ക്ലോക്കിലെ സമയദോഷവും ചാക്കോയുടെ വാക്കും
Mail This Article
സമയദോഷംകൊണ്ടാണ് മന്ത്രിയാകാൻ പറ്റാത്തതെന്നാണ് ഒടുവിൽ എൻസിപിയുടെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ ആശ്വാസം. ‘ക്ലോക്ക്’ ആയിരുന്നു പണ്ട് എൻസിപിയുടെ ചിഹ്നം. അതും പാർട്ടിയും പക്ഷേ, അജിത് പവാർ ചൂണ്ടിയെടുത്തു. ക്ലോക്ക് കൈവിട്ടുപോയെങ്കിലും തോമസിനു സമയത്തിൽ വിശ്വാസം കൂടിയിട്ടേയുള്ളൂ എന്നതു നല്ല ലക്ഷണമാണ്. ‘നല്ല സമയം’ കാണിക്കുന്ന ക്ലോക്ക് കിട്ടാനുണ്ടെങ്കിൽ തോമസ് പൊന്നുംവില കൊടുത്തായാലും വാങ്ങിയേനെ. മന്ത്രിയാകാനാവാത്ത ഗ്രഹപ്പിഴ മാറ്റാൻ അൻപതു കോടി രൂപ വീതം കൊടുത്ത് രണ്ട് എംഎൽഎമാരെ വാങ്ങുന്ന പരിഹാരക്രിയവരെ ആലോചിച്ചതാണ്.
കല്യാണവും വീടുകെട്ടലും ഒക്കെ സമയം ഒത്തുവന്നാലേ നടക്കൂ എന്ന് കുടുംബങ്ങളിലെ കാരണവന്മാർ പണ്ടേ ആശ്വസിപ്പിക്കാറുണ്ട്. മന്ത്രിയാവാനും അതു വേണം എന്നു തോമസിനു തോന്നിത്തുടങ്ങിയത് പക്വത കൂടിവരുന്നതിന്റെ ലക്ഷണമാണ്. ‘എനിക്കിപ്പോ മന്ത്രിയാവണം’ എന്ന എടുത്തുചാട്ടവും ഒറ്റക്കാലിൽ നിൽപുമായിരുന്നു അടുത്തകാലംവരെ. പൊടിക്ക് അടങ്ങാൻ അൽപം സമയമെടുത്തു എന്നു മാത്രം.
‘ഒരു ചാക്ക് ബുദ്ധിയും അതിനുള്ളിൽ ഒന്നരച്ചാക്ക് വക്രബുദ്ധിയും’ എന്നാണ് പി.സി.ചാക്കോയ്ക്കു കൂട്ടുകാർതന്നെ കൊടുക്കുന്ന ഗുഡ് സർവീസ് എൻട്രി എന്നു കേട്ടിട്ടുണ്ട്. എന്നിട്ടും എ.കെ.ശശീന്ദ്രനെ മാറ്റി പകരം തോമസിനെ മന്ത്രിയാക്കണമെന്നു പിണറായിയോടു ശുപാർശ ചെയ്യാൻ പ്രകാശ് കാരാട്ടാണ് പറ്റിയ ആൾ എന്ന ബുദ്ധിമോശം ചാക്കോയ്ക്കു തോന്നിപ്പോയതിലാണ് അദ്ഭുതം. ‘എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും’ എന്ന കോൺഗ്രസ് ഹാങ് ഓവർ വിട്ടുമാറാത്തതാവാനേ വഴിയുള്ളൂ. സിപിഎമ്മിൽ പിണറായി വിജയൻ എന്ന ഒറ്റ കമാൻഡേയുള്ളൂ. അതു നേരത്തേ തിരിച്ചറിഞ്ഞതാണ് ശശീന്ദ്രന്റെ ബലം. അതു മനസ്സിലാക്കാൻ വൈകുന്നതു ചാക്കോയ്ക്കു ഗതികേടാണ്.
പാർട്ടി തീരുമാനിച്ചിട്ടും മന്ത്രിയെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ എൻസിപിയുടെ അധ്യക്ഷസ്‌ഥാനം രാജിവയ്ക്കുമെന്നു പി.സി.ചാക്കോ പറഞ്ഞതായി കേട്ടു. മന്ത്രിമാറ്റം പോലെ കൊക്കിലൊതുക്കാൻ പറ്റാത്തവ വിട്ട് തനിക്കുതന്നെ നടപ്പാക്കാൻ പറ്റിയ ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നത് ആരോഗ്യകരമായ മാറ്റമാണ്. എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റായ പി.സി.ചാക്കോ സംസ്‌ഥാന പ്രസിഡന്റായ പി.സി.ചാക്കോയോടു രാജി ആവശ്യപ്പെടുന്നു. സംസ്‌ഥാന പ്രസിഡന്റ് ഉടൻ അനുസരിക്കുന്നു. ദേശീയ വർക്കിങ് പ്രസിഡന്റ് രാജി അംഗീകരിക്കുന്നു. പാർട്ടിയിൽ സമ്പൂർണ അച്ചടക്കം ഉണ്ടെന്നു സ്ഥാപിക്കാൻ രണ്ടാമതൊരാളോടു ചോദിക്കേണ്ടതില്ല എന്നിടത്താണ് ചാക്കോയുടെ കൂർമബുദ്ധി. തന്നെ മന്ത്രിയാക്കാൻ പറ്റുന്നില്ലെങ്കിൽപ്പിന്നെ ചാക്കോ കേരളത്തിലെ എൻസിപിയിൽതന്നെ വേണമെന്നു തോമസ് കെ.തോമസിനുണ്ടോ വല്ല വാശിയും? കുളിരുമ്പോൾ കിട്ടാത്ത കമ്പിളി അലമാരയിൽ ഇരുന്നിട്ട് എന്തുകാര്യം?
ഒന്നോർത്താൽ തോമസിന്റെ കാര്യം കഷ്‌ടമാണ്. പിണറായി വിജയനെ സ്‌തുതിക്കാൻ മാത്രമാണ് കക്ഷി നിയമസഭയിൽ കുറെക്കാലമായി എഴുന്നേൽക്കാറുള്ളതുതന്നെ. എന്നെങ്കിലും മുഖ്യൻ കനിയും, തന്നെ മന്ത്രിയാക്കും എന്നു കരുതിയിട്ടാണ്. എന്നിട്ടും പിണറായിക്കുണ്ടോ വല്ല അയവും. ശശീന്ദ്രനെ കാണുമ്പോഴോ, അടയും ചക്കരയും മട്ട് കൂടിക്കൂടിവരികയും ചെയ്യുന്നു.
തോമസിൽ പിണറായിക്കാണോ ശശീന്ദ്രനിൽ തോമസിനാണോ ചാക്കോയിൽ ശശീന്ദ്രനാണോ കൂടുതൽ അവിശ്വാസം എന്നു ചോദിച്ചാൽ തീർച്ചയില്ല. ശശീന്ദ്രനു ചാക്കോയോടാണോ തോമസിനോടാണോ കൂടുതൽ അവിശ്വാസം എന്നതിലുമില്ല തീരുമാനം.
പിണറായിക്കു ശശീന്ദ്രനിലും തിരിച്ചും ഒഴികെ മറ്റൊരിടത്തും വിശ്വാസമില്ല എന്നു പറയുന്നതാവും എളുപ്പം. തന്നെ മന്ത്രിയാക്കാനുള്ള ചാക്കോയുടെ ശേഷിയിൽ തോമസിനും വിശ്വാസം കുറഞ്ഞു തുടങ്ങിയ സ്‌ഥിതിക്ക് ഇനിയും വഷളാകും മുൻപു പാട്ടുനിർത്തുന്നതാവും നന്ന്. രണ്ട് എംഎൽഎമാരും അതിലൊരു ഒരു മന്ത്രിയും എന്നതാണ് നിലവിൽ എൻസിപിയുടെ സമ്പാദ്യം. പാർട്ടിയില്ലാത്ത മന്ത്രി, മന്ത്രിയില്ലാത്ത പാർട്ടി എന്നിങ്ങനെ രണ്ടു കഷണമാക്കാൻ പിണറായിക്ക് അധികനേരം വേണ്ട. വാശിക്ക് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കരുത്.
പണം ഭദ്രം, ആരുടെ കയ്യിൽ?
‘ഇനി ആർക്കും ഈ അവസ്‌ഥ വരരുത്. എന്റെ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം നിക്ഷേപിച്ച സൊസൈറ്റിയിൽ ഭാര്യയുടെ ചികിത്സയ്ക്കായി ചോദിച്ചുചെന്ന എന്നെ അപമാനിക്കുകയും അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്‌തു. എന്റെ മരണത്തിന് ഉത്തരവാദി ഇവരൊക്കെയാണ്’’. സിപിഎം ഭരിക്കുന്ന ഇടുക്കി കട്ടപ്പന റൂറൽ സൊസൈറ്റിയിൽ കുടുംബസ്വത്ത് വിറ്റ് നിക്ഷേപിച്ച പണം ഭാര്യയുടെ ചികിത്സയ്ക്കു ചോദിച്ചിട്ട് കിട്ടാതെ കഴിഞ്ഞദിവസം ജീവനൊടുക്കിയ സാബു തോമസിന്റെ ആത്മഹത്യക്കുറിപ്പാണിത്.
ഇതിനു ദിവസങ്ങൾ മാത്രം മുൻപ് ആലപ്പുഴയിൽ മുപ്പത്തടം സഹകരണ ബാങ്ക് 15 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾകൂടി കേൾക്കുക. ‘‘സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിൽ ഒരു ചില്ലിക്കാശുപോലും നഷ്‌ടമാവില്ല. സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. നിക്ഷേപം എത്രയായാലും ഭദ്രമായിരിക്കും. ഒരാശങ്കയും വേണ്ട. നിക്ഷേപം ആകർഷിക്കുന്നതാണ് സഹകരണ സംഘങ്ങളുടെ പ്രവർത്തനം.’’
നിക്ഷേപം ഭദ്രമാണെന്നതും അതിനു സർക്കാരിന്റെ ഒത്താശയുണ്ടെന്നതും നൂറു ശതമാനം സത്യം. പക്ഷേ, അത് ആരുടെ കയ്യിലാണ് എന്നതാണ് പ്രശ്നം. കോടികൾ കയ്യടക്കിയ പാർട്ടിനേതാക്കൾ വലിയ കാറുകളിൽ ഒരല്ലലുമില്ലാതെ സർക്കാരിന്റെ ഉറപ്പിൽ സഞ്ചരിക്കുന്നുണ്ട്. ജീവിതകാലത്തിന്റെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട ആയിരങ്ങൾ കണ്ണീരും കയ്യുമായി നാട്ടിൽ അലയുന്നുണ്ട്.
ക്ഷേമ പെൻഷൻ ഔദാര്യമാണ്, അവകാശമല്ലെന്നു കോടതിയിൽ വാദിച്ച സർക്കാരാണ്. നിക്ഷേപിക്കാനേ അവകാശമുള്ളൂ, തിരിച്ചെടുക്കാൻ ഇല്ല എന്നു ഭാവിയിൽ തോന്നിപ്പോവില്ലെന്ന് ആരു കണ്ടു. തൃശൂർ കരുവന്നൂർ ബാങ്കിൽ തുടങ്ങിയതാണ് ആത്മഹത്യയുടെയും ചികിത്സ നിലച്ചവരുടെയും മരണത്തിന്റെ ഈ സഹകരണ ഘോഷയാത്ര. പിന്നീട് എത്രയെത്രയിടങ്ങളിൽ എന്ന് എത്തും പിടിയുമില്ല.
‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്’ എന്നാണ് പണ്ട് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. അതു പുരോഗമിച്ച് ഓരോ ജീവിതവും ഇങ്ങനെ പൊലീസ് സ്‌റ്റേഷനിലും കോടതികളിലുമായി ഓരോ ഫയൽ ആയി ഒടുങ്ങുകയാണ്. സർക്കാർ കുറ്റകരമായ മൗനം തുടരുന്നു. മൗനത്തിന്റെ ശമ്പളം മരണമെന്നു കേട്ടിട്ടുള്ളത് എത്ര ശരി.
കിട്ടിയാൽ പാർട്ടി, ഇല്ലെങ്കിൽ ബിനോയ്
നടക്കുന്ന കാര്യങ്ങളേ പറയാവൂ എന്നോ പറയുന്ന കാര്യങ്ങൾ നടത്തിച്ചെടുക്കും എന്നോ വാശിയുള്ള ആളല്ല സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതുകൊണ്ടാണ് സിപിഎമ്മിന്റെ മുന്നിലും മുന്നണിയിലും വീണ്ടും ഓരോന്ന് ആവശ്യപ്പെടാൻ ബിനോയിക്കു മടിയില്ലാത്തത്. നാണക്കേട് ശീലമായിപ്പോയതാണെന്നു വിരോധികൾ കരുതും. അങ്ങനെയല്ല. ക്ഷമയുടെ നെല്ലിപ്പലകയിൽ എന്നും ഉറങ്ങുന്നതുകൊണ്ടാണ്.
പൂരം കലക്കലിനും സിപിഐ സ്‌ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തൃശൂരിലെ തോൽവിക്കും കാരണക്കാരനായ, ആർഎസ് എസ് ബന്ധം ആരോപിക്കപ്പെടുന്ന എഡിജിപി എം.ആർ.അജിത്കുമാറിനെ മാറ്റിയേ തീരൂ എന്നായിരുന്നു രണ്ടു മാസം മുൻപു ബിനോയിയുടെ അന്ത്യശാസനം. ആർഎസ്എസ് നേതാക്കളെ കാണുന്ന ഉദ്യോഗസ്‌ഥൻ എഡിജിപിയായി ഇടതുസർക്കാരിന്റെ ഭരണകാലത്ത് തുടരാൻ പറ്റില്ല എന്ന് കക്ഷി തീർത്തു പറഞ്ഞുകളഞ്ഞു.
പിണറായി കൃത്യമായി അനുസരിച്ചു. എഡിജിപിയെ മാറ്റി ഡിജിപി ആക്കി. നടപടി സാങ്കേതികമായി ശരിയാണെന്നു ബിനോയ്ക്കു ബോധ്യപ്പെടുകയും ചെയ്തു. മുന്നണിയിൽ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷമേ സീപ്ലെയ്ൻ നടപ്പാക്കാവൂ എന്ന് മറ്റൊരു അന്ത്യശാസനം അതിനു മുൻപേ ബിനോയ് കൊടുത്തിട്ടുണ്ട്. അതിൽ അജിത്കുമാറിന്റെ കാര്യത്തിലെന്നപോലെ ‘സാങ്കേതികമായി ശരി’ വൈകാൻ ഇടയില്ല.
സിപിഐ സംസ്ഥാന ഓഫിസായ തൈക്കാട് എംഎൻ സ്‌മാരകത്തിന്റെ നവീകരണം പൂർത്തിയായിട്ടുണ്ട്. ഉദ്ഘാടനം ഈയാഴ്ച നടക്കും. കോൺഫറൻസ് ഹാളും ലിഫ്റ്റുമൊക്കെയുണ്ട്. ഇടതു മുന്നണി യോഗം സിപിഎമ്മിന്റെ സംസ്‌ഥാന ഓഫിസായ എകെജി സെന്റർ എന്ന കൊട്ടാരത്തിലേ ചേരൂ എന്ന ജന്മിയുടെ മേൽക്കോയ്മ ഇനിയും അംഗീകരിക്കേണ്ടതില്ല. ഇടയ്ക്കു സിപിഐയുടെ കുടിലിലേക്കും ഇറങ്ങിയാൽ ആകാശം ഇടിഞ്ഞു വീഴില്ല. ക്രിസ്‌മസ് കാലമാണ്. വിപ്ലവത്തിന്റെ നക്ഷത്രം വഴി കാട്ടട്ടെ.
സ്‌റ്റോപ് പ്രസ്
എല്ലാവരും എന്തിനാണ് കാറിൽ പോകുന്നത്, നടന്നുപോയാൽ റോഡിലെ തിരക്കു കുറയില്ലേ എന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരിഹാസം.
പ്രായമല്ല, വകതിരിവാണ് പാർട്ടി ഭാരവാഹിത്വത്തിനു നിബന്ധനയാക്കേണ്ടത് എന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടതു വെറുതേയല്ല.