അതിരില്ലാരാജ്യത്തെ മഹാരാജാവ്
Mail This Article
രത്തൻ ടാറ്റ യാത്രയാകുമ്പോൾ ബാക്കിയാവുന്നത് കർമധന്യമായൊരു പൂർണജീവിതത്തിന്റെ ശോഭ. ലോകമാകെ തിളങ്ങിയ ആ ഇന്ത്യൻ രത്നത്തിന് ഇനി നിത്യത. വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ വലുതാക്കിക്കൊണ്ടിരിക്കുമ്പോഴും ചില്ലകൾ പടർത്തിക്കൊണ്ടിരുന്ന കാരുണ്യത്തിന്റെ മഹാവൃക്ഷം കൂടിയായിരുന്നു അദ്ദേഹം. സമ്പത്തിലോ അധികാരത്തിലോ പ്രശസ്തിയിലോ അല്ല യഥാർഥ സന്തോഷമെന്നും മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണെന്നും വിശ്വസിച്ച ഒരാളുടെ വേർപാടാണിത്; എത്ര ഉയരത്തിലേക്കു പറന്നുപോകുമ്പോഴും ജീവിതമൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷിച്ചൊരാളുടെ വിയോഗം.
ഒന്നരനൂറ്റാണ്ടിലേറെ നീണ്ട വിശ്വാസ്യതയുടെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പിന് ഇക്കഴിഞ്ഞ 33 വർഷമായി രത്തൻ ടാറ്റയുടെ മുഖമായിരുന്നു. ലോക വ്യവസായഭീമൻമാരെപ്പോലും അമ്പരപ്പിച്ച വേഗത്തിൽ ടാറ്റ ആഗോള വ്യവസായഗ്രൂപ്പായി വളർന്നത് അദ്ദേഹത്തിന്റെ കാലത്താണ്. തേയില, ഉരുക്ക്, വാഹനനിർമാണം, ഐടി, ഹോട്ടൽ വ്യവസായം, വ്യോമയാനം, റീട്ടെയ്ൽ എന്നിങ്ങനെ എത്രയോ രംഗങ്ങളിൽ, ലോകം അംഗീകരിച്ച ബ്രാൻഡുകൾ ടാറ്റ ഗ്രൂപ്പിൽനിന്നുണ്ടായി. ടെറ്റ്ലി (തേയില), ജാഗ്വർ ലാൻഡ്‌റോവർ (കാർ നിർമാണക്കമ്പനി), കോറസ് (സ്റ്റീൽ) എന്നീ ആഗോള ബ്രാൻഡുകളെ 2000–2008 കാലത്ത് ടാറ്റ ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെതന്നെ അഭിമാനമാണ് വാനോളമുയർന്നത്.
എത്രയോ കാലം മുന്നോട്ടുകാണാനുള്ള ശേഷിയാണ് രത്തൻ ടാറ്റ ഓരോ തീരുമാനത്തിലും പ്രകടിപ്പിച്ചത്. യുഎസിൽ ഉന്നതപഠനം കഴിഞ്ഞ് ഇരുപത്തഞ്ചാം വയസ്സിൽ ടാറ്റ ഗ്രൂപ്പിൽ ചുമതലകൾ ഏറ്റെടുത്തുതുടങ്ങിയ രത്തൻ ആദ്യം പ്രവർത്തിച്ചത് സ്റ്റീൽ കമ്പനിയിൽ സാധാരണ തൊഴിലാളികളോടൊപ്പമാണ്. ഏറ്റവും താഴെത്തട്ടിലുള്ളവരുടെകൂടി അഭിപ്രായങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സ് അദ്ദേഹത്തിന് ഒരിക്കലും കൈമോശം വന്നില്ല.
ജെ.ആർ.ഡി.ടാറ്റ 1991ൽ പടിയിറങ്ങിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ പദവിയിലേക്കു രത്തൻ ടാറ്റ എത്തിയത്. ‘ജെആർഡിയോളം എത്തുമോ’ എന്ന ആശങ്ക അസ്ഥാനത്താക്കി അദ്ദേഹം, ‘ടാറ്റ’യെ ആഗോള ബ്രാൻഡായി വളർത്തി. ധാർമികമൂല്യമുള്ള ബിസിനസ് ഗ്രൂപ്പ് എന്ന അംഗീകാരം സമൂഹത്തിൽനിന്നു നേടാനുമായി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 5 ശതമാനമെങ്കിലും വരും ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സംഭാവന. ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു, അദ്ദേഹം.
തോൽവികളിൽ തളരാത്ത നായകനായിരുന്നു രത്തൻ ടാറ്റ. സാധാരണകുടുംബങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ കാർ എന്ന നിലയ്ക്കു നാനോ കാർ അവതരിപ്പിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ടാറ്റ നേരിട്ട എതിർപ്പുകൾ ചെറുതല്ല. ടാറ്റ മോട്ടോഴ്സിനെ തകർച്ചയുടെ ആഴങ്ങളിൽനിന്നു ക്ഷമയോടെ നയിച്ച് രാജ്യത്തെ ഏറ്റവും പ്രമുഖ കാർ ബ്രാൻഡുകളിലൊന്നാക്കി വളർത്താൻ ടാറ്റയ്ക്കായി.
-
Also Read
സ്നേഹസാമ്രാജ്യത്തിന്റെ അധിപൻ
‘സമൂഹത്തിനു തിരികെ നൽകുക’ എന്ന ആശയം മുറുകെപ്പിടിച്ച് ടാറ്റ ട്രസ്റ്റ് വഴിയും അല്ലാതെയും രത്തൻ ടാറ്റ രാജ്യത്തിനേകിയ സഹായം പട്ടികയിലാക്കാനാകില്ല. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച അദ്ദേഹം ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ മുൻകയ്യെടുത്തു. ജീവിത സായാഹ്നത്തിലെത്തിയിട്ടും അദ്ദേഹം ചെറുപ്പക്കാരുടെ സ്റ്റാർട്ടപ് ആശയങ്ങളിൽ ആവേശം കൊള്ളുകയും അവർക്കു മൂലധനസഹായമേകുകയും ചെയ്തു. നൂറിലേറെ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നയിക്കുമ്പോഴും മാനുഷികത അദ്ദേഹത്തോടൊപ്പം എന്നും സഹയാത്ര ചെയ്തു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ഒരേ പരിഗണന നൽകി.
മഴക്കാലമാണ്; രക്ഷതേടിയെത്തിയ പാവം തെരുവുമൃഗങ്ങൾ നമ്മുടെ നിർത്തിയിട്ട കാറിനടിയിലുണ്ടാവാം, അതു ശ്രദ്ധിക്കാതെ വാഹനമെടുത്താൽ അവയുടെ ജീവിതം അപകടത്തിലാകും– കഴിഞ്ഞവർഷം മൺസൂൺകാലത്ത് അദ്ദേഹം ട്വിറ്ററിൽ (എക്സ്) എഴുതിയതാണിത്. ഇക്കൊല്ലം മൺസൂണിനുമുൻപു മൃഗങ്ങൾക്കുവേണ്ടി മുംബൈയിൽ ടാറ്റ തുറന്നത് 165 കോടി രൂപ ചെലവിട്ടുനിർമിച്ച ആശുപത്രിയാണ്.
ആ കണ്ണുകളിൽ പതിഞ്ഞത് ബിസിനസ് ലാഭം മാത്രമല്ല, ദൈന്യത നിറഞ്ഞ എല്ലാ മുഖങ്ങളുമാണ്. ലക്ഷക്കണക്കിനാളുകൾക്കു തൊഴിലേകിയും ഇന്ത്യയുടെ സമഗ്രവളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയുമാണ് രത്തൻ ടാറ്റ കടന്നുപോകുന്നത്. ആ സ്മരണയ്ക്കു മലയാള മനോരമയുടെ പ്രണാമം.