സ്നേഹസാമ്രാജ്യത്തിന്റെ അധിപൻ
Mail This Article
കേന്ദ്ര വ്യവസായ സെക്രട്ടറി എന്ന നിലയിൽ ഒട്ടേറെത്തവണ രത്തൻ ടാറ്റയുമായി ഇടപഴകേണ്ടി വന്നപ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യമുണ്ട്– അദ്ദേഹത്തിന് വ്യവസായത്തിൽ ലാഭവും മൽസരവുമൊന്നുമല്ല ലക്ഷ്യം. സ്വയം മുറുകെ പിടിക്കുന്ന മൂല്യങ്ങളും രാജ്യ പുരോഗതിയുമാണ്. ആ മൂല്യങ്ങളിൽ സുതാര്യതയും സത്യസന്ധതയും പ്രധാനമായിരുന്നു. മറ്റനേകം വ്യവസായികളുമായി ഇടപെട്ടിട്ടുണ്ടെങ്കിലും രത്തനിൽ മാത്രമേ ഞാൻ ഈ ഗുണങ്ങൾ നിറഞ്ഞു വിളങ്ങി കണ്ടിട്ടുള്ളു.
ടാറ്റ സാമ്രാജ്യത്തിന്റെ അധിപനാണെന്നുള്ള ഭാവം ഏതുമില്ലാതെ തികച്ചും എളിമയോടെ അദ്ദേഹം സംസാരിക്കുമായിരുന്നു. മുംബൈയിലെ അലിബാഗിലെ വീട്ടിൽ അരുമ നായ്ക്കളുമൊത്ത് ലളിത ജീവിതമാണ് നയിച്ചിരുന്നതും. ദയയും സഹാനുഭൂതിയും ആ ജീവിതത്തെ ജീവസ്സുറ്റതാക്കി മാറ്റി. ഇന്ത്യയിൽ കുടിവെള്ള–പോഷകാഹാര പദ്ധതികളിൽ അദ്ദേഹം ഏറെ തൽപരനായിരുന്നു.
പോഷകാഹാരക്കുറവ് വളർച്ചയെ ബാധിക്കുന്നുവെന്ന സത്യം അദ്ദേഹം കണ്ടറിഞ്ഞു. എല്ലാവർക്കും ശുദ്ധമായ ഭക്ഷണവും പോഷകാഹാരവും ലഭ്യമാക്കുന്ന പദ്ധതികളിൽ ടാറ്റ ഗ്രൂപ്പ് സജീവ സംഭാവന നൽകി.
മുതിർന്ന പൗരനായ ശേഷം യുവാക്കളുടെ സ്റ്റാർട്ടപ് കമ്പനികളിൽ അദ്ദേഹം കാട്ടിയ താൽപര്യം മാതൃകയാവേണ്ടതാണ്. ഒട്ടേറെ കുഞ്ഞു കമ്പനികളിൽ അദ്ദേഹം സ്വകാര്യ സമ്പാദ്യത്തിൽ നിന്നു മുതൽമുടക്കി.
കേരളവുമായുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞാൽ താജ് ഗ്രൂപ്പും കേരള ടൂറിസവുമായുള്ള സംയുക്ത സംരംഭത്തിനു ചുക്കാൻ പിടിച്ചത് രത്തൻ ടാറ്റയാണ്. എല്ലാ സംസ്ഥാനത്തും താജിന് ഒരു ഹോട്ടൽ ഉള്ളപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഞങ്ങൾക്ക് 6 ഹോട്ടലുണ്ട് എന്ന പരസ്യം തൊണ്ണൂറുകളിൽ വന്നിരുന്നത് ഓർക്കുക. രത്തൻ ടാറ്റ പ്രകാശനം ചെയ്ത എന്റെ ‘ബ്രാൻഡിങ് ഇന്ത്യ’ എന്ന പുസ്തകത്തിൽ ഒരു അധ്യായം തന്നെ അതെക്കുറിച്ചാണ്.
എന്റെ സഹോദരൻ രവി കാന്ത് ടാറ്റാ മോട്ടോഴ്സ് എംഡിയായിരുന്നു. അങ്ങനെ വളരെ അടുത്ത ബന്ധം ഇന്ത്യയുടെ രത്നമായ ഈ മനുഷ്യനുമായി ഞങ്ങൾക്ക് ഉണ്ടായത് മഹാഭാഗ്യമായി കരുതുന്നു.
∙അമിതാഭ് കാന്ത്
ജി20 ഷെർപ്പ, മുൻ നീതി ആയോഗ് സിഇഒ, മുൻ കേന്ദ്ര–കേരള ടൂറിസം സെക്രട്ടറി