ADVERTISEMENT

സമാനതകളില്ലാത്ത ദുരന്തം പാടേ തകർത്ത വയനാട്ടിലെ ചൂരൽമല– മുണ്ടക്കൈ പ്രദേശങ്ങളെ സജീവതയിലേക്കു വീണ്ടെടുക്കുക എന്നതാണ് കേരളത്തിനുമുന്നിൽ ഇപ്പോഴുള്ള പ്രധാനദൗത്യം. ഈ മേഖലയ്ക്കു മുന്നോട്ടുപോകാൻ വലിയ മാനുഷിക–സാമ്പത്തിക പിന്തുണ വേണ്ടിവരും. സംസ്ഥാന സർക്കാരിനു തനിച്ചു നേരിടാൻ കഴിയുന്നതല്ല ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർലോഭ സാമ്പത്തികസഹായം അനിവാര്യമാണ്.

ശനിയാഴ്ച ദുരിതമേഖലകൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് അന്നുതന്നെ കനപ്പെട്ട സഹായപ്രഖ്യാപനമുണ്ടാവുമെന്നാണു കേരളം കരുതിയതെങ്കിലും അതുണ്ടായില്ല. പകരം, കേന്ദ്രസഹായം ലഭിച്ചില്ലെന്നതിന്റെ പേരിൽ വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ മുടങ്ങില്ലെന്നും കേരളത്തിന്റെ ആവശ്യങ്ങൾ ഉദാരമനസ്സോടെ പരിഗണിക്കുമെന്നുമുള്ള ഉറപ്പാണു ലഭിച്ചത്. ദുരന്തം നേരിടുന്നതിൽ കേരളം ഒറ്റയ്ക്കല്ലെന്നും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പുനരധിവാസത്തിനും കേന്ദ്രസഹായം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതിൽ നാട് പ്രതീക്ഷയർപ്പിക്കുന്നു. ദുരന്തമേഖലകളും ക്യാംപുകളും ആശുപത്രിയും സന്ദർശിച്ചശേഷം നടന്ന അവലോകന യോഗത്തിലാണ് രാജ്യം കേരളത്തിനൊപ്പമുണ്ടെന്ന ഉറപ്പ് പ്രധാനമന്ത്രി നൽകിയത്. 

എന്നാൽ, ആ വാഗ്ദാനം അതിനപ്പുറത്തേക്ക് ഇത്രയും ദിവസങ്ങളായിട്ടും മുന്നേറിയിട്ടില്ല. ദുരന്തത്തിനിരയായവരുടെ നഷ്ടമായ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ആ വീണ്ടെടുക്കൽ ഇനിയുമെത്ര വൈകുമെന്ന ആശങ്കയാണ് ഇപ്പോൾ ഈ മേഖലയ്ക്കുള്ളത്. കേരളത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും കേന്ദ്രത്തെ അറിയിക്കാമെന്നു പറഞ്ഞ പ്രധാനമന്ത്രി വിശദമായ നിവേദനം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെയാണ് അടുത്ത കടമ്പ. പുനരധിവാസം വൈകുന്ന ഓരോ ദിവസത്തിനും ജീവിതത്തിന്റെ വിലയാണെന്നു മനസ്സിലാക്കിയുള്ള വേഗമാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതെങ്കിലും സംസ്ഥാനത്തിന്റെ പുനരധിവാസ റിപ്പോർട്ട് ഇപ്പോഴും പണിപ്പുരയിലാണ്. പ്രധാനമന്ത്രി ആവശ്യപ്പെട്ടയുടൻ ഇതിന്റെ പണിപ്പുരയിലേക്കു സംസ്ഥാന സർക്കാർ കടന്നതായി പറയുന്നുണ്ടെങ്കിലും വിവിധ വകുപ്പുകൾ നൽകുന്ന റിപ്പോർട്ടുകളുടെ ക്രോഡീകരണവും അതിനു മന്ത്രിസഭ നൽകുന്ന അംഗീകാരവും ഇനിയുമെത്ര വൈകുമെന്ന് ആശങ്കയോടെ ദുരിതബാധിതർ ഉറ്റുനോക്കുന്നു. വിശദമായ കണക്കെടുപ്പിനുശേഷമാകും സംസ്ഥാന സർക്കാർ കേന്ദ്ര പാക്കേജിനായി നിവേദനം നൽകുക. 

ചൂരൽമല– മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്തുള്ള ധനസഹായ പ്രഖ്യാപനം കേന്ദ്രത്തിൽനിന്നുണ്ടാകണം. ദുരന്തത്തെ ലെവൽ –3 കാറ്റഗറിയിൽ ഉൾപ്പെടുത്തി പരമാവധി സഹായം ലഭ്യമാക്കണമെന്നു നമ്മുടെ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അറുനൂറോളം കുടുംബങ്ങളെയാണ് വയനാട്ടിൽ ജീവിതത്തിലേക്കു തിരികെ എത്തിക്കേണ്ടത്. എല്ലാ സൗകര്യവുമുള്ള ടൗൺഷിപ്പാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഓരോരുത്തർക്കും ഭാവിയിലേക്കുള്ള ജീവിതമാർഗങ്ങളും തെളിച്ചുകൊടുക്കേണ്ടതുണ്ട്.

തനിച്ചായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പാക്കേജ്, തൊഴിൽ നഷ്ടമായവർക്കു വരുമാനമുറപ്പാക്കാൻ പരിപാടി, നൈപുണ്യ വികസനകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സഹായം, ദുരന്തബാധിതരുടെ മാനസികാഘാതം പരിഹരിക്കാൻ ഇടപെടൽ, പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായവും, കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ–പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും പ്രാദേശിക ഓഫിസുകളും തുടങ്ങി അടിയന്തരപ്രാധാന്യമുള്ള പല ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്. 

ഇനി വേണ്ടതു ന്യായമായ ആവശ്യങ്ങളെല്ലാം വ്യക്തമാക്കി കേന്ദ്രത്തെ ധരിപ്പിക്കുക എന്നതാണ്. അങ്ങനെ നൽകുന്ന റിപ്പോർട്ടിൽ എത്രയുംവേഗം നടപടി എടുക്കാൻ കേന്ദ്രവും മുഖ്യശ്രദ്ധ നൽകണം. ഇതിൽ ഇരുസർക്കാരുകളുടെയും ഭാഗത്തുനിന്നു കാലതാമസം ഉണ്ടാവുകയാണെങ്കിൽ അതു മാപ്പർഹിക്കുന്നതല്ല. കേരളം കണ്ട ഏറ്റവും വിനാശകാരിയായ പ്രകൃതിദുരന്തത്തിന്റെ ഇരകൾക്കു സാന്ത്വനമേകാൻ പ്രധാനമന്ത്രിതന്നെ നേരിട്ടു മുൻകയ്യെടുക്കുകയും വേണം.

ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരോടും ഇപ്പോഴും കാണാമറയത്ത് മണ്ണടരുകൾക്കു താഴെ ജീവനറ്റുകിടക്കുന്നവരോടുമുള്ള അടിസ്ഥാന പ്രതിബദ്ധത ഭരണകൂടങ്ങൾ മറക്കരുത്. ചൂരൽമല– മുണ്ടക്കൈ പ്രദേശങ്ങളുടെ വീണ്ടെടുപ്പും കൃത്യമായ ആസൂത്രണത്തോടെയുള്ള പുനരധിവാസവും ഒട്ടും വൈകുകയുമരുത്. ഇക്കാര്യത്തിലുള്ള കേന്ദ്ര – സംസ്ഥാന നടപടികൾ സമയബന്ധിതമാകുകയും വേണം.

English Summary:

Editorial about wayanad rehabilitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com