരീടം കൂട‌ിയായിരുന്നു ‌‌ട്വന്റി20 ലോകകപ്പ്. ഒരു പതിറ്റാണ്ടിനുശേഷം ആ കിരീടം കൂ‌ടി സ്വന്തമാക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വിജയചക്രം കൂടി പൂർത്തിയാകുന്നു. 

ധോണിയുട‌െ നേതൃത്വത്തിൽ 17 വർഷം മുൻപ് ഇന്ത്യ ‌‌ട്വന്റി20 ലോകകപ്പ് നേ‌ടിയപ്പോൾ അതൊരു ഇന്ത്യൻ ‌യുവനിരയുട‌െ ഉദയമായിരുന്നെങ്കിൽ ഇത്തവണത്തെ കിരീടനേട്ടത്തിൽ രണ്ടു നക്ഷത്രങ്ങളുടെ സായാഹ്നശോഭയുണ്ട്. ധോണിക്കുശേഷം നായകരായും മുൻനിര ബാറ്റർമാരായും ഇന്ത്യൻ ‌ടീമിനെ മുന്നോട്ടു കൊണ്ടുപോയ രോഹിത് ശർമയും വിരാട് കോലിയും ഈ അവിസ്മരണീയ വിജയത്തോടെ രാജ്യാന്തര ‌ട്വന്റി20യിൽനിന്ന് ഒന്നിച്ചു വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം ലോകകപ്പ് നേട്ടമാണിത്. 2007ൽ ട്വന്റി20 ലോകകപ്പ് നേ‌ട‌ിയ ടീമിൽ രോഹിത്തും 2011ൽ ഏകദിന ലോകകപ്പ് നേ‌ടിയ ‌ടീമിൽ കോലിയുമുണ്ടായിരുന്നു. 

ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളായ രവീന്ദ്ര ജഡേജയും ഇവർക്കൊപ്പം വിരമിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഇവരുൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ‌ടീമിനെ അതുല്യരുടെ കളിക്കൂട്ടമായി മാറ്റിയെട‌ുത്ത പരിശീലകൻ രാഹുൽ ദ്രാവിഡും സ്ഥാനമൊഴിയുകയാണ്. 2007 ഏകദിന ലോകകപ്പിൽ താൻ നയിച്ച ഇന്ത്യൻ ടീം ഒന്നാം റൗണ്ടിൽതന്നെ വീണുപോയ വെസ്റ്റിൻഡീസിൽ തന്നെയാണ് ഈ നേ‌ട്ടമെന്നതു ദ്രാവിഡിനു നൽകുന്ന സംതൃപ്തി ചെറുതാവില്ല. 

ഇന്ത്യയുടെ അപരാജിത കുതിപ്പിൽ ഊർജമായവർ പിന്നെയുമുണ്ട്. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളറെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് നിര എതിർടീമുകളുടെയെല്ലാം പേടിസ്വപ്നമായിരുന്നു. അർഷ്ദീപ് സിങ്ങിലൂടെ മികച്ച പേസ് കൂട്ടുകെട്ടും ബുമ്രയ്ക്കു കിട്ടി. കാറപകടത്തെത്തുടർന്നുള്ള ദീർഘമായ വിശ്രമത്തിനുശേഷം മടങ്ങിയെത്തി ബാറ്ററായും വിക്കറ്റ് കീപ്പറായും ടീമിനു മുതൽക്കൂട്ടായ ഋഷഭ് പന്ത്, മധ്യനിര ബാറ്ററായും ഫീൽഡറായും പലവ‌ട്ടം ‌‌ടീമിനു രക്ഷകനായ സൂര്യകുമാർ യാദവ്, ഓൾറൗണ്ട് മികവോടെ തിളങ്ങിയ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, എതിർബാറ്റർമാരെ വട്ടം കറക്കിയ സ്പിന്നർ കുൽദീപ് യാദവ് എന്നിവരും എടുത്തു പറയേണ്ടവർ. ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയില്ലെങ്കിലും സഞ്ജു സാംസണിലൂടെ ഇന്ത്യയുടെ ഈ ലോകകപ്പ് വിജയത്തിലും മലയാളിസാന്നിധ്യമുണ്ടായി എന്നതും ആഹ്ലാദകരം. രോഹിത്തും കോലിയും ജഡേജയും വിരമിച്ചാലും ‌‌ടീം ഇന്ത്യയെ മുന്നോട്ട‌ു കൊണ്ടുപോകാൻ ഇവരെല്ലാം ഇവിടെയുണ്ടാകും എന്നതു നൽകുന്ന പ്രതീക്ഷ വലുതാണ്.

English Summary:

Editorial about Twenty20 World Cup achievement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com