അനശ്വരതാളത്തിന്റെ വിരലടയാളം
Mail This Article
ഉസ്താദ് അല്ലാ രഖാ സാക്കിർ ഹുസൈൻ, അങ്ങയുടെ തബല മാത്രമാണ് ഇന്നലെ അനാഥമായത്. ആ വിരലുകളിൽ വിരിഞ്ഞ അനശ്വരതാളം എന്നും സംഗീതലോകത്തിന്റെ കാതോരത്തുണ്ടാകും.
അങ്ങയുടെ വിരൽവരംകൊണ്ട തബല എന്നും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങ് അതു വായിക്കുമ്പോൾ ലോകം അത്രത്തോളം ചെറുതാവുകയോ വലുതാവുകയോ ചെയ്തു. കവിയെഴുതിയതുപോലെ, ആയിരം ദേശാടനപ്പക്ഷികൾ അതിൽനിന്നു ചിറകടിച്ചുപറന്നു. കേൾവിക്കാർക്ക് അന്നേരം ആകാശവും ആഴിയും പ്രാപ്തമായി. പത്തു വിരലുകളുടെ ചക്രവർത്തിയായി അങ്ങ് തബലപ്പുറത്ത് താളത്തിന്റെ മെരുങ്ങാക്കുതിരകളെ അനായാസം പായിച്ചു. പിന്നണിവാദ്യം മാത്രമെന്നു കരുതിയിരുന്ന തബലയെ അങ്ങ് സ്വതന്ത്രവാദ്യമാക്കി വിശിഷ്ടസ്ഥാനത്തു പ്രതിഷ്ഠിച്ചു.
അങ്ങയുടെ ഏഴാം വയസ്സിൽ ഉറപ്പോടെ ആ വിരൽതൊട്ടതാണു തബല. തബലവാദനത്തിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഉസ്താദ് അല്ലാ രഖായുടെ മകന് തബല ഒരു പാരമ്പര്യമുദ്രതന്നെയായിരുന്നുവല്ലോ. മുൻതലമുറകളിലുള്ളവരുടെ ഹൃദയമിടിപ്പുകൾ അങ്ങേക്കിതിൽ കേൾക്കാനായിരിക്കണം. അതുകൊണ്ടാണ് അങ്ങ് തബല വായിക്കുമ്പോൾ അതൊരു പ്രാർഥനയായത്; സംസാരവും ആത്മഗതവും സംഘാലാപനംതന്നെയുമായത്. ആനന്ദവും വിലാപവുമായത്. പ്രകൃതിയും പ്രപഞ്ചവുമായത്.
വാദനശൈലിയായി പഞ്ചാബ് ഘരാന വിരലുകളിലെത്തിച്ചതും പാരമ്പര്യമാണ്. പഞ്ചാബ് ഘരാനക്കാർ പൊതുവേ പിന്തുടരുന്നതാണ് ‘ചില്ല കട്ന’ എന്ന അനുഷ്ഠാനം. ദീർഘകാലം പുറംലോകത്തുനിന്ന് അകന്ന് ദിവസങ്ങളോളം, അനസ്യൂതം തബലവാദനത്തിൽത്തന്നെ മുഴുകുന്ന ഈ തീവ്രാനുഷ്ഠാനം പിതാവിനെപ്പോലെ, പിതാമഹനെപ്പോലെ മുറതെറ്റാതെ അങ്ങും ശീലിച്ചു. ഈ സാധന ശീലിക്കാനായത് തന്റെ ജീവിതവീക്ഷണത്തെത്തന്നെ നിർവചിച്ചുവെന്ന് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. പിൽക്കാലത്ത് വർഷത്തിൽ നൂറ്റിഅൻപതിലധികം ദിവസങ്ങളിലും കച്ചേരികൾ നടത്താനായതിന്റെ ഊർജരഹസ്യവും ഈ സാധനതന്നെയാവും.
സ്വന്തം വേരുകളോടൊപ്പം ഭാരതീയസംഗീതത്തിന്റെ വേരുകളും മുൻപേരുകളും അങ്ങ് എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. സംഗീതവിദ്യാർഥികളോട് എപ്പോഴും പറഞ്ഞു: ‘നിങ്ങളുടെ പാരമ്പര്യത്തെ അറിയുക, ആദരിക്കുക, അതിൽ അഭിമാനം കൊള്ളുക..’ അതേ ആനന്ദാഭിമാനങ്ങളോടെയാണ് ആദ്യമായി അമേരിക്കയിലെത്തിയതും. സിതാർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ അവിടെ അങ്ങയുടെ ആദ്യത്തെ കച്ചേരി. കർണാടക സംഗീതത്തിലും ഉത്തരേന്ത്യൻ സംഗീതത്തിലും ജുഗൽബന്ദിയിലുമുള്ള വിരൽവഴക്കം പോപ്പും റോക്കും ജാസും ഫ്യൂഷനും ഉൾപ്പെടെയുള്ള സംഗീതധാരകളിൽ പ്രാവീണ്യം നേടാൻ തുണയായി. ദേശവിദേശങ്ങളിലെ അതിപ്രശസ്തരായ സംഗീതജ്ഞരോടൊപ്പം വേദി പങ്കിടാനായതിന് അനന്യമായ പ്രതിഭതന്നെ കാരണം.
പിതാവായിരുന്നു എന്നും വഴിവെട്ടം. തബല വായിക്കുമ്പോൾ എല്ലാം മറന്ന് അല്ലാ രഖാ മന്ദഹസിക്കുമായിരുന്നു. ചെറുപ്പത്തിൽ തബലവാദനത്തിനിടെ അതുപോലെ മന്ദഹസിക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടതും ഒടുവിൽ, തബലയിൽ എല്ലാം മറക്കാൻ സാധിച്ചകാലത്ത് പാരമ്പര്യത്തിന്റെ ആ മന്ദഹാസം തന്നിലേക്കെത്തിയതും അങ്ങ് ഓർമിച്ചിട്ടുണ്ട്. അങ്ങയുടെ വാദനം സംഗീതത്തിന്റെ ആനന്ദനർത്തനമാവുന്നതു ലോകംകണ്ടു. തബലയിൽ നാദപ്രപഞ്ചമൊരുക്കുമ്പോൾ മുഖത്തിനുചുറ്റും അനുസരണയില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകൾ, കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കത തുടിക്കുന്ന കണ്ണുകൾ... വാദനം അങ്ങനെ ആകാശം തൊടുമ്പോൾ അരങ്ങിലും സദസ്സിലുമുള്ള എല്ലാവരെയും അദൃശ്യരാക്കി, ഒരു തബലയും വിരലുകളും മാത്രമാകുന്ന മഹേന്ദ്രജാലം!
ഉസ്താദ്, കേരളത്തെയും തബലവാദനത്തെ ഏകാഗ്രതയോടെ ആസ്വദിക്കുന്ന മലയാളികളെയും ഇവിടത്തെ തായമ്പകയെയുമൊക്കെ ഇഷ്ടമായിരുന്നു അങ്ങേക്ക്. ഞങ്ങൾക്കും അങ്ങ് മറ്റൊരു ദേശക്കാരനോ ഭാഷക്കാരനോ ആയിരുന്നില്ല. അങ്ങേക്കൊപ്പം ഒരിക്കൽ സംഗീതസഹയാത്ര നടത്തിയ ജോർജ് ഹാരിസൺ (ബീറ്റിൽസ്) പറഞ്ഞതുപോലെ, ഏതു ഭാഷയും സംസാരിക്കുന്നതായിരുന്നുവല്ലോ വിശ്വവിശ്രുതമായ ആ തബല!
ഞങ്ങൾക്കായി ഇവിടെ അങ്ങ് ബാക്കിവച്ച താളത്തിന്റെ ആ മഹാസമുദ്രത്തിനു നന്ദി; നിശ്ശബ്ദമായ പൊൻവിരലുകൾക്കു വേദനയോടെ വിട.