ഒന്നുമില്ല, എന്നാലും എല്ലാവരും ഓടിവായോ...
Mail This Article
മടിയിൽ കനമുള്ളവനേ വഴിയിൽ പേടി വേണ്ടൂ’ എന്നാണ് എപ്പോഴും പിണറായി സഖാവിന്റെ ആത്മവിശ്വാസം. അതു വിശ്വസിച്ചാണ് വിപ്ലവ അണികൾ നാട്ടിലെല്ലാം കപ്പിത്താന്റെ ഫോട്ടോ വച്ച് ഫ്ലെക്സും ബോർഡും അടിക്കുന്നതും എന്തുവന്നാലും കപ്പൽ ആടിയുലയുകയില്ല എന്ന ആലസ്യത്തിൽ ഉണ്ടുറങ്ങുന്നതും. അപ്പോഴാണ് ‘എല്ലാവരും ഓടിവരീൻ’ എന്ന എം.വി.ഗോവിന്ദന്റെ ആർത്തനാദം. ‘പാർട്ടിയെ സ്നേഹിക്കുന്നവർ ഒന്നൊഴിയാതെ അൻവറിനെ പ്രതിരോധിക്കാൻ ഇറങ്ങണം’ എന്നാണ് അപേക്ഷ.
‘കനമുള്ളത് എന്തോ മടിയിൽ ഒളിപ്പിച്ചത് അൻവർ കണ്ടോ’ എന്നു കേട്ടവർക്കൊക്കെ ഒരു സംശയം. ‘തടയാൻ ഞാനൊറ്റയ്ക്കു കൂട്ടിയാൽ കൂടില്ല’ എന്ന ഗോവിന്ദന്റെ ഗതികേടു തെളിഞ്ഞുകാണാം. ചോരച്ചാലുകൾ നീന്തിക്കയറിയ ധീരന്മാരുടെ പ്രസ്ഥാനം പാർട്ടി മെംബർ പോലുമല്ലാത്ത ‘ഏഴാംകൂലി’യെന്ന് ഇപ്പോൾ പാർട്ടിതന്നെ തിരിച്ചറിയുന്നയാളെ ഇത്ര പേടിക്കേണ്ടിയിരുന്നില്ല. കോടികൾ പാട്ടം പിരിഞ്ഞു കിട്ടുന്ന മാർക്സിസ്റ്റ് തറവാടിനാകെ നാണക്കേടായി.
കെ.ആർ.ഗൗരിയമ്മയും എം.വി.രാഘവനുമടക്കം കണ്ണീരും കയ്യുമായി ഇറങ്ങിപ്പോയിട്ടും പിണ്ഡംവച്ചു പടിയടച്ചതല്ലാതെ വീതംപോലും കൊടുക്കാതെ പിടിച്ചുനിന്ന പാരമ്പര്യമാണ്. ‘ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ’ എന്ന് ആറ്റുമ്മണമ്മേൽ ഉണ്ണിയാർച്ച ചോദിച്ചത് ഓർമവരുന്നു.
പാർട്ടി നിറച്ചുകൊടുത്ത വെടിമരുന്ന് നനഞ്ഞാൽ പിന്നെ ചീറ്റിത്തെറിക്കാൻപോലും ശേഷിയില്ലാത്ത തിരിപ്പടക്കമായേ പി.വി.അൻവറിനെ പാർട്ടിക്കാരൊഴിച്ചുള്ള പലരും ഇതുവരെ ഗൗനിച്ചിട്ടുള്ളൂ. ഇതിപ്പോൾ പാർട്ടിതന്നെ അപായമണി മുഴക്കിയതോടെ സർവത്ര പരിഭ്രാന്തിയും വെപ്രാളവും. സിപിഎം പുലികളുടെ ആലയും അൻവർ വെറും എലിയും എന്നു കരുതിയവർ ‘ശശി’ ആയെന്നു വരുമോ?
‘സിപിഎമ്മുകാരിൽ ബഹുഭൂരിപക്ഷത്തിനും പിണറായിയെ വെറുപ്പാണെന്നും ആളു കെട്ടുപോയ സൂര്യനാണെന്നും ഗ്രാഫ് പൂജ്യമാണെന്നും പാർട്ടി മുങ്ങാൻ പോകുന്ന കപ്പൽ ആണെന്നും’ ഒക്കെ അൻവർ പറഞ്ഞതു നാട്ടുകാർ വിശ്വസിക്കുമെന്നായിരിക്കുമോ അങ്കലാപ്പ്. പാർട്ടിയംഗങ്ങളിൽ ശാസ്ത്രീയ നുണപരിശോധന നടത്തി സംഗതിയുടെ കിടപ്പു കണ്ടെത്തിയാൽ കാര്യം കഴിഞ്ഞു. സംഗതി സത്യമാണെങ്കിൽ മതിയല്ലോ ബേജാറും പരവേശവും കയറുപൊട്ടിക്കലും. മാർക്സിസം ശാസ്ത്രമാണ്. പരിശോധന ശാസ്ത്രീയമെങ്കിൽ കണ്ടുപിടിക്കാൻ അസാധ്യമായി ഒന്നുമില്ല.
നവകേരള യാത്രയ്ക്കു ബസോടിച്ചു വന്ന ക്ഷീണംമാറ്റാൻ പണ്ട് അൻവർ മുതലാളിയുടെ വീട്ടിലായിരുന്നു പിണറായിയുടെയും പരിവാരങ്ങളുടെയും സദ്യ എന്നു കേട്ടിരുന്നു. ബൂർഷ്വാകളുടെ വീട്ടിൽനിന്ന് അങ്ങനെ പതിവുള്ളതല്ല. പരിപ്പുവടയും കട്ടൻചായയുമായി എല്ലാക്കാലത്തും ജീവിക്കാൻ കഴിയില്ല. ഇ.പി. ജയരാജൻ ഉപദേശിച്ചതുകൊണ്ട് ചങ്ങാത്തമുതലാളിത്തം ഒന്നു രുചിച്ചു എന്നു മാത്രം. കഴിച്ചതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഇനി സൂക്ഷിക്കണം. ‘പണ്ട് എന്റെ വീട്ടിൽവന്ന് പള്ളനിറച്ചു തിന്നിട്ട് എന്നെത്തന്നെ പള്ളു പറയുന്നോ’ എന്നു പറയാൻ അൻവർ മടിക്കണമെന്നില്ല. ഏമ്പക്കം വിട്ടതിന്റെ വിഡിയോ എടുത്തു വച്ചിട്ടില്ലെന്ന് ആരു കണ്ടു?
‘ഉത്തരം താങ്ങുന്ന പല്ലി’ എന്നാണ് അൻവറിനെപ്പറ്റി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. ഉത്തരമില്ലാത്ത വീടുകളാണ് ഇപ്പോൾ നിലമ്പൂരിൽ പോലും. ചോദ്യങ്ങളുടെ ഉത്തരം ആയിരിക്കുമോ മന്ത്രി ഉദ്ദേശിച്ചത്. സ്കൂൾ കുട്ടികളുമായാണ് ഈ കുട്ടിയുടെയും സഹവാസം. ചോദ്യോത്തരത്തോടു പേടി സ്വാഭാവികം. ഉത്തരം എങ്ങനെയും താങ്ങാംം. പക്ഷേ, അൻവറിന്റെ ചോദ്യങ്ങളാണ് പാട്. പല്ലി വീഴുന്നതിന്റെ ശകുനവും ഗൗളീശാസ്ത്രത്തിൽ പ്രധാനമാണ്. ഇടത്തോട്ടും വലത്തോട്ടും ചാടുന്നതിൽ ഫലവും വ്യത്യാസമാണുപോലും. അൻവർ ഇത്തവണ വാലുമുറിച്ചിട്ട് ഇടത്തുനിന്നു വലത്തോട്ടു ചാടിയ ലക്ഷണമാണ്. തുള്ളിക്കളിക്കുന്ന മുറിവാലിനു ചുറ്റുമാണ് പൂച്ചകളുടെ കടിപിടി. ആ തക്കത്തിനു തടി കഴിച്ചിലാക്കലാണ് എന്നും പല്ലിയുടെ സൂത്രം.
അൻവർ പല്ലിയാണെന്നു ശിവൻകുട്ടി പറയുമ്പോൾ വിഷപ്പാമ്പാണെന്നാണ് എ.കെ.ബാലന്റെ കണ്ടുപിടിത്തം. രണ്ടും ഉരഗവർഗമായതുകൊണ്ട് വർഗസമരത്തിനു സ്കോപ് ഇല്ല. വിഷപ്പാമ്പുപോലും പാലു കൊടുത്ത കൈക്കു കടിക്കാറില്ലെന്നാണു ബാലന്റെ മനസ്താപം. അൻവർ അതും ചെയ്തു പോലും. പാമ്പിനു പാൽ ഇഷ്ടമാണെന്നു പാവം ബാലനെ ആരോ പറഞ്ഞു പറ്റിച്ചിട്ടുണ്ടാവണം. എന്തായാലും അൻവറിന്റെ കടിക്കുള്ള ‘ആന്റിവെനം’ പാർട്ടിയുടെ കയ്യിലുണ്ടെന്നാണ് ബാലന്റെ ആത്മവിശ്വാസം. എന്തായാലും കടി കിട്ടിയ സ്ഥിതിക്ക് ഇനി കുത്തിവയ്പ് വൈകരുത്. പാർട്ടി വെന്റിലേറ്ററിലായിപ്പോകും.
സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ സഖാക്കളെ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരാക്കാനുള്ള ഗൂഢാലോചനയാണ് അൻവർ നടത്തുന്നതെന്നു ബാലൻ പക്ഷേ, പുറത്തു പറയേണ്ടിയിരുന്നില്ല. ഇനിയിപ്പോ അണികൾക്കു ബാലനെ അനുസരിക്കാതിരിക്കാനും കഴിയില്ല. അൻവറിന്റെ അടി എങ്ങനെയും പിണറായി താങ്ങും, സ്നേഹം കൂടിയുള്ള ഇത്തരം തലോടലാണു പാട്.
ക്ഷമിക്കാനൊരവസരം ജയരാജന്
മരണശേഷം വിരോധം സൂക്ഷിക്കുന്നവൻ മനുഷ്യനല്ല എന്നാണു പറയാറ്. സാധാരണ മരിച്ച ആളിനോടാണ് ക്ഷമിക്കാറ്. ഇ.പി.ജയരാജൻ പക്ഷേ, അങ്ങനെയല്ല. സീതാറാം യച്ചൂരിയുടെ വിയോഗത്തെത്തുടർന്നാണ് ഡൽഹിക്കു പോയതെങ്കിലും ‘വിശാലഹൃദയനായ ആശാൻ’ ക്ഷമിച്ചത് ഇൻഡിഗോ വിമാനക്കമ്പനിയോടാണ്. എത്രയോ കാലത്തെ വിരോധം മറന്ന് ഇൻഡിഗോ വിമാനത്തിൽ ഇ.പി പറന്നു. ദുഃഖംകൊണ്ട് കണ്ണുനിറഞ്ഞതിനാൽ ഏതു കമ്പനിയുടെ വിമാനമാണെന്നു തിരിച്ചറിയാൻ പറ്റാതെ കയറിയതാണോ എന്നറിയില്ല.
ഒരു ദുർബലനിമിഷത്തിലാണ് ഇനി ജീവിതകാലത്ത് ഇൻഡിഗോയിൽ കയറുന്ന പ്രശ്നമില്ല എന്നു ജയരാജൻ ശപഥമെടുത്തത്. ഒരു വാശിക്കു കിണറ്റിൽ ചാടിയാൽ നൂറു വാശിക്കു തിരിച്ചുകയറാൻ പറ്റില്ലെന്നു പഴഞ്ചൊല്ലുണ്ട്. കിണറ്റിൽ പെട്ടുപോയവൻതന്നെ ആയിരിക്കും പഴഞ്ചൊല്ല് കണ്ടുപിടിച്ചതും. കിണറിനെച്ചൊല്ലിയുള്ള ഈ പഴഞ്ചൊല്ല് വിമാനത്തിന്റെ പേരിലാക്കി ജയരാജനു പേറ്റന്റ് എടുക്കാം. ഈ രീതിയിൽ അവനവൻകുരുക്ക് ഉണ്ടാക്കി കുടുങ്ങിയവരെപ്പറ്റി വേറെ കേട്ടിട്ടില്ല. മരിച്ചാലും ബിജെപിയിലേക്ക് ഇല്ല എന്നായിരുന്നു ഇ.പിയുടെ മറ്റൊരു ശപഥം. ഒരു വ്രതം തെറ്റിയ സ്ഥിതിക്കു മറ്റുള്ളതിന്റെ കാര്യം എന്താവും എന്നറിയില്ല . പണ്ടേ ഫുട്ബോൾ കളിക്കാരനാണ്. റെഡ് കാർഡ് കാട്ടിയ സ്ഥിതിക്കു കളം വിടും മുൻപ് ഒരു ഫൗൾ കൂടി കാണിച്ചാലും കൂടുതലൊന്നും സംഭവിക്കാനില്ലെന്ന് ഇ.പിക്കറിയാം.
ഓപ്പറേഷൻ വിസ്ഫോടൻ
വെടിമരുന്നു ലൈസൻസിലെ തിരിമറി അന്വേഷണത്തിനു വിജിലൻസ് ഇട്ട ‘ഓപ്പറേഷൻ വിസ്ഫോടൻ ‘എന്ന പേര്, വാസ്തവത്തിൽ തൃശൂരിൽ കോൺഗ്രസിലെ തിരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിച്ച കെ.സി.ജോസഫ് കമ്മിറ്റിക്കായിരുന്നു കൂടുതൽ ചേരുക. വിശേഷിച്ചും പൂരത്തിന്റെ വെടിക്കെട്ട് കലങ്ങിയതുകൂടി സംഭവത്തിൽ പ്രതിയായ സ്ഥിതിക്ക്.
പാർട്ടിയിലെ സംഘടനാപ്രശ്നങ്ങൾ മുരളീധരന്റെ തോൽവിക്കു കാരണമായെന്നു കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, റിപ്പോർട്ടിലെ ഉള്ളടക്കം തൽക്കാലം ചർച്ചയ്ക്കുവയ്ക്കേണ്ടെന്ന തീരുമാനത്തിനു കൊടുക്കണം ഒരു പൊന്നാട. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ നടപടിയും ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു മതിപോലും. ഒരു ധൃതിയും വേണ്ട. തദ്ദേശഭരണ തിരഞ്ഞെടുപ്പോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോ കഴിഞ്ഞിട്ട് റിപ്പോർട്ട് പരിശോധിച്ചാലും തകരാറൊന്നുമില്ല.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാലഞ്ചുകൊല്ലം ആരും തുറക്കാതിരുന്നിട്ടു സർക്കാരിന് എന്തെങ്കിലും സംഭവിച്ചോ? തുറന്നപ്പോഴത്തെ കാര്യം പറയാനുമില്ല. റിപ്പോർട്ട് കെപിസിസി ഓഫിസിൽ ഭദ്രമല്ലെങ്കിൽ ക്ലിഫ്ഹൗസിൽ സൂക്ഷിക്കാൻ ഏൽപിച്ചാലും തെറ്റില്ല. അല്ലെങ്കിലും അവിടെയാണ് മാരകവിസ്ഫോടനശേഷിയുള്ള രഹസ്യങ്ങളുടെ നിലവറ. ഒരെണ്ണം കൂടി വന്നാലും അധികഭാരമല്ല.
സ്റ്റോപ് പ്രസ്
പി.ശശിക്കെതിരായ ആരോപണങ്ങൾ ഉള്ളി പൊളിച്ചപോലെയെന്ന് എ.കെ.ബാലൻ. ഉള്ളി പൊളിക്കുമ്പോൾ കണ്ണുനിറയും