ADVERTISEMENT

കോട്ടയം∙ ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ച് കണ്ണൂരിലേക്കുള്ള യാത്ര ട്രെയിനിലാക്കിയത്.

‘‘ഉള്ള വിമാനത്തില്‍ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുകയായിരുന്നു ലക്ഷ്യം. യച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട നേതാവാണ്. ഇൻഡിഗോ വിമാനത്തിൽ കയറേണ്ടെന്ന് അന്നും കയറാൻ ഇന്നും എടുത്ത നിലപാടുകൾ അതാത് സാഹചര്യത്തിൽ ശരിയാണ്. വിമാനത്തിൽ അന്ന് നടന്നത് ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത സംഭവം’’– ഇ.പി.ജയരാജൻ പറഞ്ഞു.

2022 ജൂൺ 13നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലുകളെ തുടർന്നാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്ക് തള്ളിയിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

ഇൻഡിഗോ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തേക്കു തടഞ്ഞ ഇ.പി. ജയരാജന് മൂന്ന് ആഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തി. ഇതോടെ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി ജയരാജൻ പ്രഖ്യാപിച്ചു. കണ്ണൂരിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും ഇൻഡിഗോ ആയിരുന്നു അന്ന് പ്രധാനമായി സർവീസ് നടത്തിയിരുന്നത്. മറ്റു വിമാനങ്ങളില്ലാത്തതിനാൽ ജയരാജന്റെ യാത്ര പിന്നീട് ട്രെയിനിലായി. ഇൻഡിഗോ അധികൃതർ പലതവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ നിന്ന് ഇ.പി പിന്നോട്ടു പോയില്ല. മാസങ്ങൾക്കുശേഷം എയർ ഇന്ത്യ തിരുവനന്തപുരം -കണ്ണൂർ സർവീസ് ആരംഭിച്ചതോടെയാണ് വീണ്ടും ജയരാജന്‍ വിമാനത്തിൽ ഈ റൂട്ടിൽ സഞ്ചരിച്ച് തുടങ്ങിയത്.

English Summary:

E.P. Jayarajan Ends Indigo Boycott to Pay Respects to Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com