ADVERTISEMENT

ഹിന്ദിയിലെ അറിയപ്പെടുന്ന കവിയാണ് നരേഷ് സക്സേന. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി. 84 വയസ്സുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിൽ ഒരു അനുഭവകഥ പോസ്റ്റ് ചെയ്തു. 

ഒരു ദിവസം കവിസമ്മേളനത്തിനു പോകാനായി പുറപ്പെടാനിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു വിഡിയോ കോൾ. പൊലീസ് യൂണിഫോം അണിഞ്ഞു വിളിച്ചയാളുടെ ആദ്യചോദ്യം ‘താങ്കളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നായിരുന്നു. ഇല്ലെന്നു കവി. 

അപ്പോഴാണ്, വിളിച്ചയാൾ താൻ ആരാണെന്നു വെളിപ്പെടുത്തുന്നത്: ‘ഞാൻ സിബിഐയിലെ ഇൻസ്പെക്ടർ രോഹൻ ശർമയാണ്.  താങ്കളുടെ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ചു മുംബൈയിൽ താങ്കളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആ അക്കൗണ്ട് വഴി കോടിക്കണക്കിനു രൂപയുടെ അനധികൃത പണമിടപാടു നടന്നിരിക്കുന്നു. താങ്കൾക്കെതിരെ സിബിഐയുടെ അറസ്റ്റ് വാറന്റുണ്ട്. പക്ഷേ, മുതിർന്ന പൗരനും മാന്യനുമായതുകൊണ്ട് താങ്കളെ എത്രയും പെട്ടെന്നു മോചിപ്പിക്കാൻ ഞാൻ ശ്രമിക്കാം. പക്ഷേ, അന്വേഷണവുമായി സഹകരിക്കണം. അല്ലെങ്കിൽ ദീർഘനാൾ ജയിലിൽ കഴിയേണ്ടി വരും.’

കവി ഒന്നു പരിഭ്രമിച്ചു. ഇനി ആരെങ്കിലും തന്റെ പേരിൽ ഇത്തരമൊരു തട്ടിപ്പു നടത്തിയിട്ടുണ്ടാകുമോ എന്നു ഭയന്നു. അന്വേഷണവുമായി സഹകരിക്കാൻ തീരുമാനിച്ചു. 

ഇതോടെ, ആധാർ കാർഡ് നമ്പർ, വിലാസം, മറ്റു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അവയിലെ പണം, മറ്റു നിക്ഷേപങ്ങൾ, വരുമാന മാർഗം, ആദായനികുതി റിട്ടേൺ തുടങ്ങി സകലമാന വിവരങ്ങളും സിബിഐ ഇൻസ്പെക്ടർ രോഹൻ ശർമ കവിയിൽനിന്നു ചോർത്തിയെടുത്തു. 

ഇതിനിടെ, നരേഷ് സക്സേനയുടെ മുറിയിലെ പുസ്തകങ്ങൾകണ്ട് സിബിഐ ഇൻസ്പെക്ടർക്കു സംശയമായി. താങ്കളൊരു എഴുത്തുകാരനാണോ എന്നു ചോദ്യം. കവിയാണെന്നു പറഞ്ഞപ്പോൾ എങ്കിൽ കുറച്ചു കവിത കേട്ടു കളയാമെന്നു സഹൃദയനായ സിബിഐക്കാരൻ. സ്വന്തം കവിതയ്ക്കു പുറമേ മിർസ ഗാലിബും ഫെയ്സ് അഹമ്മദ് ഫെയ്സും വരെയുള്ള മറ്റുള്ളവരുടെയും കവിത വയോധികനായ നരേഷ് സക്സേനയെക്കൊണ്ട് ഇൻസ്പെക്ടർ മണിക്കൂറുകളോളം ചൊല്ലിച്ചു. വൈകിട്ടു മൂന്നു മണിക്കു തുടങ്ങിയ വിഡിയോ കോൾ ചോദ്യം ചെയ്യലും കവിതചൊല്ലലുമെല്ലാമായി രാത്രി 8 മണി പിന്നിട്ടു. അപ്പോൾ ഇൻസ്പെക്ടർ രോഹൻ ശർമ പറഞ്ഞു, ‘ ഇപ്പോൾ ഞങ്ങളുടെ മുംബൈയിലെ ചീഫ് കൂടി കോളിൽ വരും. അദ്ദേഹത്തോടും താങ്കൾ സംസാരിക്കണം.’

സിബിഐയുടെ മുംബൈ ചീഫ് വിഡിയോകോളിൽ രംഗപ്രവേശം ചെയ്യുന്നു. ഇൗ കവി ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ കേസ് എത്രയും പെട്ടെന്നു തീർത്തുകൊടുക്കണമെന്നും രോഹൻ ചീഫിനോട് അഭ്യർഥിക്കുന്നു. ചീഫിനും കാര്യം മനസ്സിലായി. അദ്ദേഹം കവിയോടു പറയുന്നു, ‘താങ്കൾ അന്വേഷണത്തോടു സഹകരിക്കുന്നതുകൊണ്ട് 24 മണിക്കൂറിനുള്ളിൽ താങ്കളെ ഞാൻ മോചിപ്പിക്കാം. പക്ഷേ, താങ്കൾ ഇപ്പോൾ വീട്ടുതടങ്കലിലാണ്. താങ്കളുടെ മുറിയുടെ വാതിലുകൾ അടച്ചു കുറ്റിയിടുക. വീട്ടിലുള്ള ആരോടും ഒന്നും സംസാരിക്കരുത്.’ അങ്ങനെ കവി നരേഷ് സക്സേന സിബിഐയുടെ ‘ഡിജിറ്റൽ തടങ്കലിൽ’ ആയി! 

ദീർഘനേരമായി നരേഷ് മുറിയിൽനിന്നു പുറത്തുവാരാതായതോടെ വീട്ടിലുള്ളവർ പരിഭ്രമിച്ചു. പരിപാടിക്കും പോയില്ലല്ലോ. ഇതോടെ, അവർ വാതിലിൽ മുട്ടിവിളിച്ച് അകത്തുവന്നപ്പോൾ മുംബൈയിലെ സിബിഐ ചീഫിന്റെ ചോദ്യം ചെയ്യൽ നടക്കുകയാണ്! വീട്ടുകാർക്കു പെട്ടെന്നു കാര്യം പിടികിട്ടി. സംഗതി തട്ടിപ്പു കോളാണ്, വിഡിയോയിലുള്ളത് വ്യാജ ഓഫിസർമാരാണ്. വീട്ടുകാരെ കണ്ടതോടെ കോളും കട്ടു ചെയ്തു സിബിഐ ചീഫും ഇൻസ്പെക്ടറും സ്ഥലംവിട്ടു. വീട്ടുകാരുടെ നിർദേശപ്രകാരം കവി ലക്നൗവിലെ ഗോമതി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുന്നു. 

ആദ്യം വിളിച്ച ‘ഇൻസ്പെക്ടറുടെ’ ഉള്ളിലൊരു കവിഹൃദയമുണ്ടായിരുന്നതുകൊണ്ടാണ് വിഡിയോ കോൾ ഇത്രനേരം നീണ്ടു പോയതും വീട്ടുകാർ അറിയാനിടയായതും. രോഹൻ ശർമയ്ക്കു കവിത കേൾക്കണമെന്നു തോന്നിയില്ലായിരുന്നെങ്കിൽ ആവശ്യമുള്ള വിവരങ്ങളും അത്യാവശ്യം പൈസയും തട്ടിച്ചെടുത്ത് ‘സിബിഐക്കാർക്കു’ കടന്നുകളയാമായിരുന്നു. സാധാരണ ഇത്തരം കോളുകളിൽ സംഭവിക്കുക അങ്ങനെയാണ്. ഇര കെണിയിൽ വീണുവെന്നുറപ്പായാൽ, കേസ് അവസാനിപ്പിക്കാൻ താങ്കൾ ഇത്ര തുക ഉടൻ ഇൗ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണമെന്ന് ‘പൊലീസുകാർ’ പറയും. പേടിച്ചു വിറച്ചിരിക്കുന്ന ഇര കയ്യോടെ അതു ചെയ്യും. 

ഇവിടെ പക്ഷേ, കവിത പണി പറ്റിച്ചു. തട്ടിപ്പിനിറങ്ങുന്നവർ കലാസ്വാദകരായാലുള്ള പ്രശ്നം ഇതാണ്. സമയത്തു പണി തീർത്തു പോകുന്നതിനു പകരം കറങ്ങിത്തിരിയും! എന്തായാലും, നരേഷ് സക്സേനയ്ക്കു സ്വന്തം കവിതതന്നെ രക്ഷയായി. അല്ലെങ്കിൽ എത്ര ലക്ഷം പോകുമായിരുന്നെന്ന് ആർക്കറിയാം! 

നരേഷ് ഫെയ്സ്ബുക് പോസ്റ്റിൽ ഉന്നയിക്കുന്ന ഒരു സംശയമുണ്ട്: ‘6 മണിക്കൂറോളം എന്റെ വിഡിയോ അവർ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതിനി അവർ എങ്ങനെയെങ്കിലും ദുരുപയോഗം ചെയ്യുമോ?’ കൂടുതലും കവിതയായതുകൊണ്ട് കുഴപ്പമുണ്ടാകില്ലെന്നു കരുതാം! 

സിബിഐ, കസ്റ്റംസ് തുടങ്ങി വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന പേരിൽ വിളിച്ച് നമ്മളെ കുഴിയിൽ ചാടിക്കുന്ന ഇത്തരത്തിലുള്ള ഒരുപാടു സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിങ്ങളുടെ പേരിൽ വന്ന ഒരു കുറിയറിൽ ലഹരിമരുന്നു കണ്ടെത്തി എന്ന പേരിലുള്ള കോളുകളാണ് ഇക്കൂട്ടത്തിൽ പ്രധാനം. താങ്കളുടെ പേരിലുള്ള അക്കൗണ്ടിലൂടെ കള്ളപ്പണം കൈമാറിയെന്നതു പുതിയ ഐറ്റമാണ്.  

ഇത്തരം കോളുകൾ വന്നാൽ തലവച്ചു കൊടുക്കരുത്. കവിയുടെ പാഠം മറക്കരുത്.

English Summary:

Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com