ഇത് കേസ് വേറെ
Mail This Article
‘‘ സർക്കാരിനു വേറെ എന്താണു വഴി? കേസുമായി ബന്ധപ്പെട്ട വനിത സർക്കാരിന് അപേക്ഷ നൽകുകയാണ്. കേസ് സിബിഐക്കു വിടണം. അവർക്കു പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. പരാതി സർക്കാർ അംഗീകരിച്ചില്ലെന്നു സങ്കൽപിക്കുക. എത്ര വലിയ വിമർശനത്തിന് അത് ഇടയാക്കും. അവരുടെ ആവശ്യം അംഗീകരിക്കുന്ന നിലയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.’’
പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനാണ്. കണ്ണൂരിൽ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യ യാത്രയയപ്പു യോഗത്തിൽ അധിക്ഷേപിച്ചതിനു പിന്നാലെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ സർക്കാരിനു മനംമാറ്റമുണ്ടായെന്ന് ഇതു വായിച്ച ചില പാവങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അതു മനസ്സിൽ വച്ചാൽ മതി. മുഖ്യമന്ത്രിയുടെ നീതിബോധവും ഉത്തരവാദിത്തവും തെളിയുന്ന വാക്കുകൾ സോളർ കേസിൽ സ്ത്രീ നൽകിയ പരാതിയിൽ പണ്ടു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണം സിബിഐക്കു വിടുന്ന കാര്യത്തിലുള്ളതാണ്. നവീൻ ബാബു കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ഭാര്യ കെ. മഞ്ജുഷയുടെ ആവശ്യത്തിൽ ഹൈക്കോടതിയിൽ പല്ലും നഖവും ഉപയോഗിച്ച് സർക്കാർ എതിർപ്പു തുടരും. അതു കേസ് വേറെ. കേൾക്കുമ്പോൾ മാറിപ്പോകരുത്.
അന്വേഷിക്കണമെന്നു ഭാര്യ ആവശ്യപ്പെടുകയും അന്വേഷിക്കാമെന്നു സിബിഐ അറിയിക്കുകയും ചെയ്തിട്ടുണ്ട്, നവീൻ ബാബുവിന്റെ കേസിലും. എന്നിട്ടും എതിർക്കാൻ സർക്കാരിനുണ്ടോ വല്ല മടിയും? ഈ കേസിൽ പ്രതിസ്ഥാനത്ത് കണ്ണൂരിലെ സിപിഎമ്മിന്റെ എണ്ണം പറഞ്ഞ നേതാവും സഹായികളായുള്ളത് ശിങ്കിടികളുമാണ്. സോളർ കേസിൽ ആരോപണം ഉമ്മൻ ചാണ്ടിക്ക് എതിരെയായിരുന്നു. അത്രേയുള്ളൂ വ്യത്യാസം. പോരാ, അതാണ് വ്യത്യാസം.
അതുകൊണ്ട് മുഖ്യമന്ത്രി നീതിബോധം തൽക്കാലം എട്ടായി മടക്കി പരണത്തു വയ്ക്കും. ‘തോൽക്കുകില്ല, തോറ്റുവെങ്കിലില്ല മാർക്സിസം’ എന്നാണ് പതിവായുള്ള സിപിഎം വായ്ത്താരി. നീതി കിനാവു കാണുന്ന നിസ്സഹായർക്കാണ് വീണ്ടും വീണ്ടും തോൽവി.
നർത്തകരുള്ളപ്പോൾ എന്തിന് വേറെ?
തനിക്കു നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന സംഗതിയാണെന്നിരിക്കെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു നൃത്താവിഷ്കാരം നടത്താൻ മന്ത്രി വി.ശിവൻകുട്ടി സിനിമാനടിയായ നർത്തകിയെ ആശ്രയിച്ചതു തൊട്ടേ തിരക്കഥ പാളിപ്പോയി. അതുകൊണ്ടാണ് നടി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിക്കുന്ന സ്ഥിതിയുണ്ടായതും മന്ത്രി വായിൽവന്ന ശകാരമെല്ലാം വിളിച്ചുപറഞ്ഞതും നടിമാരെല്ലാം കൂട്ടത്തോടെ കലഹവുമായി ഇറങ്ങിയതും പറഞ്ഞതെല്ലാം പിൻവലിക്കേണ്ടി വന്നതും.
റിഹേഴ്സൽ പോലുമില്ലാതെ നിയമസഭയുടെ ഡെസ്ക്കിനും ബെഞ്ചിനും മുകളിൽ നിസ്സാരമായി നൃത്തം നടത്തിയ ആളുകളുള്ള നാടാണിത്. അതിന്റെ ഒരംശം പുറത്തെടുക്കാൻ മനസ്സുവച്ചാൽ കലോത്സവത്തിന്റെ നൃത്താവിഷ്കാരം ആരുടെയും സഹായമില്ലാതെ പൊടിപൊടിക്കും. അഞ്ചുലക്ഷം ചോദിച്ച നർത്തകിയുടെ തല ലജ്ജകൊണ്ടു നിലം തൊടും.
അല്ലെങ്കിൽത്തന്നെ ഭരതനാട്യവും മോഹിനിയാട്ടവുംതൊട്ടു കഥകളിവരെ ചെറുപ്പം മുതലേ കരതരാമലകമായ ആർ.ബിന്ദു മന്ത്രിസഭയിൽ ഉള്ളപ്പോൾ നൃത്താവിഷ്കാരത്തിനു മറ്റൊരാളെ തേടിപ്പോയതുതന്നെ ശരിയായില്ല. ‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’ എന്നത് എത്ര ശരി. ‘ഉന്നത’ വിദ്യാഭ്യാസത്തിന്റെ മന്ത്രിയാണ് ആർ.ബിന്ദു. മറ്റേ വകുപ്പ് അത്ര ഉന്നതമല്ല എന്നു കേൾക്കുന്നവർക്കു തോന്നും. പക്ഷേ പ്രായം, പാർട്ടി തുടങ്ങി ഏതു വകുപ്പിലും ശിവൻകുട്ടിയാണ് ഉന്നതൻ. നൃത്തവിശാരദരായ വിദ്യാഭ്യാസ മന്ത്രിമാർ മറ്റേതു സംസ്ഥാനത്തുണ്ടാവും. അവർ ഇരുവരും ചേർന്നൊരുക്കുന്ന നൃത്താവിഷ്കാരം കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ അരങ്ങേറുന്നു എന്നു വിചാരിക്കുമ്പോൾതന്നെ അഭിമാനപൂരിതമാവുന്നു അന്തരംഗം. ഇനി ആലോചിച്ചാലും മതി.
സത്യത്തിൽ ശിവൻകുട്ടി വല്ലാത്തൊരു വൈരുധ്യാത്മക പ്രതിസന്ധിയിലാണ്. പണമില്ലാതെ വകുപ്പു നട്ടംതിരിയുന്ന കാലമാണ്. കാൽക്കാശു ചെലവില്ലാതെ നടിയെക്കൊണ്ട് നൃത്താവിഷ്കാരം ചെയ്യിക്കണമെന്ന് ഉൽക്കടമായ ആഗ്രഹിക്കുന്ന വിദ്യാഭ്യാസമന്ത്രി ഒരു വശത്ത്; ചെയ്യുന്ന പണിക്ക് അർഹമായ പ്രതിഫലം ഉറപ്പുവരുത്തേണ്ട തൊഴിൽമന്ത്രി മറുവശത്ത്. രണ്ടും ശിവൻകുട്ടി തന്നെ. ഒരു കണ്ണിൽ പ്രതിഫലം ചോദിച്ചതിലെ ഉഗ്രകോപം; മറുകണ്ണിൽ ചെയ്യിക്കുന്ന ജോലിക്കു പ്രതിഫലം നൽകാനാവില്ലല്ലോയെന്ന മാർക്സിസ്റ്റ് നേതാവിന്റെ ശോകം. കഥകളിയിൽ കലാമണ്ഡലം കൃഷ്ണൻനായരാശാൻ രണ്ടു കണ്ണിൽ രണ്ടു വ്യത്യസ്തഭാവം ഒരേ സമയത്തു വരുത്തുന്ന ‘ഏകലോചനം’ കാട്ടിയിരുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. പറ്റിയിരുന്നെങ്കിൽ മന്ത്രി അതും പഠിച്ചേനെ. അത്ര ഗതികേടാണ്.
എന്നാലും, ചെയ്യേണ്ട ജോലിക്കു കൂലി ചോദിച്ച നടിയോട് ‘വന്നവഴി മറക്കരുതെന്ന്’ തൊഴിൽമന്ത്രി ശിവൻകുട്ടി തലമറന്ന് ഉപദേശിക്കാമായിരുന്നോ എന്നൊരു സംശയം ബാക്കി. പാർട്ടിയിലെ സേവനവും ശുപാർശയും പരിഗണിച്ചാണ് പല വകുപ്പിലും പിൻവാതിൽ വഴിയും ഒട്ടേറെ സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപകരായും സഖാക്കൾ കയറിപ്പറ്റുന്നത് എന്നാണു കേൾവി. അവർ നാളെ ശമ്പളം ചോദിക്കുമ്പോൾ ‘വന്നവഴി മറക്കരുതെന്ന് ’ ന്യായം പറയാൻ തോന്നിപ്പോയാൽ എന്താവും കഥ?
അല്ലെങ്കിലും പണം കൊടുക്കാതെ പറയുന്ന പണി ചെയ്യാൻ സിനിമാക്കാരെല്ലാം സ്കൂൾ ഹെഡ്മാസ്റ്റർമാരല്ല. കാൽക്കാശ് ഫണ്ട് കൊടുക്കുന്നില്ലെങ്കിലും ‘ എല്ലാ സ്കൂൾ കുട്ടികൾക്കും കൃത്യം മെനുവിൽ ഉച്ചഭക്ഷണം നൽകണം, എല്ലാ കുട്ടികളെയും വിനോദയാത്ര കൊണ്ടുപോകണം’ തുടങ്ങിയ ഗംഭീര ഉത്തരവുകൾ ഈ നാട്ടിൽ ഇപ്പോഴും നിലവിലുണ്ട്. ‘എടു കുടുക്കേ ചോറും കറിയും’ എന്ന് പണ്ടു കഥയിൽ കേട്ട മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
പല പ്രഥമാധ്യാപകരുടെയും കെട്ടുതാലി വരെ പണയത്തിലാണ്. ഹെഡ്മാസ്റ്റർ ആയെന്ന് ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുന്നവർക്കു കൗൺസലിങ് കൊടുക്കേണ്ട അവസ്ഥയാണ്. തൂക്കിക്കൊല്ലുമെന്നു വിരട്ടിയാൽക്കൂടി പാവങ്ങൾ ഇത്ര പേടിക്കില്ല.
‘ബൂർഷ്വാ കോടതി ’എന്ന തലവേദന
കോടതികളെയും ജഡ്ജിമാരെയുംകൊണ്ടുള്ള തലവേദന സിപിഎമ്മിനും സർക്കാരിനും തീരുന്നില്ല. എക്സിക്യൂട്ടീവ്, ലെജിസ്ലേചർ, മദ്യം, പണം എന്നിങ്ങനെ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന അവശ്യതൂണുകളെല്ലാം വരുതിയിലായിട്ടും ജൂഡീഷ്യറി, പ്രസ് തുടങ്ങിയ അനാവശ്യങ്ങൾ സ്വതന്ത്രവിഹാരത്തിനു തടസ്സം നിൽക്കുന്നതാണ് അസഹനീയം.
‘ തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി പാർട്ടി സമ്മേളനം നടത്താൻ ആര് അധികാരം നൽകി’?, ‘റോഡിലെ അനധികൃത ബോർഡുകൾ നീക്കാൻ ധൈര്യമില്ലെങ്കിൽ രാജിവയ്ക്കൂ’ എന്നിങ്ങനെയാണ് ജഡ്ജിമാരുടെ വേണ്ടാത്ത പ്രതികരണങ്ങൾ. ‘ബൂർഷ്വാ കോടതികൾ’ എന്നു പണ്ടേക്കു പണ്ടേ കമ്യൂണിസ്റ്റുകൾക്കു തോന്നുന്നതു വെറുതേയല്ല. ജഡ്ജിമാർ ശുംഭൻമാരാണെന്നു പറഞ്ഞ നേതാവും പാർട്ടിക്കു സ്വന്തമാണ്.
‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’ എന്നാണ് സിപിഎം സമ്മേളന റിപ്പോർട്ടുകളെപ്പറ്റി മാധ്യമങ്ങളോടു പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. വിമർശനം പാർട്ടിയേ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന് ഗോവിന്ദൻ പറഞ്ഞതു വിശ്വസിച്ചാണ് എല്ലാവരും വാർത്ത കൊടുക്കുന്നത്; എന്നിട്ടും കണ്ണിൽച്ചോരയില്ലാതെ തള്ളിപ്പറയുന്നതാണ് കഷ്ടം.
റോഡിൽ ഒറ്റനേതാവിന്റെയും ബോർഡ് കാണാത്തതും ഒരു രാഷ്ട്രീയപ്പാർട്ടിയും വഴി തടഞ്ഞ് യോഗം നടത്താത്തതുമായ കേരളം ജനം കിനാവു കണ്ടു തുടങ്ങിയിട്ടുണ്ട്. നടത്താൻ കഴിയുന്നവയേ പറയൂ
എന്നും പറയുന്നതു നടത്തിപ്പിക്കാൻ കഴിയുമെന്നും കോടതികൾകൂടി തീരുമാനിച്ചാൽ എളുപ്പം കഴിഞ്ഞു. അധികാരികളെ വരച്ച വരയിൽ നടത്തുന്നതിനു പകരം അവർ നടക്കുന്ന വഴിയിൽ വരച്ച് തൃപ്തിയടയുന്ന ഗതികേട് ജനത്തിനു ശീലമാണ്. കോടതിക്കും അതുതന്നെ വന്നാൽ നാടിനു ഭൂഷണമല്ല.
സ്റ്റോപ് പ്രസ്
ചില വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടായപ്പോഴും തനിക്കും ഉമ്മൻ ചാണ്ടിക്കും വലുത് പാർട്ടിയായിരുന്നുവെന്നു രമേശ് ചെന്നിത്തല.
അതുകൊണ്ട് പാർട്ടി ഈ വലുപ്പത്തിലായി.