അഭിമാനം പകർന്ന് കർദിനാൾ പദവി
![](https://author.manoramaonline.com/content/dam/mm/mo/news/just-in/images/2024/12/7/cardinal-george-jacob-koovakad-image-7.jpg/_jcr_content/renditions/cq5dam.thumbnail.319.319.png?ch_ck=1733597705000&w=1120&h=583)
Mail This Article
കാർഡോ’ എന്ന ലത്തീൻ വാക്കിൽനിന്നാണു കർദിനാൾ എന്ന വാക്കിന്റെ പിറവി. കാർഡോ എന്നാൽ വിജാഗിരി എന്നർഥം. ഒരു വാതിലിനു വിജാഗിരി എത്രമാത്രം പ്രധാനപ്പെട്ടതാണോ അതുപോലെ, ക്രിസ്തുവിലേക്കു തുറക്കുന്ന സഭാവാതിലിൽ മാർപാപ്പയോടു ചേർന്നുനിന്നു ശുശ്രൂഷ നടത്താനുള്ള ദൗത്യമാണ് ഓരോ കർദിനാളിന്റേതും. ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുന്ന ഭാരത കത്തോലിക്കാ സഭയിലെ വിശ്വാസിലക്ഷങ്ങളുടെ മനസ്സുകളിൽ ആഹ്ലാദനക്ഷത്രങ്ങൾ വിരിയിച്ചാണു മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം വത്തിക്കാനിൽ നടന്നത്.
കത്തോലിക്കാ സഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ ഭരണപരമായ കാര്യങ്ങളിൽ ഉൾപ്പെടെ സഹായിക്കുക എന്ന നിർണായകദൗത്യത്തിൽ ഇനി മലയാളിസാന്നിധ്യമായി കർദിനാൾ മാർ കൂവക്കാടും ഉണ്ടാകും. വൈദികനിരയിൽനിന്നു കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അപൂർവതയുമുണ്ട്.
സിറോ മലബാർ സഭയ്ക്കും കർദിനാൾ കൂവക്കാടിന്റെ സ്ഥാനാരോഹണം അഭിമാനത്തിനു വകനൽകുന്നു. സിറോ മലബാർ സഭയിൽപെട്ട മാർ ജോസഫ് പാറേക്കാട്ടിൽ, മാർ ആന്റണി പടിയറ, മാർ വർക്കി വിതയത്തിൽ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്കും സിറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാ ബാവായ്ക്കും ശേഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മലയാളിയാണു മാർ കൂവക്കാട്. നിലവിൽ കേരളത്തിൽനിന്നു മാർ കൂവക്കാട് ഉൾപ്പെടെ 3 കർദിനാൾമാരാണുള്ളത്. മാർ ആലഞ്ചേരിയും ക്ലീമീസ് കാതോലിക്കാ ബാവായുമാണു മറ്റുള്ളവർ.
കത്തോലിക്കാ സഭയിൽ 253 കർദിനാൾമാരാണുള്ളത്. അവരിൽ 80ൽ താഴെ പ്രായമുള്ള 140 കർദിനാൾമാർക്കാണു മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്. വോട്ടവകാശമുള്ള ഈ സംഘത്തിൽ 51 വയസ്സുകാരനായ മാർ കൂവക്കാടും ഇനിയുണ്ടാകും.
അജപാലകനു വേണ്ട മറ്റനേകം ഗുണങ്ങൾക്കൊപ്പം എളിമയും ലാളിത്യവുമാണ് മാർ കൂവക്കാടിനെ കൂടുതൽ ശ്രദ്ധേയനാക്കുന്നത്. കോട്ടയം ചങ്ങനാശേരിക്കടുത്തുള്ള മാമ്മൂട് എന്ന ഗ്രാമത്തിൽനിന്നുള്ളൊരു പുരോഹിതൻ കർദിനാളായി ഉയർത്തപ്പെടുമ്പോൾ കേരള സഭയുടെ ശിരസ്സിൽ മഹിമയുടെ ഒരു കിരീടംകൂടി അണിയിക്കപ്പെടുന്നു. കേരളത്തിലെ വിശ്വാസിസമൂഹത്തിനു മാർപാപ്പ നൽകുന്ന പ്രത്യേക അംഗീകാരം തന്നെയാണിത്.
കഴിഞ്ഞ ഒക്ടോബർ ആറിനാണു മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ സംഘത്തിലേക്കു തിരഞ്ഞെടുത്തതായി മാർപാപ്പ പ്രഖ്യാപിച്ചത്. നവംബർ 24ന് അദ്ദേഹം മെത്രാപ്പൊലീത്തയായി അഭിഷിക്തനായി. ശനിയാഴ്ച വത്തിക്കാനിൽ കർദിനാൾ സ്ഥാനാരോഹണവും നടന്നു.
‘ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സൗരഭ്യം പരത്തുക’ എന്ന ആപ്തവാക്യമാണു മെത്രാപ്പൊലീത്ത സ്ഥാനാരോഹണവേളയിൽ മാർ കൂവക്കാട് സ്വീകരിച്ചത്. ദൈവികകൃപയിൽ നിറഞ്ഞ്, ലാളിത്യത്തിലും വിനയത്തിലും സഭാശുശ്രൂഷ നടത്തുന്ന അദ്ദേഹം ലോകമാകെ കേരളസഭയുടെ സൗരഭ്യം പരത്താനുള്ള നിയോഗത്തിലേക്കുകൂടിയാണു കർദിനാൾ പദവിയോടെ വിളിക്കപ്പെട്ടിരിക്കുന്നത്. ‘സഭയുടെ രാജകുമാരന്മാർ’ എന്നാണു കർദിനാൾമാരെ വിളിക്കാറുള്ളത്. ശ്ലൈഹിക ശുശ്രൂഷയിൽ കത്തോലിക്കാ സഭയിലെ ശോഭയുള്ള രാജകുമാരനായി മാർ കൂവക്കാട് മാറട്ടെയെന്ന് ആശംസിക്കുകയാണു വിശ്വാസികൾ.
മാർപാപ്പയുടെ ഭരണനിർവഹണ സംഘത്തിൽ അംഗമായി ഒരു മലയാളി കർദിനാൾ തിരഞ്ഞെടുക്കപ്പെട്ടതു പുതുവർഷത്തിൽ ഭാരത കത്തോലിക്കാ സഭയ്ക്കു പ്രതീക്ഷയുടെ കിരണങ്ങൾ പകരുന്ന അഭിമാനനിമിഷമാണ്. കർദിനാൾസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാർ കൂവക്കാട്, ഭാവിയിൽ ഭാരതസഭയുടെ അഭിമാനതേജസ്സായി ആഗോള കത്തോലിക്കാ സഭയിലെ സുപ്രധാന ചുമതലകളിലേക്കു കടന്നുവരട്ടെ എന്ന പ്രാർഥനയിലാണു വിശ്വാസിസമൂഹം.