ADVERTISEMENT

മറുനാടൻ മലയാളികൾ ഓണത്തിനു നാട്ടിലെത്താൻ ഇത്തവണയും വല്ലാതെ ക്ലേശിക്കുമെന്നു തീർച്ച. റെയിൽവേയുടെ ഇരട്ടത്താപ്പും അവഗണനയും ഇവരെ കടുത്ത യാത്രാക്ലേശത്തിലേക്കു തള്ളിവിടുന്നു. എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് തുടരാൻ തയാറാകാത്തത് ഉൾപ്പെടെ വലിയ അനീതിയാണ് റെയിൽവേയിൽനിന്നുണ്ടാകുന്നത്.

നിറയെ യാത്രക്കാരുണ്ടായിട്ടും ജൂലൈ 31 മുതൽ ഈമാസം 26 വരെ മാത്രമാണ് എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷൽ ഓടിച്ചത്. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണത്തിന്റെ പേരിലാണ് ഈ സർവീസ് തുടരാൻ ദക്ഷിണ പശ്ചിമ റെയിൽവേ വിസമ്മതിക്കുന്നത്. അതേസമയം, ഇതേ സ്റ്റേഷനിൽനിന്നു മധുര വന്ദേഭാരത് പ്രതിദിന സർവീസ് ഇന്ന് ആരംഭിക്കുന്നുമുണ്ട്. എറണാകുളം– ബെംഗളൂരു വന്ദേഭാരതിനു തുടരാനുള്ള അനുമതി വൈകുന്നതിനിടെയാണ് ഇതടക്കം തമിഴ്നാടിനു രണ്ടു പുതിയ ട്രെയിനുകൾ അനുവദിച്ചത്. 

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു ബെംഗളൂരു–എറണാകുളം വന്ദേഭാരത് പുറപ്പെടുന്ന സമയം രാവിലെ അഞ്ചരയിൽനിന്ന് ആറരയാക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചിരുന്നു. കൂടുതൽ യാത്രക്കാർക്ക് ഉപകരിക്കുന്നതാണു സമയമാറ്റം. എന്നാൽ, ബെംഗളൂരു അടങ്ങുന്ന മേഖലയുടെ ചുമതലയുള്ള ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനം പറഞ്ഞിട്ടില്ല. വിശദപരിശേ‍ാധനയ്ക്കുശേഷം സമയമാറ്റം തീരുമാനിക്കാമെന്ന അവരുടെ നിലപാടാണു സർവീസ് മുടങ്ങാൻ കാരണമായി പറയുന്നത്. എന്നാൽ, നിർദിഷ്ട മധുര–ബെംഗളൂരു വന്ദേഭാരതിനു കന്റേ‍ാൺമെന്റിൽ സ്ഥലമെ‍ാരുക്കാൻ ഈ സമയപ്രശ്നം കരുവാക്കിയെന്നാണ് ആക്ഷേപം. ഈ ട്രെയിൻ ഉച്ചയ്ക്ക് ഒന്നിനു ബെംഗളൂരുവിൽ എത്തി 1.30നു മടങ്ങും.

വന്ദേഭാരത് പുനരാരംഭിക്കാൻ ജനപ്രതിനിധികളും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണു ബെംഗളൂരുവിലെ മലയാളി സംഘടനകളുടെയും കേരളത്തിലെ യാത്രക്കാരുടെയും ആവശ്യം. ചെന്നൈ– കോട്ടയം വന്ദേഭാരത് സ്പെഷലും രണ്ടു മാസത്തോളം ഓടിച്ചശേഷം നിർത്തലാക്കുകയായിരുന്നു.

കടുത്ത യാത്രാദുരിതമാണ് ബെംഗളൂരു യാത്രക്കാർ നേരിടുന്നത്. 4 മാസം മുൻപു പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിട്ടും ബെംഗളൂരു- കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടാൻ നടപടിയായിട്ടില്ല. ഓണക്കാലത്ത് ഇതിനകം പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളാകട്ടെ തിരക്കില്ലാത്ത ദിവസങ്ങളിലാണ് ഓടുന്നത്. യശ്വന്ത്പുര സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ ഓണക്കാലത്തു നിർത്തിവച്ച കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസിനുപകരം മൂന്നു ദിവസം ഓടുന്ന സ്പെഷലിനു പുറപ്പെടുന്ന സ്റ്റേഷനിലൊഴികെ ബെംഗളൂരുവിൽ മറ്റൊരിടത്തും സ്‌റ്റോപ്പില്ല. മലയാളികൾ തിങ്ങിപ്പാർക്കുന്ന കെആർ പുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിലെങ്കിലും സ്റ്റോപ് അനുവദിച്ചാലേ ഓണക്കാലയാത്രയ്ക്ക് ഈ ട്രെയിൻ ഫലപ്രദമാകൂ. 

മറുനാട്ടിൽ സ്‌ഥിരതാമസമാക്കിയവർപോലും ഓണക്കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹമുള്ളവരാണെന്നിരിക്കെ, ഇതിനനുസൃതമായ തരത്തിൽ കേരളത്തിനും ഇതരസംസ്‌ഥാന നഗരങ്ങൾക്കുമിടയിലുള്ള ഗതാഗതസൗകര്യം മെച്ചപ്പെട്ടിട്ടില്ല. ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ അടക്കമുള്ള എല്ലാ മറുനാടൻ നഗരങ്ങളിൽനിന്നും ഓണംകൂടാനായി നാട്ടിലേക്കു വരാൻ വൻതിരക്കുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും അവധിക്കുശേഷമുള്ള മടക്കട്രെയിനുകളിലും ടിക്കറ്റില്ലെന്നു മാത്രം. ചെന്നൈയിൽനിന്നു കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെല്ലാം സെപ്റ്റംബർ 11 മുതൽ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്.

ഓണക്കാലത്ത് ടിക്കറ്റ് നിരക്കുയർത്തുന്ന സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്ന നിലപാടാണ് റെയിൽവേയുടേതെന്നു പരക്കെ ആക്ഷേപമുണ്ട്. എല്ലാവർഷവും അവധിക്കാലത്ത് മറുനാട്ടിലുള്ള മലയാളികൾ അനുഭവിക്കുന്ന യാത്രാക്ലേശത്തിനു ശാശ്വത പരിഹാരമുണ്ടാവുകതന്നെ വേണം. ഇതിനായി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ആത്മാർഥതയോടെ പ്രായോഗികവഴികൾ തേടേണ്ടതുണ്ട്. കേരളത്തിനു പുറത്തുള്ളവർക്ക് ഇവിടെയെത്തി ഓണംകൂടാൻ സാധിക്കാതെവരുന്ന സാഹചര്യം ഒരു നാടിന്റെയാകെ സങ്കടമായിക്കണ്ട്, അടിയന്തര പരിഹാരം ഉണ്ടാക്കിയേതീരൂ. ബെംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസ് അടിയന്തരമായി പുനരാരംഭിക്കുകയും വേണം.

English Summary:

Editorial about railway not ready to continue Ernakulam-Bengaluru Vande Bharat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com