ADVERTISEMENT

ആഘോഷത്തിലും ആമോദത്തിലും നാടാകെ തുടിച്ച തിരുവോണദിനം ചില കുടുംബങ്ങൾക്കെങ്കിലും തീരാനഷ്ടത്തിന്റെ സങ്കടനാളായി. അത്രയേറെ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. തിരുവോണ ദിവസവും ഇന്നലെ പുലർച്ചെയുമായി തിരുവനന്തപുരം ജില്ലയിൽ മാത്രമുണ്ടായത് ഏഴ് അപകടമരണങ്ങൾ! വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമടക്കമുള്ള കാരണങ്ങളാൽ പലരും നിരത്തിൽ പിടഞ്ഞുവീണപ്പോൾ കെ‍ാല്ലം മൈനാഗപ്പള്ളിയിൽ വീട്ടമ്മയുടെ ജീവൻ കവർന്ന അപകടം സമാനതകളില്ലാത്തതും മാപ്പർഹിക്കാത്തതുമായ കെ‍ാടുംക്രൂരതയായി.

മൈനാഗപ്പള്ളിയിൽ, നാട്ടുകാരുടെ കൺമുന്നിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണു കേസ്. സ്കൂട്ടറിൽ റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ കുഞ്ഞുമോളെ (45) ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുന്നിലേക്കു തെറിച്ച് കാറിന്റെ അടിയിലേക്കു കുഞ്ഞുമോൾ വീണതോടെ ‘വണ്ടി എടുക്കല്ലേ’ എന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർ ഓടിയെത്തി. എന്നാൽ ഒരു ജീവനുവേണ്ടിയുള്ള ആ വലിയ മുന്നറിയിപ്പിനു വിലകെ‍ാടുക്കാതെ, മുന്നോട്ടുനീങ്ങാത്തതിനാൽ കാർ പിറകിലേക്ക് എടുത്തശേഷം കൂടുതൽ വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ഓടിച്ചുപോകുകയായിരുന്നു. 

അർബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടംകൂടിയാണ് നിരത്തിലെ ക്രൂരതയിൽ പൊലി‍ഞ്ഞത്. അപകടത്തിൽപ്പെട്ടു റോഡിൽ വീണ സഹജീവിയെ വീണ്ടും കാർ കയറ്റിയിറക്കി കെ‍ാല്ലുന്ന മാനസികാവസ്ഥയെ മൃഗീയമെന്നു വിളിച്ചാൽ അതു മൃഗങ്ങൾക്കുകൂടി അപമാനകരമാവും. കാർ ഡ്രൈവറെ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെ പ്രേരണക്കുറ്റം ചുമത്തിയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് കണ്ടെത്തി. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ പരുക്കേറ്റു ചികിത്സയിലാണ്. 

എല്ലാവരിലും ഉണ്ടാകണമെന്നു നാം ആഗ്രഹിക്കുന്ന മനുഷ്യത്വത്തിന്റെ ഹത്യകൂടിയായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. ആരുടെയൊക്കെയോ മദ്യലഹരിക്കും ക്രൂരതയ്ക്കും ജീവന്റെ വില കൊടുത്ത്, റോഡിൽ നിസ്സഹായതയോടെ പിടഞ്ഞുതീരാനുള്ളതാണോ നമ്മുടെയൊക്കെ ജീവിതം എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. 

തിരുവോണനാളിൽത്തന്നെയുണ്ടായ പല അപകടങ്ങളുടെയും കാരണം അമിതവേഗമാണ്. വാഹനമോടിക്കുന്നവർ ഒന്നു മനസ്സുവച്ചെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ അപകടങ്ങളിലൂടെയാണു നാം നിത്യവും കടന്നുപോകുന്നത്. റോഡിൽ വീണുകിടക്കുന്ന ശരീരത്തിലേക്കു ക്രൂരതയോടെ വണ്ടികയറ്റുന്നവരെയും മദ്യപിച്ചു തോന്നിയപടി വാഹനമോടിക്കുന്നവരെയും നിലയ്ക്കുനിർത്തുകതന്നെ വേണം. 

ഗതാഗതസംസ്കാരം അറിയാവുന്നവർക്കു വാഹനമോടിക്കാനുള്ളതാണ് റോഡുകൾ. സർക്കാരിനും നിയമങ്ങൾക്കുമൊക്കെയപ്പുറത്ത്, അങ്ങനെയൊരു സംസ്കാരത്തിലേക്കു സ്വയം ഉയരാനുള്ള ശ്രമമാണു വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. സുരക്ഷിതയാത്രയും മനുഷ്യാവകാശമാണെന്ന അടിസ്‌ഥാനബോധ്യമാണ് അതിന് ആദ്യം വേണ്ടത്.

നിരത്തുകളിലെ അക്രമങ്ങൾ പെരുകിവരുന്നതും അങ്ങേയറ്റം ആശങ്കാജനകമാണ്. റോഡിലെ ക്രോധപ്രകടനങ്ങൾ സംബന്ധിച്ച് ഒട്ടേറെ കേസുകൾ കോടതികളിൽ വരുന്നുണ്ട്. എന്നാൽ, ‘റോഡ് റേജ്’ ശിക്ഷിക്കാവുന്ന കുറ്റകൃത്യമാക്കുന്ന വ്യവസ്ഥ മോട്ടർ വാഹനനിയമത്തിലോ ശിക്ഷാചട്ടങ്ങളിലോ ഇല്ലെന്നും ഇക്കാര്യത്തിൽ നിയമനിർമാതാക്കളുടെ ശ്രദ്ധ പതിയണമെന്നും ഹൈക്കോടതി പറഞ്ഞതു മൂന്നു വർഷംമുൻപാണ്. 

ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്നു സർക്കാരും മനസ്സിലാക്കണം. വഴിനീളെ ക്യാമറകൾ വച്ചു പിഴ ഈടാക്കുന്നതുകെ‍ാണ്ടു മാത്രമായില്ല, ജീവനെടുക്കുന്ന ഗതാഗതനിയമലംഘനങ്ങൾ എന്നന്നേക്കുമായി നിരത്തെ‍ാഴിഞ്ഞുപോകുകയും വേണം.  കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യജീവനു കൊടുക്കുന്ന വില ചെറുതല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്.  

മൈനാഗപ്പള്ളിയിലുണ്ടായതുപോലെ, ക്രൂരതയുടെ കൈകൾകെ‍ാണ്ട് ഇനിയാരും ഇവിടെ സ്റ്റിയറിങ് പിടിച്ചുകൂടാ. മദ്യലഹരിയിൽ‌ വാഹനമോടിച്ച് നിരത്തിലിറങ്ങാനുള്ള ആത്മവിശ്വാസം ആർക്കും ഉണ്ടായിക്കൂടാ. അപകടത്തിൽ പരുക്കേറ്റു വീണുകിടക്കുന്നവരുടെമേൽ വണ്ടി കയറ്റിയിറക്കാൻ തോന്നിക്കുന്ന കാട്ടാളത്തം ആവർത്തിച്ചുകൂടാ. മാതൃകാപരമായ കർശനനടപടികളാണ് ഇത്തരം അധമമനസ്സുകാർക്കുനേരെ ഉണ്ടാകേണ്ടത്. നിനച്ചിരിയാതെ പിടഞ്ഞുമരിച്ച ആ പാവം വീട്ടമ്മയോടുള്ള പ്രായശ്ചിത്തമായി ഇത്രയെങ്കിലും നമ്മുടെ സർക്കാർസംവിധാനങ്ങൾ ചെയ്തേതീരൂ.

English Summary:

Editorial about Mynagappally road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com