ചിന്തൻ ശിശിര ചിന്തകൾ
Mail This Article
ഐസിലിട്ടു സൂക്ഷിച്ചുവയ്ക്കാൻ മാത്രമുള്ള തീരുമാനങ്ങളെടുക്കുന്ന കോൺഗ്രസ് യോഗങ്ങൾക്ക് ‘ചിന്തൻ ശിബിരം’ എന്നല്ല ‘ചിന്തൻ ശിശിരം’ എന്ന പേരാണ് ചേരുക. പാർട്ടി പുനഃസംഘടനയൊക്കെ ശിബിരത്തിൽ തീരുമാനിച്ച കണക്കിനാണെങ്കിൽ എന്നേ തീരേണ്ടതാണ്. ധൂമകേതു വരുന്നതുപോലെ എന്നെങ്കിലും തിരഞ്ഞെടുപ്പു നടക്കും എന്നൊരു പ്രതീക്ഷയായിരുന്നു പണ്ട്. ഇപ്പോൾ പുനഃസംഘടനയെപ്പറ്റിയാണ് ആ കിനാവ്.
എന്നിട്ടും പുനഃസംഘടന പത്തുമിനിറ്റുകൊണ്ടു തീർക്കാമെന്നു പറയാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുണ്ടോ വല്ല മടിയും? കൊച്ചി മരടിൽ കായലോരത്തെ ഫ്ലാറ്റുകൾ പൊടിയാക്കിയ കമ്പനിയെത്തന്നെ പണി ഏൽപിക്കുമോ എന്നേ പേടിക്കാനുള്ളൂ. പത്തുമിനിറ്റുകൊണ്ടു തീരുമെങ്കിലും പത്തുമാസമായിട്ടും അനങ്ങാത്തതെന്താണെന്നൊന്നും ചോദിക്കരുത്. ‘നിനൈത്താൽ നാൻ പുലിയെപ്പിടിപ്പേൻ, ആനാ ഉയിരുപോനാലും നിനയ്ക്കമാട്ടേൻ’ എന്നാണ് സുധാകരന്റെയും ന്യായം.
പുനഃസംഘടന എന്നു സുധാകരൻ പറയുമ്പോൾ പ്രസിഡന്റ് അടക്കം മാറുമായിരിക്കും എന്നു മനപ്പായസം ഉണ്ണുന്നവരുണ്ട്. മനസ്സിൽ വച്ചാൽ മതി. പാർട്ടിയോ പ്രസിഡന്റോ തോറ്റിരുന്നെങ്കിൽ സാദരം പടിയിറക്കാമായിരുന്നു എന്നുപോലും ആശിച്ച പാർട്ടി സ്നേഹികളുമുണ്ടത്രേ. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കൈക്കില കൂടാതെ വാങ്ങി അടുപ്പിലെ ചൂടാറും മുൻപു സുധാകരനെ കയറ്റിയിരുത്തിയത്. അതു സുധാകരനും തിരിച്ചറിവുണ്ട്. താനൊഴിച്ചുള്ളവരെ മാറ്റുന്ന പുനഃസംഘടനയേ തൽക്കാലം അദ്ദേഹത്തിന്റെ മനസ്സിലുള്ളൂ.
തങ്ങളെ മാത്രം ബാധിക്കുന്ന പ്രത്യേകതരം വിഷമാണ് സംഘടനാ തിരഞ്ഞെടുപ്പെന്നു പണ്ടേക്കു പണ്ടേ ഉറപ്പുള്ള അപൂർവ ജനുസ്സാണ് കോൺഗ്രസുകാർ. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിനെ അതിജീവിക്കാനുള്ള ശേഷി പാർട്ടിക്കില്ല എന്നു നേതാക്കൾ പറയുമ്പോൾ അവർ തലകുലുക്കുന്നത്. അത്യാവശ്യത്തിനു ഗ്രൂപ്പ് വൈരം ആന്റിവെനമായി കുത്തിവച്ചാണ് പണ്ടൊക്കെ വിഷബാധയുടെ കാലത്തു പിടിച്ചുനിന്നത്. ഇപ്പോൾ വിഷത്തിനെക്കാൾ ക്ഷാമമാണ് ആന്റിവെനത്തിന്.
ഒന്നോർത്താൽ ബിജെപിയിലുമില്ല സ്ഥിതിക്കൊരു മാറ്റം. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു കെ.സുരേന്ദ്രൻ മാറിയാൽ നാടാകെ താമര വിരിഞ്ഞ് ശോഭ പടരുമെന്നു കരുതുന്നവർക്കു പാർട്ടിയിലുണ്ടോ വല്ല പഞ്ഞവും? അപ്പോഴും താൻ തന്നെ തുടരുമെന്നു സുരേന്ദ്രനു മാത്രം നല്ല ഉറപ്പും. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായതാണ് ബിജെപിയിലെ ഗതികേട് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. വെളിച്ചപ്പാടുമാർ സ്വന്തം മൂർധാവിലേ വെട്ടൂ. ബിജെപിയിൽ പ്രസിഡന്റിന്റെ മൂർധാവിനാണ് എല്ലാ വെളിച്ചപ്പാടിന്റെയും വെട്ട് എന്നു മാത്രം.
തമ്മിൽ ഭേദം സിപിഎമ്മാണ്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാറിയാൽക്കൊള്ളാമെന്നു സ്വപ്നം കാണാൻ ആകെയൊരു ഇ.പി.ജയരാജനേ ഉള്ളൂ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പിണറായി വിജയൻ മാറണമെന്നുപറയാൻ ധൈര്യമില്ലെങ്കിലും തിരുത്തി നന്നാക്കിച്ചുകളയാം എന്നൊരു തോന്നൽ ചെറുകിട സഖാക്കൾക്കുണ്ട്. ആ പ്രതീക്ഷയിലാണ് ബ്രാഞ്ചിലും ലോക്കലിലും ഏരിയയിലുമൊക്കെ അവരുടെ അർമാദം. വിഭാഗീയത എന്നാണ് പക്ഷേ ഇതിനൊക്കെ ഓമനപ്പേര് എന്നു മാത്രം.
‘ഈ വിമർശനമെല്ലാം കേട്ടിട്ട് സ്വയം തിരുത്താൻ തോന്നുന്നില്ലേ’ എന്നു പണ്ടൊരാൾ അഭിമുഖത്തിനിടെ പിണറായിയോടു ചോദിച്ചിട്ടുണ്ട്. ‘നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിനു ഞാനെന്തു തിരുത്താനാണ്’ എന്ന് തനിക്കു ചേരുന്ന മാന്യതയിൽ അദ്ദേഹം മറുപടിയും കൊടുത്തിട്ടുണ്ട്. പാർട്ടിയിലെ സഖാക്കളോടും പിണറായിക്ക് അതു തന്നെയാവും പറയാനുണ്ടാവുക. അതു തിരിച്ചറിയുന്നതുകൊണ്ടാണ് ഗോവിന്ദൻ കമാന്നു മിണ്ടാത്തത്.
അല്ലെങ്കിൽത്തന്നെ, കക്ഷികളുടെ കഞ്ഞിക്കലത്തിൽ പെട്ടുപോവുന്ന ഈച്ചയാണ് ഉൾപാർട്ടി ജനാധിപത്യം എന്നു തിരിച്ചറിയാത്തവൻ പാർട്ടിനേതാവല്ല. ഉടനെ എടുത്തുകളഞ്ഞാൽ വലിയ തട്ടുകേടില്ലാതെ ബാക്കി കഴിച്ചു കിടക്കാം. അല്ലെങ്കിൽ മൊത്തം അളിഞ്ഞ് പട്ടിണിയായിപ്പോവും.
പൊതുതിരഞ്ഞെടുപ്പ്, പാർട്ടി തിരഞ്ഞെടുപ്പ് തുടങ്ങിയ ഇരകൾ അടുക്കുമ്പോഴാണ് എല്ലാ പാർട്ടിയിലും പൂച്ച പോലിരുന്നവന്റെ പുലിനിറം തെളിയുക. ഒരു പുല്ലിൽപോലും പിടികിട്ടിയില്ലെന്നു വരുന്നതോടെ പിന്നെ പല്ലുകടിയായി. പിന്നാലെ മോങ്ങലും ചീറ്റലും. പിന്നങ്ങോട്ട് പാർട്ടിയുടെ പീഡനത്തിന്റെ കഥ തൽപരകക്ഷിയും മേൽപടിയാന്റെ അപഥസഞ്ചാരത്തിന്റെ കഥ പാർട്ടിയും മത്സരിച്ചു പുലമ്പലായി. സ്‌മാർത്തവിചാരവും പടിയടച്ചു പുറത്താക്കലുമാണ് മിക്കതിലും ഒടുക്കം. പരിഭ്രമിക്കാനില്ല. മാലയിട്ടു സ്വന്തമാക്കാൻ മറ്റു പാർട്ടിക്കാരുടെ പടതന്നെ പടിപ്പുരയ്ക്കു പുറത്തുണ്ട്. ‘സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ’ എന്നു പറഞ്ഞേക്കും; സാരമില്ല.
തിരുവനന്തപുരത്തു വഞ്ചിയൂരിൽ നഗരഹൃദയത്തിലെ പ്രധാനവഴി അടച്ചുകെട്ടി ജനത്തെ നട്ടംതിരിച്ച സിപിഎം കഴിഞ്ഞദിവസം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം വീണ്ടും നടത്തി. ഭരണത്തുടർച്ച നൽകിയവർക്കുള്ള ശിക്ഷയാണോ ഡോക്‌ടർ പി.സരിനുള്ള നേർച്ചയാണോ എന്നു തിട്ടമില്ല. സന്ദീപ് വാരിയരും മധു മുല്ലശ്ശേരിയുമൊക്ക പുതിയറോളിൽ അരങ്ങിലെത്തിയ സ്ഥിതിക്ക് ‘നിങ്ങളെന്നെ കോൺഗ്രസാക്കി’, ‘നിങ്ങളെന്നെ ബിജെപിയാക്കി’ എന്നീ രാഷ്ട്രീയനാടകങ്ങളുടെ സാധ്യതയും പരീക്ഷിക്കാം. അല്ലെങ്കിൽത്തന്നെ, രാഷ്ട്രീയംപോലെ സ്‌ഥിരം നാടകവേദി വേറെ ഏതുണ്ട്. ആരൊക്കെ ഏതൊക്കെ പാർട്ടിയിൽ എന്നറിയാൻ ലൊക്കേഷൻ മാപ്പ് വേണ്ടി വരുന്ന കാലവും വിദൂരമല്ല.
അപ്പത്തിന്റെ സോഫ്റ്റ് കോപ്പികൾ
സിൽവർലൈൻ ‘ഭാവി’കേരളത്തിനുള്ള ഈടുവയ്‌പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കൊല്ലം ചവറയിലെ രാജ്യാന്തര വ്യവസായ കോൺക്ലേവിൽ പറഞ്ഞു. തന്റെ കാലത്തൊന്നും നടക്കാനിടയില്ല എന്നു ബോധ്യപ്പെട്ടതുകൊണ്ടാവണം ‘ഭാവി’ എന്ന് എടുത്തുപറഞ്ഞത്. സമ്പത്തു കുമിഞ്ഞുകൂടിയ ചില തറവാടുകളിൽ തറ മാന്തി സ്വർണം കുഴിച്ചിടുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്. ഭാവി തലമുറകൾക്കു പ്രയോജനപ്പെടാനാണ്. വീട്ടുടമയുടെ തല തല്ലിത്തകർത്തു കയറി അടുക്കളവരെ മാന്തിപ്പൊളിച്ചു സിൽവർലൈൻ മഞ്ഞക്കുറ്റികൾ കുഴിച്ചിട്ടത് ഇത്തരമൊരു ഈടുവയ്‌പായിരുന്നുവെന്നു തിരിച്ചറിയാത്ത മണ്ടന്മാരോട് എന്തുപറയാൻ?
‘ 39 ട്രെയിൻ തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക്. 39 ട്രെയിൻ തിരിച്ചും. മൊത്തം യാത്രയ്ക്കു മൂന്നു മണിക്കൂർ 54 മിനിറ്റ്. 20 മിനിറ്റ് കൂടുമ്പോൾ വണ്ടി വരികയായി. ടിക്കറ്റ് ബുക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല. എടുക്കുക, നേരെ കയറുക. അത്രയേ വേണ്ടൂ. സിൽവർലൈൻ ഇടതു സർക്കാർ നടപ്പാക്കുകതന്നെ ചെയ്യും’ എന്നേ പണ്ട് എം.വി.ഗോവിന്ദനും പ്രസംഗിച്ചുള്ളൂ. ഏതു കാലത്തെ സർക്കാർ എന്നൊന്നും തീർത്തുപറഞ്ഞിട്ടില്ല. കാൽനൂറ്റാണ്ടിന്റെ തുടർഭരണമാണ് ഗോവിന്ദന്റെ സ്വപ്നം. നിർബന്ധിച്ചാൽ അരനൂറ്റാണ്ട് ആക്കാനും മാഷിനു മടിയൊന്നുമില്ല.
അല്ലെങ്കിൽത്തന്നെ വികസനത്തിന്റെ അനന്തസാധ്യതകൾ കണ്ടെത്തുന്നതിൽ ഗോവിന്ദനെക്കഴിഞ്ഞിട്ടേയുള്ളൂ ആരും. സിൽവർലൈനിൽ കുട്ട നിറയെ അപ്പം ചൂടു പോകും മുൻപേ കൊണ്ടുപോയി വിറ്റ് ആർക്കും അദാനിയാവാമെന്ന ബുദ്ധി മറ്റാർക്കെങ്കിലും തോന്നിയോ? പിണറായി പങ്കെടുത്ത ഈ കോൺക്ലേവിനു ഗോവിന്ദനെക്കൂടി വിളിക്കാഞ്ഞതു കേരളത്തിനു നഷ്ടമായി. വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്പത്തിന്റെ ‘സോഫ്റ്റ് കോപ്പി’ വിൽക്കുന്ന കാര്യം കക്ഷി പഠിപ്പിച്ചു കൊടുക്കുമായിരുന്നില്ല എന്നാരു കണ്ടു. സോഫ്റ്റാകും തോറും രുചി കൂടുന്ന സാങ്കേതികവിദ്യയിൽ അപ്പം കഴിഞ്ഞിട്ടേയുള്ളൂ എന്തും.
എന്നാലും എന്തിനായിരിക്കും?
എന്നാലും എന്തുകൊണ്ടായിരിക്കും പുതിയ എംഎൽഎമാർക്കു നീല ട്രോളി ബാഗുകൾതന്നെ സമ്മാനിക്കണമെന്ന് സ്പീക്കർ എ.എൻ ഷംസീറിനു തോന്നിയതെന്ന സംശയം തീരുന്നില്ല. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടി നിറയെ കള്ളപ്പണം കൊണ്ടുവന്നെന്നു പുകിലുണ്ടാക്കിയ മന്ത്രി എം.ബി. രാജേഷിനെ അപമാനിക്കാൻ ആയിരിക്കുമെന്നു വിശ്വസിക്കാൻ ദുഷ്‌ടബുദ്ധികൾക്കേ കഴിയൂ. ഷംസീർ അത്ര ക്രൂരനൊന്നുമല്ല. എങ്കിലും ‘യാദൃച്ഛികമായി സംഭവിച്ചതാണ്’ എന്ന് ഒരു കാര്യവുമില്ലാതെ ഷംസീർ വിശദീകരിച്ചപ്പോൾമുതൽ ആദ്യം വിശ്വസിച്ചവർക്കടക്കം പൊടിക്കു സംശയം തുടങ്ങിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല .‘അച്ഛൻ പത്തായത്തിലുമില്ല’ എന്നു പറഞ്ഞ പിഞ്ചുകുട്ടിയുടെ അതേ നിഷ്‌കളങ്കതയാണ് ഷംസീറിന്റെ മുഖത്തും.
സ്‌റ്റോപ് പ്രസ്
ചാലക്കയത്തുനിന്നു പമ്പയിലേക്ക് ഓരോ മിനിറ്റിലും ചെയിൻ ബസ് സർവീസ് പുറപ്പെടുമെന്നു കെഎസ്ആർടിസി. ഒരു മിനിറ്റ് പാലിക്കുന്ന വെപ്രാളത്തിനിടയിൽ തീർഥാടകരെ കയറ്റാൻ മറക്കാതിരുന്നാൽ മഹാഭാഗ്യം!