വാക്കുവച്ച് വീഴ്ത്തുമ്പോൾ
Mail This Article
ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്ന കാര്യം നമുക്കെല്ലാമറിയാമല്ലോ. ഈ സംഘർഷങ്ങൾക്കിടെ, ജൂലൈ 31ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഹനിയയുടെ വസതിയിലായിരുന്നു കൊലപാതകം. ഇറാൻ പോലൊരു രാജ്യത്തു കടന്നുകയറി ഇത്തരമൊരു കൊലപാതകം നടത്താൻ ശേഷിയുള്ളത് ആർക്കെന്നായി എല്ലാവരുടെയും ആകാംക്ഷ. ലോകമെങ്ങും രഹസ്യശൃംഖലയുള്ള ഇസ്രയേൽ ചാരസംഘടനയായ മൊസാദിനെ സ്വാഭാവികമായും എല്ലാവരും സംശയിച്ചു.
നിർമിതബുദ്ധിയുടെ കൂടി സഹായത്തോടെ പ്രവർത്തിക്കുന്ന ബോംബ് ഹനിയയുടെ വീടിനുള്ളിൽ സ്ഥാപിച്ചായിരുന്നു വധമെന്ന വാർത്തകളും ലോകത്തെ ഞെട്ടിച്ചു.
എന്നാൽ, ശരിക്കും ആരാണ് ഹനിയയെ വധിച്ചത്? തുർക്കിയിലെ ചില മാധ്യമങ്ങളാണ് ആ സ്തോഭജനകമായ ‘വാർത്ത’ പുറത്തുവിട്ടത്: ഇറാനിൽ കടന്നുകയറി ഹനിയയെ വധിച്ചത് അമിത് നാകേഷ് എന്നയാളാണ്. പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലാകുമല്ലോ ഇന്ത്യക്കാരനാണ്. സിനിമകളെപ്പോലും വെല്ലുന്ന ഈ ഓപ്പറേഷൻ നടത്തിയ അമിത് നാകേഷിനെക്കുറിച്ച് ഇത്രയുംകാലം നമ്മളൊന്നും കേട്ടിട്ടില്ലല്ലോ എന്ന അദ്ഭുതത്തോടെ ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് ആ കഥയുടെ ചുരുളഴിയുന്നത്!
സമൂഹമാധ്യമമായ എക്സിൽ (മുൻപ് ട്വിറ്റർ) ഡോ. ഏലി ഡേവിഡ് എന്നയാളാണ് അമിത് നാകേഷിനെക്കുറിച്ച് ആദ്യം പോസ്റ്റ് ചെയ്തത്. നിർമിതബുദ്ധി വിദഗ്ധനും അധ്യാപകനും ബിസിനസുകാരനുമൊക്കെയാണ് ഏലിയെന്ന് എക്സ് പ്രൊഫൈൽ പറയുന്നു. ആളൊരു തമാശക്കാരനും കൂടിയാണെന്നു പോസ്റ്റുകൾ വായിച്ചാൽ മനസ്സിലാകും. അമിത് നാകേഷ് എന്ന മൊസാദ് ചാരനാണ് ഹനിയയെ വധിച്ചതെന്ന ഡേവിഡിന്റെ എക്സിലെ പോസ്റ്റ് പെട്ടെന്നു വൈറലായിപ്പടർന്നു. അമിത് നാകേഷ് എന്ന പേരു കേട്ടതും അത് ഇന്ത്യക്കാരനായിരിക്കുമെന്നു പലരും ഉറപ്പിച്ചു. അമിത്തിനെക്കുറിച്ചുള്ള കഥകൾ പ്രചരിച്ചു തുടങ്ങി. ഇന്ത്യയിൽനിന്ന് ഇസ്രയേലിലെത്തിയ കുടുംബത്തിലെ അംഗമാണ് ആൾ, സൈന്യത്തിലായിരുന്നു ആദ്യം, പിന്നീട് മൊസാദിൽ ചേർന്നു, മൊസാദ് നടത്തിയ പല വൻരഹസ്യ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്... തുടങ്ങി കഥയോടു കഥ! സമൂഹമാധ്യമങ്ങളിലെ ഇൗ വിവരങ്ങളുടെ ചുവടുപിടിച്ച് തുർക്കിയിലെ ചെറുതും വലുതുമായ ഓൺലൈൻ മാധ്യമങ്ങളിൽ പലതും വാർത്തകൾ കൊടുത്തുതുടങ്ങി. അങ്ങനെയാണ് അമിത് നാകേഷിനെ ലോകമറിയുന്നത്.
ഇക്കഥയിങ്ങനെ കറങ്ങിത്തിരിയുമ്പോൾ ഡോ. ഏലി ഡേവിഡ് അടുത്ത പോസ്റ്റുമിട്ടു. അതിങ്ങനെ: ‘ഇന്നലെ ഞാൻ ഒരു തമാശ പോസ്റ്റ് ചെയ്തിരുന്നു. ഹനിയയെ വധിച്ചത് അമിത് നാകേഷാണെന്ന്. അങ്ങനെ ഒരാളില്ല! തുർക്കിയിലെ ചില മാധ്യമങ്ങൾ ഇൗ നാകേഷിനെ കേണൽ അമിത് നാകേഷ് പോലുമാക്കി അവതരിപ്പിച്ചുകളഞ്ഞു!’
അബദ്ധം മനസ്സിലാക്കിയ തുർക്കി മാധ്യമങ്ങൾ അമിത് നാകേഷിനെക്കുറിച്ചുള്ള വാർത്തകളെല്ലാം ചടപടേയെന്നു നീക്കം ചെയ്തെങ്കിലും നാണക്കേടു ബാക്കിയായി. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ കളി തുടരുക തന്നെ ചെയ്തു. അമിത് നാകേഷ് എന്ന പേരിൽ എക്സിൽ ഒരു അക്കൗണ്ട് തന്നെ വന്നു. അദ്ദേഹത്തിന്റെ ഫ്രണ്ട്‌ലിസ്റ്റിലുള്ളത് അതിലും വലിയ ആളാണ് – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടത്തിനുപിന്നിൽ പ്രവർത്തിച്ചുവെന്ന് അവകാശപ്പെടുന്ന ഏലി കോപ്റ്റർ! അമിത് നാഗേഷും ഏലി കോപ്റ്ററും പോലുള്ള ഇൗ കഥാപാത്രങ്ങൾ എവിടെനിന്നു വരുന്നു?
ഇസ്രയേലുകാരുടെ ഭാഷയായ ഹീബ്രുവിൽ MITNAKSH എന്നൊരു വാക്കുണ്ട്. അർഥം – കൊലപാതകി! ഉച്ചരിക്കുമ്പോൾ ഏതാണ്ട് അമിതനാകേഷ് എന്നു വരും. ഇൗ വാക്കുവച്ചുള്ള ഇസ്രയേലുകാരുടെ തമാശക്കളിയിൽനിന്നാണ് ലോകത്തു പലരെയും കബളിപ്പിച്ച അമിത് നാകേഷ് എന്ന കഥാപാത്രമുണ്ടായത്. അപ്പോൾ, ഏലി കോപ്റ്ററോ? മനസ്സിൽ കരുതിയതു തന്നെ. ഇറാൻ പ്രസിഡന്റ് റെയ്സിയുടെ മരണം ഹെലികോപ്റ്റർ തകർന്നായിരുന്നല്ലോ. ആ ഹെലികോപ്റ്ററിൽനിന്നുണ്ടാക്കിയതാണ് ഏലി കോപ്റ്റർ!
ഇത്തരം തമാശകൾ ഇസ്രയേലുകാരുടെ പതിവാണ്. വ്യംഗ്യ, ഗൂഢ, ദ്വയാർഥ പ്രയോഗങ്ങളിലൂടെ അവർ ആളെപ്പറ്റിക്കും. ഇംഗ്ലിഷിൽ SARCASM, PUN എന്നൊക്കെ വിളിക്കുന്ന ഇൗ പരിപാടിയുടെ ലക്ഷ്യം പലപ്പോഴും തമാശയ്ക്കും അപ്പുറമാണ്.
തെറ്റിദ്ധാരണ പരത്തി എതിർപക്ഷത്തുള്ളവരെ ആശയക്കുഴപ്പത്തിലാക്കുന്നതു യുദ്ധതന്ത്രം കൂടിയാണല്ലോ. ലോകത്ത് ആയുധങ്ങൾകൊണ്ടു നടക്കുന്നത്രയും രൂക്ഷമായ യുദ്ധങ്ങൾ വിവരവിനിമയത്തിലൂടെയും (Information Warfare) നടക്കുന്ന കാലമാണിത്. അതിൽ വീഴാതെ നോക്കേണ്ടതു നമ്മുടെയൊക്കെ ഉത്തരവാദിത്തം തന്നെ!