ആളിക്കത്തിയ വ്യാജൻ
Mail This Article
ജൂലൈ 29ന് ആണ് ബ്രിട്ടനിലെ ലിവർപൂളിനു സമീപം സൗത്ത്പോർട്ട് എന്ന സ്ഥലത്തെ ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികളെ അക്രമി കുത്തിക്കൊന്നത്. അവിടെ വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിനു കാരണമായി ക്രൂരമായ ഇൗ കൊലകൾ. മുസ്‌ലിംകൾ അടക്കമുള്ള അന്യദേശക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായി.
ഇൗ കലാപത്തിനു കാരണക്കാരനെന്ന പേരിൽ കുറച്ചു ദിവസം മുൻപ് ഒരാളെ അറസ്റ്റ് ചെയ്തത് എവിടെയാണെന്നറിയാമോ? ബ്രിട്ടനിൽനിന്ന് എത്രയോ അകലെ, നമ്മുടെ തൊട്ടപ്പുറത്ത് പാക്കിസ്ഥാനിൽ!
-
Also Read
ഇല്ലാത്ത പ്രഖ്യാപനം; വല്ലാത്ത സമ്മാനം
പാക്കിസ്ഥാനിലെ ലാഹോറിലുള്ള ഫർഹാൻ ആസിഫ് എന്ന യുവാവിനെ ബ്രിട്ടിഷ് അന്വേഷണ ഏജൻസികളുടെ കൂടി ആവശ്യപ്രകാരമാണ് പാക്കിസ്ഥാനിലെ ഫെഡറൽ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. കലാപം നടക്കുമ്പോഴോ അതിനു മുൻപോ ആസിഫ് ബ്രിട്ടനിൽ പോയിട്ടില്ല.
പിന്നെ എന്തിനായിരുന്നു അറസ്റ്റ് ?
സൗത്ത് പോർട്ടിൽ മൂന്നു പെൺകുട്ടികളെ വധിച്ച സംഭവത്തിൽ, ബ്രിട്ടനിൽ അഭയാർഥിയായെത്തിയ ഒരു മുസ്‌ലിമിനെ അറസ്റ്റ് ചെയ്തെന്ന വ്യാജവാർത്ത ആസിഫ് തന്റെ വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. ഇൗ വ്യാജവിവരമാണ് ബ്രിട്ടനിൽ വലിയകുടിയേറ്റ വിരുദ്ധ കലാപത്തിനു കാരണമായതെന്നാണ് അന്വേഷകർ പറയുന്നത്. 1000 പേരെയാണ് അവിടെ അറസ്റ്റ് ചെയ്തത്. 500 പേർക്കെതിരെ കലാപക്കുറ്റവും ചുമത്തി. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വീടുകൾക്കുമുണ്ടായ നാശം വേറെ.
പെൺകുട്ടികളുടെ കൊലപാതകക്കേസിൽ യഥാർഥത്തിൽ അറസ്റ്റിലായത്, ബ്രിട്ടന്റെ ഭാഗമായ വെയ്ൽസിന്റെ തലസ്ഥാനമായ കാർഡിഫിൽ ജനിച്ചു വളർന്ന അക്സൽ റുഡകുബാന എന്ന 17 വയസ്സുകാരനാണ്. റുവാണ്ടയിൽനിന്നു ബ്രിട്ടനിലേക്കു കുടിയേറിയ ദമ്പതികൾക്കു ജനിച്ച ഈ കൗമാരക്കാരൻ മുസ്‍ലിം ആയിരുന്നില്ല. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരു പുറത്തുവിടാനാകില്ലെങ്കിലും കലാപങ്ങൾക്ക് അറുതി വരുത്താൻ ഇൗ വിവരം സഹായിക്കുമെന്നു വിലയിരുത്തി പേരും വിവരങ്ങളും പുറത്തുവിടാൻ കോടതിതന്നെ നിർദേശിക്കുകയായിരുന്നു.
സമീപകാലത്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവിവരങ്ങളുടെ പേരിലുണ്ടായ ഏറ്റവും വലിയ കലാപങ്ങളിലൊന്നാണു ബ്രിട്ടനിലുണ്ടായത്.
എന്നാൽ, ആന്റി ക്ലൈമാക്സ് വേറെയാണ്. കഴിഞ്ഞ 20ന് അറസ്റ്റിലായ ഫർഹാൻ ആസിഫിനെ ഈ തിങ്കളാഴ്ച കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു! ബ്രിട്ടനിലെ കലാപത്തിനു കാരണമായ വ്യാജപ്രചാരണത്തിൽ ഫർഹാനു ബന്ധമില്ലെന്നാണു പാക്കിസ്ഥാൻ കോടതി കണ്ടെത്തിയത്. ആ കണ്ടെത്തൽ എന്തായാലും, അതിൽ കുറച്ചു കാര്യമുണ്ട്.
കാരണം, സൗത്ത്പോർട്ടിൽ കുഞ്ഞുങ്ങൾക്കു നേരെ ആക്രമണമുണ്ടായി രണ്ടു മണിക്കൂറിനുള്ളിൽ യൂറോപ്യൻ ഇൻവേഷൻ എന്ന പേരിലുള്ള ഒരു എക്സ് (പഴയ ട്വിറ്റർ) അക്കൗണ്ടിൽ ‘മുസ്‌ലിം അഭയാർഥിയാണു സംഭവത്തിനു പിന്നിൽ’ എന്ന പോസ്റ്റ് വന്നു. പിന്നാലെ, ഇതേ പോസ്റ്റ് ഫെയ്സ്ബുക്കിലും ടെലിഗ്രാമിലും പ്രചരിച്ചതായി വ്യാജവാർത്തകളുടെ നിജസ്ഥിതി പഠിക്കുന്ന വസ്തുതാന്വേഷക ടെക് കമ്പനിയായ ‘ലോജിക്കലി’ കണ്ടെത്തിയിരുന്നു. അവിടെയും നിന്നില്ല; റഷ്യൻ ബന്ധമുള്ള ചില ഓൺലൈൻ വെബ്സൈറ്റുകളിൽ വ്യാജവിവരം വാർത്തയായി. റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റഷ്യ ടുഡേ (ആർടി), ടാസ് തുടങ്ങിയ മാധ്യമങ്ങളിലും വ്യാജവാർത്ത വന്നതായി ‘ലോജിക്കലി’യുടെ പഠനത്തിൽ കണ്ടെത്തി. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കെതിരെ നിൽക്കുന്ന രാജ്യമാണല്ലോ ബ്രിട്ടൻ.
-
Also Read
ഡിജിറ്റൽ തടങ്കലിൽ ഒരു കവി!
അതായത്, ഫർഹാൻ ആസിഫ് എന്ന പാക്ക് യുവാവ് വിവരം ഷെയർ ചെയ്യുംമുൻപേ, പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അസത്യപ്രചാരണം ആരംഭിച്ചിരുന്നു. അതുണ്ടാക്കിയ അപകടം എത്ര വലുതെന്നു ഞെട്ടലോടെ നമ്മൾ തിരിച്ചറിയുന്നു.
കയ്യിൽക്കിട്ടുന്ന എല്ലാ സോഷ്യൽ മീഡിയ ‘വിവരവും’ ചൂടോടെ ഫോർവേഡ് ചെയ്യരുതെന്നതാണ് ഇതിലെ പാഠം. അതു നമുക്കു മറക്കാതിരിക്കാം.