ശ്രീലങ്കയിൽ മാറുന്നതും മാറാത്തതും
Mail This Article
ഇതുവരെ ഭരണപക്ഷത്തോ പ്രധാനപ്രതിപക്ഷനിരയിലോ വന്നിട്ടില്ലാത്ത ഒരു പാർട്ടിയും അവർ നയിക്കുന്ന മുന്നണിയും ശ്രീലങ്കയിൽ അധികാരമേറ്റെടുത്തിരിക്കുകയാണ്. പുതിയ രാഷ്ട്രീയ സംസ്കാരം കൊണ്ടുവരുമെന്ന ജെവിപി എന്ന ജനതാ വിമുക്തി പെരമുനയുടെ വാഗ്ദാനമാണ് ശ്രീലങ്കൻ ജനത സ്വീകരിച്ചത്. അനുര ദിസനായകെ (55) രാജ്യത്തെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രചാരണവേളയിൽ അഴിമതിവിരുദ്ധ തരംഗം സൃഷ്ടിച്ച ദിസനായകെ അനുയായികൾക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്. ചൈനയോടുള്ള ജെവിപിയുടെ ചായ്വും സിംഹള ദേശീയവാദവും കാരണം ഇന്ത്യയ്ക്കും ഈ ഭരണമാറ്റം നിർണായകം തന്നെ.
പരസ്പരവിരുദ്ധമെന്നു പറയാവുന്ന തീവ്രദേശീയവാദവും ഇടതുപക്ഷാദർശങ്ങളും ഒരുമിച്ചുകൊണ്ടുപോകുന്ന പാർട്ടിയാണ് ജെവിപി. 1971ൽ ജെവിപി നടത്തിയ കലാപം അടിച്ചമർത്താൻ സിരിമാവോ ബന്ദാരനായകെയുടെ ഭരണകൂടം ഇന്ത്യയുടെ സൈനികസഹായം തേടിയിട്ടുണ്ട്. എൺപതുകളിലെ സിംഹള–തമിഴ് ആഭ്യന്തരകലഹത്തിനിടയിലും കടുത്ത ദേശീയവാദം ഉയർത്തി ജെവിപി കലാപശ്രമം നടത്തി. ഇരുസംഭവങ്ങളിലും ഇന്ത്യാവിരുദ്ധത വ്യക്തമായിരുന്നു. അക്രമാസക്തം എന്നു പറയാവുന്ന ഭൂതകാലത്തെ ദിസനായകെ തിരുത്തിപ്പറഞ്ഞിട്ടുണ്ടെങ്കിലും വംശീയ തീവ്രവാദത്തെ പരസ്യമായി അപലപിച്ചിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുകയെന്നതാണ് പുതിയ പ്രസിഡന്റിന്റെ മുന്നിലെ വലിയ വെല്ലുവിളി. അഴിമതിക്കാരെ ശിക്ഷിക്കുമെന്നും നികുതി കുറയ്ക്കുമെന്നുമുള്ള വാഗ്ദാനങ്ങളും പുതിയ ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.
ജെവിപിയുടെ ഇടതുപക്ഷചായ്വ് ശ്രീലങ്കയെ ചൈനയുടെ പക്ഷത്തെത്തിക്കുമോ എന്നതാണ് ഇന്ത്യയിൽ ചർച്ചയാവുന്നത്. ഇന്ത്യയുടെ മറ്റു സമുദ്ര– അയൽപക്കരാജ്യങ്ങളിലും അടുത്തകാലത്തു ചില മാറ്റങ്ങളുണ്ടായി. മാലദ്വീപിൽ ഇന്ത്യാവിരുദ്ധരെന്നു സ്വയം പ്രഖ്യാപിച്ച രാഷ്ട്രീയനേതൃത്വം അധികാരത്തിൽ വന്നു. ഈയിടെ ബംഗ്ലദേശിൽ ഇനിയും ചിത്രം വ്യക്തമാകാത്ത രാഷ്ട്രീയമാറ്റം ഉണ്ടായി. തുറന്ന ചൈനീസ് ചായ്വു പ്രകടിപ്പിച്ച മാലദ്വീപ് പ്രസിഡന്റിനെ ചർച്ചകളിലൂടെ മയപ്പെടുത്താൻ ഇന്ത്യൻ നയതന്ത്രത്തിനു കഴിഞ്ഞു. ബംഗ്ലദേശിൽ പുറത്താക്കപ്പെട്ട ഷേക്ക് ഹസീനയെ പിന്തുണച്ചിരുന്നതിന്റെ പേരിലുണ്ടായിരുന്ന എതിർപ്പ് ഒട്ടൊക്കെ മാറ്റിയെടുക്കാനും സാധിച്ചിട്ടുണ്ട്. ആശങ്കയ്ക്കു കാരണമാകുന്ന ഘടകങ്ങളെ മാറ്റിയെടുക്കാനുള്ള രാഷ്ട്രീയ താൻപോരിമ നമ്മുടെ നയതന്ത്രത്തിനുണ്ടെന്ന് ഈ രണ്ടു രാജ്യങ്ങളുടെ കാര്യത്തിലും ഇന്ത്യ തെളിയിച്ചു.
ശ്രീലങ്കയുടെ കാര്യത്തിൽ അത്രപോലും ആശങ്കയ്ക്കു സ്ഥാനമില്ലെന്നാണ് ഡൽഹിയിലെ വിലയിരുത്തൽ. ഇന്ത്യയുടെ ലങ്കൻനയം വ്യത്യസ്തമാണെന്നതാണു കാരണം. ബംഗ്ലദേശിലും മാലദ്വീപിലും അവിടത്തെ പ്രതിപക്ഷകക്ഷികളെ പൂർണമായും മാറ്റിനിർത്തി, ഭരണകൂടങ്ങളുമായി മാത്രമായിരുന്നു ഇന്ത്യ ബന്ധം നിലനിർത്തിയിരുന്നത്. എന്നാൽ, ശ്രീലങ്കയിലാകട്ടെ റനിൽ വിക്രമസിംഗെയുടെ ഇടക്കാലഭരണകൂടവുമായി നല്ല ബന്ധം നിലനിർത്തുമ്പോൾതന്നെ മറ്റുകക്ഷികളുമായും ഇന്ത്യ ബന്ധം തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയുടെ ക്ഷണമനുസരിച്ച് അനുര ദിസനായകെ ഡൽഹിയിലെത്തുകയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്ന പോലെയാണ് ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുമെന്നു പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ദിസനായകെ പറഞ്ഞത്.
അതേസമയം, ചില നയങ്ങളിലും നടപടികളിലും മാറ്റങ്ങൾ പ്രതീക്ഷിക്കണം. ഐഎംഎഫുമായുള്ള ധനസഹായ ഇടപാട് പുനഃപരിശോധിക്കുമെന്നു ദിസനായകെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെ, വടക്കൻ ശ്രീലങ്കയിൽ അദാനി ഗ്രൂപ്പ് നിർമിക്കുന്ന ഊർജപദ്ധതിയുടെ കാര്യത്തിലും അനിശ്ചിതത്വം ഉണ്ടായേക്കും. ഇവ വീണ്ടും ചർച്ചചെയ്തു പുതിയ കരാറുകൾ തയാറാക്കുന്നതു പ്രായോഗികമല്ലെന്നു ബോധ്യമാകുമ്പോൾ ചെറിയ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകാൻ പുതിയ ഭരണകൂടം തയാറാകുമെന്നൊരു കണക്കുകൂട്ടലുണ്ട്.
പുതിയ ഭരണകൂടം തമിഴ് ജനതയോടും തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളോടും സ്വീകരിക്കാൻ സാധ്യതയുള്ള നടപടികളെക്കുറിച്ചാണ് ഇന്ത്യ ആശങ്കപ്പെടേണ്ടത്. തമിഴ് പ്രദേശങ്ങൾക്കു സ്വയംഭരണാവകാശം നൽകുന്ന ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയെ രാഷ്ട്രീയമായി എതിർക്കുന്നവരാണ് ജെവിപി. ഇക്കാര്യത്തിൽ ഇന്ത്യ വളരെ സൂക്ഷിച്ചു നീങ്ങേണ്ടിവരും. ലങ്കയിലെ തമിഴ് രാഷ്ട്രീയത്തിന്റെ പ്രതിധ്വനി ഇന്ത്യൻ രാഷ്ട്രീയത്തിലുമുണ്ടാകാറുണ്ട് എന്നതുതന്നെ കാരണം.