ഐഎസ് ബന്ധം: ഐഐടി വിദ്യാർഥി അറസ്റ്റിൽ
Mail This Article
ഗുവാഹത്തി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിൽ ചേരാനായി ഇറങ്ങിത്തിരിച്ച ഐഐടി ഗുവാഹത്തിയിലെ വിദ്യാർഥിയെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ ഹജോ പ്രദേശത്തുനിന്നാണ് ഡൽഹിയിൽ സ്വദേശിയായ തസീഫ് അലി ഫാറൂഖി പിടിയിലായത്. ബിടെക് 4–ാം വർഷ വിദ്യാർഥിയാണ്.
സംഘടനയിൽ ചേരാൻ പോവുകയാണെന്ന വിദ്യാർഥിയുടെ ഇമെയിൽ സന്ദേശത്തെതുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നും ഐഎസുമായുള്ള ബന്ധം തെളിഞ്ഞതിനുശേഷമാണ് അറസ്റ്റ് ചെയ്തതെന്നും പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) അറിയിച്ചു. വിദ്യാർഥിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഗുവാഹത്തി ഐഐടിയിലെ 2 വിദ്യാർഥികൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ചിരംഗിൽവച്ച് അറിയിച്ചിരുന്നു. ഐഎസിന്റെ ഇന്ത്യയിലെ തലവനായ ഹാരിസ് ഫാറൂഖി എന്ന ഹാരിഷ് അജ്മൽ ഫാറൂഖിയെയും കൂട്ടാളിയെയും അസമിലെ ധുബ്രിയിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ച് 4 ദിവസത്തിനുശേഷമാണ് പുതിയ സംഭവം.