അച്ഛന്റെ വാക്ക്; വല്യത്താന്റെ ഉറപ്പ്
Mail This Article
രണ്ടിലൊന്ന് ഇന്നറിഞ്ഞേ തീരൂ എന്ന നിശ്ചയത്തോടെയാണ് ഡോ.വല്യത്താൻ മുഖ്യമന്ത്രിയായ സി.അച്യുതമേനോന്റെ മുറിയിലേക്കു കയറിച്ചെന്നത്. കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു.
പൂർണ സ്വാതന്ത്ര്യമുണ്ടാകും എന്ന വ്യവസ്ഥയോടെയാണു ശ്രീചിത്രയുടെ ഡയറക്ടറായി അച്യുതമേനോൻ താൽപര്യമെടുത്ത് ഡോ. വല്യത്താനെ നിയമിച്ചിരിക്കുന്നത്. പക്ഷേ, അവിടെ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ഗവേണിങ് ബോഡിയിലെ അംഗങ്ങളായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ് ഇടങ്കോലിടുന്നത്.
-
Also Read
ബ്ലഡ് ബാഗ് വിപ്ലവം ആ വാക്കിന്റെ ബലത്തിൽ
പറഞ്ഞു തീരുന്നതു വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. എല്ലാം കേട്ടശേഷം ഇത്രമാത്രം പറഞ്ഞു: ‘എല്ലാം ശരിയാക്കാനല്ലേ താങ്കളെ ആ കസേരയിൽ ഇരുത്തിയിരിക്കുന്നത്?’
ആ വാചകത്തിന്റെ ശക്തി ഏറെ വലുതായിരുന്നെന്നു ഡോ.വല്യത്താൻ പിന്നീട് എന്നോടു പറഞ്ഞിട്ടുണ്ട്. നേരെ ശ്രീചിത്രയിലെത്തി ഗവേണിങ് ബോഡി പിരിച്ചുവിടാനുള്ള ഉത്തരവ് നൽകി. പുതിയ ഭരണസംവിധാനമുണ്ടാക്കി.
ഞാൻ അടുത്തറിഞ്ഞ ഡോ.വല്യത്താൻ അടിയുറച്ച ഈശ്വരവിശ്വാസിയായിരുന്നു. താൻ ചില നിയോഗങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു സ്വയം വിചാരിച്ചിരുന്നത്. ചിലപ്പോഴെല്ലാം ‘കർമയോഗി’ എന്നു സ്വയം വിശേഷിപ്പിച്ചു. അതുകൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ സാത്വികത കൊണ്ടുമാത്രം കഴിയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
-
Also Read
ആയുർ ബയോളജിയുടെ സ്രഷ്ടാവ്
ശ്രീചിത്രയുടെ വികസനപദ്ധതികൾക്കു കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണ്ടിവന്ന ഘട്ടത്തിൽ ഡോ.വല്യത്താൻ ധർമസങ്കടത്തിലായി. മൊറാർജി ദേശായിയാണ് പ്രധാനമന്ത്രി. അദ്ദേഹം കേരളത്തിലെ സ്ഥാപനത്തോടു വേണ്ടവിധം താൽപര്യം കാണിക്കാനിടയില്ല. സ്വന്തമായി കോഴ്സുകളും പാഠ്യപദ്ധതിയുമുള്ള ഒരു ഡീംഡ് യൂണിവേഴ്സിറ്റിയായിരുന്നു വല്യത്താന്റെ മനസ്സിൽ. പ്രധാനമന്ത്രി അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീചിത്രയ്ക്കുവേണ്ടി പ്രധാനമന്ത്രി സ്വന്തം കൈപ്പടയിൽ ഫയലിൽ നോട്ടെഴുതി. വൈകാതെ രാജ്യത്തെ മൂന്നാമത്തെ ഉന്നത മെഡിക്കൽ കേന്ദ്രമായി ശ്രീചിത്ര മാറി.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഞാനാദ്യം എത്തുന്നത്. ഡൽഹിയിൽ കഴിഞ്ഞിരുന്ന എന്നെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയത് വല്യത്താനാണ്. സദുദ്യമങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ഒരിക്കലും അദ്ദേഹം ഭയപ്പെട്ടില്ല. അത്തരം ശ്രമങ്ങൾക്കു പിന്നിലെ മനുഷ്യരെ വിശേഷിപ്പിച്ചത് ഈയൊരു വാക്കു കൊണ്ടായിരുന്നു: ‘പെറ്റി മൈൻഡഡ് !’