പങ്കജ് ഉധാസ് ഇനി ഗസലോർമ; അർബുദത്തിനു ചികിത്സയിലിരിക്കെ മരണം
Mail This Article
മുംബൈ ∙ മെലഡികൾക്കൊണ്ട് ദശലക്ഷക്കണക്കിന് ആസ്വാദകരുടെ ഹൃദയംതൊട്ട വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. അർബുദബാധിതനായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണു മരണം. സംസ്കാരം ഇന്ന്. ഭാര്യ: ഫരീദ. 2 പെൺമക്കൾ: രേവ, നയാബ്.
1980 ലാണു പങ്കജ് ഉധാസ് ആദ്യ ഗസൽ ആൽബമായ ആഹത് പുറത്തിറക്കിയത്. 4 ദശാബ്ദക്കാലം അറുപതിലേറെ ആൽബങ്ങൾ ചെയ്തു. ‘നാം’ എന്ന ചിത്രത്തിലെ (1986) ‘ചിഠി ആയി ഹേ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണു ബോളിവുഡിൽ ശ്രദ്ധപിടിച്ചുപറ്റിയത്. എൺപതുകളിലും തൊണ്ണൂറുകളിലുമായി ഒട്ടേറെ ബോളിവുഡ് മെലഡികളുടെ സ്വരമായെങ്കിലും ഗസലുകളോടായിരുന്നു പങ്കജിനു പ്രണയം.
1951 മേയ് 17നു ഗുജറാത്തിലെ രാജ്കോട്ടിനടുത്തുള്ള ജേത്പുരിലാണ് ജനനം. അച്ഛൻ കേശുഭായ് ഉധാസ് ദിൽരുബ എന്ന തന്ത്രി വാദകനായിരുന്നു. ജ്യേഷ്ഠന്മാരായ മൻഹർ ഉധാസും നിർമൽ ഉധാസും അറിയപ്പെടുന്ന ഗായകരായി.
രാജ്‌കോട്ടിലെ സംഗീത നാട്യ അക്കാദമിയിൽ തബല പഠിക്കാൻ തുടങ്ങിയ പങ്കജ് ഉധാസ് പിന്നീട് ഹിന്ദുസ്ഥാനി സംഗീതത്തോട് അടുത്തു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ പഠിക്കാനെത്തിയതോടെയാണ് സംഗീതജീവിതം മാറിയത്. ഗസലുമായി ലോകമെങ്ങും സഞ്ചരിച്ച് ആരാധകരെ നേടി.
ചാന്ദീ ജെയ്സ രംഗ് ഹേ തേരാ, നാ കാജ്‌രെ കി ധാർ, ആജ് ജിൻകെ കരീബ് ഹോത്തേ ഹേ, ഏക് തരഫ് ഉസ്കാ ഖർ, തോടി തോടി പിയാ കരോ, തൂ പാസ് ഹൈ, സച് ബോൽതാഹും മേം... ഇവയൊക്കെ ഹിറ്റുകളാണ്.
പങ്കജ് ഉധാസിന്റെ കച്ചേരിയിൽ കേൾവിക്കാർക്ക് ഇരിപ്പിടം കാണിച്ചുകൊടുക്കുന്ന ജോലി ചെയ്താണ് താൻ ആദ്യമായി പണം സമ്പാദിച്ചതെന്നും താജ്മഹൽ കാണാൻ ആഗ്രയിലേക്ക് പോയത് ആ 50 രൂപ ഉപയോഗിച്ചാണെന്നും ഷാറുഖ് ഖാൻ പറഞ്ഞിട്ടുണ്ട്. ‘മനോരമ’ മലപ്പുറം യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2002 ഫെബ്രുവരി 25ന് പങ്കജ് ഉധാസ് മലപ്പുറം എംഎസ്പി മൈതാനത്ത് ഗസൽ അവതരിപ്പിച്ചിരുന്നു.
2001ൽ പങ്കജ് തുടങ്ങിയ ഖസാന ഗസൽ ഫെസ്റ്റിവലിലൂടെ അർബുദരോഗികൾ ക്ക് 8 കോടി രൂപയോളം സഹായമെത്തിച്ചു. 2006ൽ പത്മശ്രീ ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു.